പ്രവാസി ഇന്ത്യക്കാര്‍ക്ക് അപ്രതീക്ഷിത ആദായത്തിന്റെ ക്രിസ്മസ് സമ്മാനം. ബാങ്കുകള്‍ പ്രവാസി നിക്ഷേപങ്ങള്‍ക്കു പലിശ കുത്തനേക്കൂട്ടി. പ്രതീക്ഷയിലും വളരെ കൂടിയ നിരക്കാണു ബാങ്കുകള്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. പ്രവാസി നക്ഷേപങ്ങള്‍ക്കുനേരെത്തെ ഉണ്ടായിരുന്ന പലിശനിയന്ത്രണം റിസര്‍വ് ബാങ്ക് ഒരാഴ്ച മുമ്പ് നീക്കി.
ഇതോടെ പലിശ കൂടും എന്നു കരുതിയവരെപ്പോലും വിസ്മയിപ്പിക്കുന്നതാണു പുതിയ നിരക്ക്. 3.82 ശതമാനം നല്കിയിരുന്ന എന്‍ആര്‍ഇ (നോണ്‍ റെസിഡന്റ് എക്സ്റേണ്‍) റുപ്പീ അക്കൌണ്ടുകള്‍ക്ക് ഇനി പത്തുശതമാനം വരെ കിട്ടുമെന്നായി. ഇക്കാര്യത്തില്‍ കേരള ബാങ്കുകളേക്കാള്‍ കൂടിയ നിരക്കാണ് അന്യസംസ്ഥാന ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്നത്.
കേരള ബാങ്കുകള്‍ നിരക്ക് ഇരട്ടിപ്പിച്ചപ്പോള്‍ മറ്റുള്ളവ കുറേക്കൂടി സാഹസികമായ നിരക്കുകളിലേക്കു നീങ്ങി. എന്‍ആര്‍ഇ (റുപ്പി) അക്കൌണ്ടുകളിലെ നിക്ഷേപം നികുതി വിമുക്തമാണ്. നിക്ഷേപത്തുകയും പലിശയും വിദേശത്തേക്കു കൊണ്ടുപോകുകയും ചെയ്യാം. പലിശ വര്‍ധനയ്ക്കു മുമ്പ് തന്നെ രൂപയുടെ വിനിമയ നിരക്കു താണതുമൂലം പ്രവാസികള്‍ക്ക് ഇപ്പോള്‍ ലഭിച്ചത് ഇരട്ടിനേട്ടമാണ്. അഞ്ചുമാസം കൊണ്ട് രൂപയുടെ വിനിമയനിരക്ക് 17 ശതമാനം താണു. അതായത് ഡോളര്‍ പോലുള്ള വിദേശ കറന്‍സികള്‍ക്ക് 17 ശതമാനം കൂടുതല്‍ രൂപ ലഭിക്കുന്നു.
പഴയ 3.82 ശതമാനത്തില്‍നിന്ന് ആറര മുതല്‍ പത്തുവരെ ശതമാനത്തിലേക്കു പ്രവാസി നിക്ഷേപ പലിശ എത്തിയതോടെ വിദേശത്തുനിന്നു നിക്ഷേപ വരവ് കൂടുമെന്നാണു പ്രതീക്ഷ. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍നിന്ന് പണം പിന്‍വലിച്ച് വിദേശനാണ്യം തിരിച്ചുകൊണ്ടുപോകുകയാണ്. ഈ സമയത്തു പ്രവാസി നിക്ഷേപം വഴി വിദേശനാണ്യം എത്തുന്നതു രാജ്യത്തിനു സഹായകരമാണ്.
രാജ്യത്തെ ബാങ്കു നിക്ഷേപത്തില്‍ മൂന്നുശതമാനത്തില്‍ താഴെയാണ് എന്‍ആര്‍ഇ നിക്ഷേപം. 2010-ല്‍ 1, 22, 380 കോടി രൂപ ഉണ്ടായിരുന്ന എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ 1,21,229 കോടിയായി കുറഞ്ഞിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണു പലിശകൂട്ടി നിക്ഷേപം ആകര്‍ഷിക്കുന്നത്. പലിശയിലെ മത്സരത്തിന്റെ ഒന്നാംഘട്ടമേ ആയിട്ടുള്ളൂ എന്നാണു സൂചന. പുതിയ തലമുറ ബാങ്കുകളും നിരക്കു പുതുക്കാന്‍ നിര്‍ബന്ധിതമായേക്കും.
എന്നാല്‍, വളരെക്കൂടിയ പലിശ വാഗ്ദാനം ചെയ്യുന്നത് പ്രവാസി നിക്ഷേപം ഗണ്യമായി ഉള്ള ബാങ്കുകള്‍ക്കു ക്ഷീണമാകും. പ്രവാസിനിക്ഷേപം തീരെക്കുറവായ ബാങ്കുകളാണ് ഒന്‍പതും പത്തും ശതമാനം വാഗ്ദാനം ചെയ്തിട്ടുള്ളത്. കൂടുതല്‍ പ്രവാസി നിക്ഷേപമുള്ളവര്‍ അതേ നിരക്കു നല്കാന്‍ തുനിഞ്ഞാല്‍ പലിശയിലെ ലാഭമാര്‍ജിന്‍ ഇല്ലാതാകും.
വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്കയയ്ക്കുന്ന തുകയും സമീപകാലത്തു വര്‍ധിച്ചിട്ടുണ്ട്. 2007-08ല്‍ 3720 കോടി ഡോളര്‍ അയച്ച സ്ഥാനത്ത് 2008-09ല്‍ 5160 കോടി ഡോളര്‍ അയച്ചു. 2009-10-ല്‍ അത് 5506 കോടി ഡോളറായി. 2010-11ല്‍ 5800 കോടി ഡോളര്‍ എന്നാണ് കണക്കുകൂട്ടല്‍.
മാതൃരാജ്യത്തേക്കു പണം അയക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ ചൈനക്കാരേക്കാള്‍ മുന്നിലാണെന്നു ലോക ബാങ്ക് കണക്കുകള്‍ പറയുന്നു. 2009-10ല്‍ പ്രവാസി ചൈനക്കാര്‍ 5100 കോടി ഡോളറേ നാട്ടിലേക്കയച്ചുള്ളൂ. പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന തുകയെ അപേക്ഷിച്ചു വളരെ ചെറിയ ഭാഗമേ എന്‍ആര്‍ഇ നിക്ഷേപമായി ബാങ്കില്‍ സൂക്ഷിക്കാറുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല