പ്രവാസി മലയാളകളുടെ പ്രശ്നങ്ങള്‍ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ളോബല്‍ എന്‍ആര്‍കെ മീറ്റ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വ്യവസായ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം സംജാതമായിരിക്കുകയാണ്. വിദേശമലയാളികളെ കേരളം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ വിദേശമലയാളികള്‍ക്കു കഴിയും.
2012 ല്‍ നടക്കുന്ന എമര്‍ജിംഗ് കേരളയില്‍ വിദേശമലയാളികള്‍ക്കു മുഖ്യപങ്ക് വഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് ചട്ടലംഘനത്തിന്റെ പേരില്‍ ജയിലുകളില്‍ കഴിയുന്ന മലയാളികളെ മോചിപ്പിച്ചു നാട്ടിലെത്തിക്കുന്നതിനു സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചൊലുത്തും. ഇതിനായി പ്രവാസി മലയാളികളുടെ സഹായം മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇവരെ ജയിലുകളില്‍നിന്നും മോചിപ്പിക്കുന്നതിനു അവിടുത്തെ സര്‍ക്കാരുകള്‍ തയ്യാറാണ്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു വഞ്ചിക്കപ്പെട്ട സ്ത്രീകള്‍ അടക്കമുള്ളവര്‍, ഗുരുതരമായ രോഗം ബാധിച്ചവരും അപകടത്തില്‍പ്പെട്ടവരും വിദേശത്ത് യാതനകള്‍ അനുഭവിക്കുന്നുണ്ട്. ഇവര്‍ക്കു സഹായം നല്കി സ്വദേശത്തെത്തിക്കുന്നതിനു പ്രവാസി മലയാളികളുടെ ഭാഗത്തുനിന്നും ഇടപെടലുകളുണ്ടാവണം. നിയമ സാങ്കേതിക തടസങ്ങള്‍ നീക്കി ഇവരെ തിരികെയെത്തിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും.
കേന്ദ്രത്തില്‍നിന്നും ആവശ്യമായ സഹായം ലഭ്യമാക്കും. ഈ വിഷയത്തില്‍ പ്രവാസി മലയാളികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദേശമലയാളികളുടെ പണം ബാങ്കില്‍ നിക്ഷേപിക്കുന്നില്ലെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ സ്ഥിതി മാറി. പ്രവാസി മലയാളികള്‍ കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാവുന്ന സാഹചര്യമാണുള്ളത്. മുതല്‍ മുടക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരം നല്കാന് കഴിയാത്തതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. കേരളത്തിലെ സാധ്യതകളും അവസരങ്ങളും ലോകത്തിന് തുറന്നുകാണിച്ച് ഗുണകരമായ മാറ്റങ്ങള്‍ പ്രയോജനകരമാക്കാന്‍ പ്രവാസികള്‍ക്ക് ആവശ്യമായ സഹായം സര്‍ക്കാര്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളെയും പ്രവാസി സംഘടനാ പ്രതിനിധികളെയും മടങ്ങിയെത്തിയ പ്രവാസികളെയും പങ്കെടുപ്പിച്ചാണ് ഗ്ളോബല്‍ എന്‍ആര്‍കെ മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിച്ചു. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയ്ക്കു രൂപം നല്കുമ്പോള് വിദേശത്തുനിന്നും മടങ്ങിയെത്തുന്ന മലയാളികളുടെ പുനരധിവാസത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്നു മന്ത്രി പറഞ്ഞു.
വിദേശമലയാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന തരത്തില്‍ ഇന്ത്യന്‍ എംബസി നവീകരിക്കണം. ഇവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു എംബസിയില്‍ മലയാളി ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിനു വിദേശ മലയാളികളില്‍ നിന്നു പ്രതിവര്‍ഷം 49,000 കോടി രൂപയുടെ വരുമാനമുണ്െടന്നു ചടങ്ങില്‍ പങ്കെടുത്ത മന്ത്രി കെ.എം.മാണി പറഞ്ഞു. വിദേശ മലയാളികള്‍ നാട്ടിലേക്കു വ്യാപകമായി മടങ്ങിവരുന്ന സാഹചര്യത്തില്‍ പ്രവാസി മലയാളികളുടെ പുനരധിവാസവും ചര്‍ച്ച ചെയ്യേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ ബാബു, വി.എസ്.ശിവകുമാര്‍, അബ്ദുറഹ്മാന് രണ്ടത്താണി, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് എം.കെ.യൂസഫലി, ഡയറക്ടര്‍ സി. കെ.മേനോന്, സിഇഒ നോയല്‍ തോമസ്, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.മനോജ്കുമാര്‍, മുന്‍മന്ത്രിയും കോണ്‍ഗ്രസ് വക്താവുമായ എം.എം.ഹസന് എന്നിവര്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 9.30ന് കേന്ദ്ര പ്രവാസിമന്ത്രി വയലാര്‍ രവിയുമായും 11 മുതല്‍ 1.30വരെ മുഖ്യമന്ത്രിയുമായും പ്രവാസികള്‍ക്ക് സംവദിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. മീറ്റ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ സമാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല