പുതിയ സിനിമകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച പ്രവാസി മലയാളിക്കെതിരെ കേസ്. ബ്രിട്ടണിലെ ലിവര്‍പൂളില്‍ താമസിക്കുന്ന മലയാളി യുവാവിനെതിരെയാണ് ബ്രിട്ടീഷ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രിയദര്‍ശന്‍ ചിത്രമായ അറബീം ഒട്ടകവും പി മാധവന്‍നായരും എന്ന സിനിമയുടെ അമേരിക്കയിലെയും കാനഡയിലെയും വിതരണക്കാരായ ഒമേഗ ഇന്റര്‍നാഷണല്‍ നല്‍കിയ കേസിലാണ് അന്വേഷണം നടക്കുന്നത്.
യുവാവിന്റെ താമസസ്ഥലം റെയ്‌ഡ് ചെയ്‌ത മെഴ്‌സിസൈഡ് പൊലീസ് ലാപ്‌ടോപ്പ്, മെമ്മറി കാര്‍ഡ്, ഹാര്‍ഡ് ഡിസ്‌ക്ക് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ അഞ്ചോളം ചിത്രങ്ങളുടെ വ്യാജ സിഡികള്‍ റെയ്‌ഡില്‍ കണ്ടെടുത്തതായാണ് വിവരം. ഗൂഗിളിന്റെ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബിലാണ് ഇയാള്‍ സിനിമകള്‍ അപ്‌ലോഡ് ചെയ്‌തത്. അന്വേഷണ സംഘത്തിന് ഗൂഗിള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനെ കണ്ടെത്താന്‍ സാധിച്ചത്. ബ്രിട്ടണിലെ കേസിന് പുറമെ കേരള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒമേഗ ഇന്റര്‍നാഷണല്‍ അധികൃതര്‍ കേരളത്തിലെ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇംഗ്‌ളണ്ടില്‍ വെച്ച് സിനിമ അപ്‌ലോഡ് ചെയ്‌തതിനാല്‍ കേരള പൊലീസിന് കേസെടുക്കാനാകുമോ എന്നൊരു നിയമപ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. അതേസമയം സിനിമ അപ്‌ലോഡ് ചെയ്‌തയാളെക്കുറിച്ചുള്ള അന്വേഷണം കേരള പൊലീസ് നിലവില്‍ അന്വേഷിക്കുന്ന നിരവധി കേസുകള്‍ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യു കെയിലെ ആന്റി പൈറസി ആക്‌ട് അനുസരിച്ചാണ് ബ്രിട്ടീഷ് പൊലീസ് കേസെടുത്തിരിക്കുന്നത്. അറബിയും ഒട്ടകവും പി മാധവന്‍ നായരും, വെനീസിലെ വ്യാപാരി, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളാണ് ലിവര്‍പൂളില്‍ താമസക്കാരനായ പ്രവാസി മലയാളി നെറ്റിലിട്ടത്.
നേരത്തെ പൃഥ്വിരാജ് ചിത്രമായ ഉറുമി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച അമേരിക്കന്‍ മലയാളിയെ പൊലീസ് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ബ്രിട്ടണില്‍ പഠനത്തിനായി പോയി, അവിടെ ജോലിയില്‍ തുടരുന്നയാളെ ഇപ്പോള്‍ കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്. സാധാരണഗതിയില്‍ ചെറു സൈറ്റുകള്‍ രൂപീകരിച്ച് സിനിമകള്‍ അപ്‌ലോഡ് ചെയ്യുകയാണ് ചെയ്‌തുവന്നിരുന്നത്. എന്നാല്‍ ഉറുമി അപ്‌ലോഡ് ചെയ്‌തയാളെ പിടിച്ചതോടെയാണ് സിനിമകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്ന ശൈലി വ്യാപകമായത്. ഇതേത്തുടര്‍ന്നാണ് അന്വേഷണസംഘം ഗൂഗിളിന്റെ സഹായം തേടിയത്. ഇതുവഴി യൂട്യൂബില്‍ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്യുന്നവരെയെല്ലാം പിടികൂടാമെന്ന പ്രതീക്ഷയിലാണ് സൈബര്‍ പൊലീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല