സ്വന്തം ലേഖകന്‍: ചെങ്ങന്നൂരില്‍ പ്രവാസിയെ വെടിവച്ചു കൊന്ന് മൃതദേഹം തീയിട്ട മകന്‍ പിടിയില്‍. അമേരിക്കന്‍ പൗരത്വമുള്ള ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെയാണ്(68) മകന്‍ ഷെറിന്‍ ജോണ്‍(36) കൊലപ്പെടുത്തിയത്. മൃതദേഹം കത്തിച്ചശേഷം അവശിഷ്ടം പമ്പയില്‍ ഒഴുക്കിയെന്ന് ഷെറിന്‍ സമ്മതിച്ചതായി ചെങ്ങന്നൂര്‍ പൊലീസ് പറഞ്ഞു. സ്വത്തുതര്‍ക്കമാണ് കൊലക്കുകാരണം എന്നാണ് കരുതുന്നത്. കോട്ടയത്തെ ലോഡ്ജില്‍നിന്നാണ് ഷെറിനെ പിടികൂടിയത്. വെടിവെച്ച തോക്ക് പൊലീസ് കണ്ടെടുത്തു.
മേയ് 25 മുതല്‍ ഭര്‍ത്താവിനെയും മകനെയും കാണാനില്ലെന്ന് കാണിച്ച് ജോയി ജോണിന്റെ ഭാര്യ മറിയാമ്മ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവര്‍ സഞ്ചരിച്ച ആഡംബര കാറും കാണാതായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇതാണ്, മേയ് 25 ന് പുലര്‍ച്ചെ കാറിന്റെ എ.സി ശരിയാക്കാന്‍ ജോയി ജോണും മകന്‍ ഷെറിന്‍ ജോണും വീട്ടില്‍നിന്ന് തിരുവനന്തപുരത്തേക്കു പോയി.
ഉച്ചക്ക് 12.30ന് ഇവര്‍ ഷോറൂമില്‍നിന്ന് വീട്ടിലേക്ക് മടങ്ങി. വൈകുന്നേരം 4.30ന് ഭാര്യ മറിയാമ്മ ജോയി ജോണിനെ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ ചെങ്ങന്നൂരിന് സമീപം മുളക്കുഴയില്‍ എത്തിയതായി പറഞ്ഞു. എന്നാല്‍, രാത്രി ഒമ്പതായിട്ടും ഇരുവരും വീട്ടിലത്തെിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഇളയ മകന്‍ ഡോ. ഡേവിഡും സുഹൃത്തും അവര്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
26ന് രാവിലെ 8.30ന് ഷെറിന്‍ ജോണ്‍ മറിയാമ്മയെ ഫോണില്‍ വിളിച്ച് പിതാവുമായി വഴക്കിട്ടതായും അബദ്ധം പറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്നാണ് മറിയാമ്മ പൊലീസില്‍ പരാതി നല്‍കിയത്.
ഷെറിന്‍ ജോണിന്റെ മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ പരിശോധിച്ചപ്പോള്‍ 26 ന് തിരുവല്ലയില്‍ ഉണ്ടായിരുന്നതായി കണ്ടത്തെി. ഇവിടെ ‘ക്‌ളബ് സെവനി’ല്‍ രാത്രി 8.30 വരെ ഷെറിന്‍ ചെലവഴിച്ച ദൃശ്യങ്ങള്‍ സി.സി ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം പൊലീസ് നഗരമധ്യത്തിലെ ഇവരുടെ ബഹുനിലക്കെട്ടിടത്തിന്റെ ഗോഡൗണിലെ പാര്‍ക്കിങ് ഏരിയയിലും പരിശോധന നടത്തി. ഗോഡൗണിന്റെ ഒരു ഭാഗത്ത് ഭിത്തിയില്‍ രക്തം ചീറ്റിത്തെറിച്ചനിലയിലും തുണികള്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചും മാംസം കത്തിയനിലയിലും കണ്ടത്തെി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല