സ്വന്തം ലേഖകന്‍: ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന ഏട്ട് പ്രവാസി ഭര്‍ത്താക്കന്മാരുടെ പാസ്‌പോര്‍ട്ട് അസാധുവാക്കി. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിന്റെ ഭാഗമായി ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചതായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം വ്യക്തമാക്കി.
ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ചു പോകുന്ന ഇത്തരക്കാരെ കുറിച്ച് കഴിഞ്ഞ രണ്ടു മാസത്തിനിടെ എണ്‍പതോളം പരാതികളാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചത്. പരാതികളുടെ ഗൗരവം കണക്കിലെടുത്താണ് ആദ്യഘട്ടത്തില്‍ എട്ടുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചുപേരുടെ പാസ്‌പോര്‍ട്ടുകള്‍ കഴിഞ്ഞമാസം തന്നെ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.
ദേശീയ വനിതാ കമ്മീഷന്‍ പരിശോധനയ്ക്ക് വിധേയമാക്കിയ പരാതികളില്‍ വനിതാ ശിശുവികസന മന്ത്രാലയ സെക്രട്ടറി നേതൃത്വം നല്‍കുന്ന സമിതിയാണ് പാസ്‌പോര്‍ട്ട് അസാധുവാക്കുന്നത് അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് സമിതി. കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ക്രിമിനല്‍ കേസുകളില്‍പ്പെടുകയും അറസ്റ്റും കോടതിയില്‍ ഹാജരാകുന്നതും ഒഴിവാക്കുന്നതിനുവേണ്ടി വിദേശത്ത് കഴിയുകയും ചെയ്യുന്ന പ്രവാസികള്‍ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുളളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല