കണ്ണൂര്‍:കേരളത്തെ പച്ചപുതപ്പിക്കാന്‍ പ്രവാസിക്കൂട്ടായ്മ വരുന്നു വിദേശ മലയാളികളുടെ കൂട്ടായ്മയായ അഗ്രോണമി ഫാംസ് സംസ്ഥാനത്താകെ സമഗ്ര കാര്‍ഷികപദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുന്നു. സര്‍ക്കാരിന്റെ ‘എമര്‍ജിങ് കേരള’യിലാണ് പദ്ധതിയുടെ രൂപരേഖ സമര്‍പ്പിച്ചത്. മൃഗസംരക്ഷണം, കൃഷി, തേനീച്ചവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, മത്സ്യകൃഷി, മാംസ സംസ്‌കരണം, നവീകരിച്ച അറവുശാല, ഡയറി ഫാമിങ് എന്നീ മേഖലയില്‍ സ്വകാര്യസര്‍ക്കാര്‍ കൂട്ടായ്മയാണ് അഗ്രോണമി ലക്ഷ്യമിടുന്നത്. ഈ മേഖലയില്‍ മൊത്തം 1473.24 കോടി രൂപ മുതല്‍മുടക്കും. ആധുനിക സങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളാണ് മുഖ്യം. 61,675 പേര്‍ക്ക് നേരിട്ടും 60,815 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കുടംബശ്രീ, സ്വയംസഹായ സംഘങ്ങള്‍, കര്‍ഷകര്‍, മാംസമേഖലയില്‍ ജോലിചെയ്യുന്നവര്‍, ആദിവാസി കൂട്ടായ്മകള്‍ എന്നിവരെയൊക്കെ ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്. കണ്ണൂര്‍, പാലക്കാട്, കോട്ടയം, ആലപ്പുഴ എന്നീ നാല് മേഖലകളാക്കി തിരിച്ചാണ് സംസ്ഥാനത്തെ പ്രവര്‍ത്തനം. ‘ഹാരോള്‍’ എന്ന പേരില്‍ പാലും പച്ചക്കറികളും ‘ലിസാന്‍’ എന്ന പേരില്‍ മുട്ടയും ഇറച്ചിയും വിപണിയിലെത്തിക്കും. ഇത് അന്താരാഷ്ട്ര ബ്രാന്‍ഡാണ്. കോഴി വളര്‍ത്തലുമായി ബന്ധപ്പെട്ട് നാല് മേഖലകളിലും കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന പാരന്റ്‌സ് സ്‌റ്റോക്ക് ഫാം തുടങ്ങും.
ഇതിനുപുറമെ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ മാംസ സംസ്‌കരണശാലകളും ഹൈടെക് അറവുശാലകളും സ്ഥാപിക്കും. ദിവസവും 200 പശു, 200 ആട്, 100 മുയല്‍ എന്നിവയെ അറവുനടത്താന്‍ കഴിയുന്ന കേന്ദ്രമായിരിക്കും ഓരോന്നും. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ മുട്ടക്കോഴി ഫാം തുടങ്ങും. ദിവസവും ഒരു ലക്ഷം മുട്ടക്കോഴികളെ ഉത്പാദിപ്പിക്കുന്നതാകും ഓരോ ഫാമും. 20000 കോഴിക്കുഞ്ഞുങ്ങളെ ഒറ്റയടിക്ക് വിരിയിക്കാവുന്ന ഓട്ടോമാറ്റിക്ക് യന്ത്രമാണ് ഇവിടെ ഉപയോഗിക്കുക. 116 കോടി ചെലവുവരുന്ന ഈ യന്ത്രം ഉപയോഗിക്കാന്‍ ഒരു ജോലിക്കാരന്‍ മാത്രം മതി. കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ 100 കോടി ചെലവില്‍ 1000 ടണ്‍ കോഴിത്തീറ്റ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയും ജൈവവള നിര്‍മാണ യൂണിറ്റും അനുബന്ധമായി സ്ഥാപിക്കും. ടര്‍ക്കി, എമു, കാട, താറാവ്, അലങ്കാര പക്ഷി എന്നിവ വളര്‍ത്തുന്നതിനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്.
ആറളത്ത് 188 ഏക്കര്‍ കമ്പനി വാങ്ങിയിട്ടുണ്ട്. പശു ഫാമാണ് ഇവിടെ പ്രധാനമായും ഒരുക്കുന്നത്. തീറ്റപ്പുല്‍ കൃഷി, ജൈവവൈവിധ്യ പാര്‍ക്ക്, തേനീച്ച പാര്‍ക്ക് എന്നിവയും ഇവിടെ തുടങ്ങും. 12 ഇനം തേനീച്ചകളുടെ കോളനികളാണ് തേനീച്ച പാര്‍ക്കിലുണ്ടാവുക. എല്ലാ ജില്ലകളിലും തേനീച്ച വളര്‍ത്തുന്ന പദ്ധതിയുമുണ്ട്. ഒരു വര്‍ഷം പത്തു ലക്ഷം കിലോ തേന്‍ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. തേന്‍ ഉത്പാദിപ്പിക്കാനുതകുന്ന 120 മരങ്ങളും പാര്‍ക്കില്‍ വളര്‍ത്തും. 15 ഇനം പശു, 20 ഇനം ആട്, 10 ഇനം എരുമ, 10 ഇനം കോഴി, രണ്ടുതരം ഒട്ടകം, രണ്ട് വിഭാഗം കുതിര എന്നിവയാണ് ജൈവവൈവിധ്യ പാര്‍ക്കില്‍ വളര്‍ത്തുക. ആറളത്ത് പരിശീലനവും ഗവേഷണവും സാധ്യമാകുന്ന ഒരു ഇന്‍സ്റ്റിറ്റിയൂട്ടും ലക്ഷ്യമിടുന്നു.
എല്ലാ ജില്ലകളിലും പച്ചക്കറിക്കുള്ള കോള്‍ഡ് സ്‌റ്റോറേജ്, നാല് റീജണുകളിലും നഴ്‌സറി എന്നിവ നിര്‍മിക്കും. കണ്ണൂരിലും വയനാട്ടിലും അലങ്കാര മത്സ്യകൃഷിക്കുള്ള യൂണിറ്റുകള്‍, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ മത്സ്യകുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനുള്ള സംവിധാനം എന്നിവ ഒരുക്കും. പരിസ്ഥിതിക്കിണങ്ങിയ ഇത്രയും വിപുലമായ പദ്ധതി കേരളത്തില്‍ ആദ്യമാണെന്നാണ് അഗ്രോണമി ഫാംസിന്റെ അവകാശവാദം. മൃഗസംരക്ഷണ വകുപ്പിലെ അസി. പ്രോജക്ട് ഓഫീസര്‍ ഡോ. ടി.വി.മോഹനനാണ് അഗ്രോണമിയുടെ സാങ്കേതിക ഉപദേഷ്ടാവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല