സ്വന്തം ലേഖകന്‍: അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ അസമിലെ പത്തൊമ്പത് ലക്ഷം പേര്‍ ആശങ്കയിലാണ്. അതേസമയം ഇവര്‍ക്കായി കൂടുതല്‍ തടങ്കല്‍ പാളയങ്ങള്‍ പണിയാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍ . കണക്കില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും അസം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അന്തിമ ദേശീയ പൗരത്വ പട്ടികയിലെ കണക്കില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് അസം സര്‍ക്കാരിന്റെ കണക്കൂകൂട്ടല്‍. നിലവില്‍ പട്ടികയില്‍ പലരും അനധികൃതമായി കടന്നുകൂടിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അസം സര്‍ക്കാര്‍. മുസ്ലിംകള്‍ ഭൂരിപക്ഷമായ അതിര്‍ത്തി ജില്ലകളില്‍ 20 ശതമാനം പേരെയും മറ്റ് ജില്ലകളില്‍ പത്ത് ശതമാനം പേരെയും പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്കുമെന്ന് അസം ആരോഗ്യ ധനകാര്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.
ഇതിന് പുറമെ നിലവില്‍ പട്ടികയില്‍ നിന്ന് പുറത്തായ പത്തൊമ്പത് ലക്ഷത്തിലധികം പേര്‍ക്കായി കൂടുതല്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിനൊരുങ്ങുകയാണ് അസം സര്‍ക്കാര്‍. സര്‍ക്കാര്‍ കണക്കനുസരിച്ച് നാല്പത്തിയാറ് കോടി രൂപ ചെലവിട്ട് ജര്‍മന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന് സാദൃശ്യമുള്ള തടങ്കല്‍ പാളയത്തിന്റെ നിര്‍മ്മാണം ഗോല്പാറയില്‍ പുരോഗമിക്കുകയാണ്. 3000 പേരെ ഉള്‍ക്കാള്ളുന്ന സമാനമായ 9 ക്യാമ്പുകള്‍ നിര്‍മ്മിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിലുള്ള ആറ് ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ക്ക് പുറമെയാണിത്.
അതേസമയം പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ കടുത്ത ആശങ്കയിലാണ്. പൗരത്വം നഷ്ടപ്പെടുമെന്ന ഭീതിയില്‍ പലരും ഇതിനകം ആത്മഹത്യ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ രണ്ടാമത്തെ പ്രബല പ്രതിപക്ഷ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിലെ (എയുഡിഎഫ്) അനന്ത കുമാര്‍ മാലോ എംഎല്‍എയും പൗരത്വ പട്ടിയില്‍നിന്ന് പുറത്തായി.
ദേശീയ പൗരത്വ പട്ടിക സംബന്ധിച്ച വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. എന്‍ആര്‍സി (പൗരത്വ പട്ടിക) മുസ്ലീങ്ങളെ ലക്ഷ്യംവച്ചുള്ള നടപടിയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇമ്രാന്‍ ഖാന്‍ ഉന്നയിച്ചിരിക്കുന്നത്. മുസ്ലീങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള നീക്കങ്ങളാണ് ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ നടക്കുന്നത്. ലോകത്തിനു മുഴുവന്‍ ഇത് ഒരു മുന്നറിയിപ്പാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ നേരത്തെ ഇന്ത്യക്കെതിരെ രൂക്ഷ പ്രതികരണങ്ങളാണ് ഇമ്രാന്‍ ഖാന്‍ നടത്തിയത്. അതിനു പിന്നാലെയാണ് എന്‍ആര്‍സി പട്ടികയുമായി ബന്ധപ്പെട്ട പുതിയ വിമര്‍ശനം. ജമ്മു കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തെ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നടപടിയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കശ്മീരിലെ ജനങ്ങള്‍ക്കായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല