സ്വന്തം ലേഖകന്‍: ഓണാഘോഷം കഴിഞ്ഞു മടങ്ങുന്ന പ്രവാസികളെ പരമാവധി പിഴിയാന്‍ വിമാനക്കമ്പനികള്‍ തയ്യാറെടുക്കുന്നു. കേരളത്തില്‍ നിന്ന് വിദേശത്തേക്കുള്ള മടക്കത്തിരക്ക് തുടങ്ങിയതോടെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു.
സ്‌കൂളുകള്‍ ഈയാഴ്ച അവസാനത്തോടെ തുറക്കുമെങ്കിലും ഓണത്തിനുശേഷമാണു പലരും മടങ്ങിയെത്തുന്നത്. എന്നാല്‍ ഉയര്‍ന്ന വിമാനടിക്കറ്റ് കാരണം മടക്കയാത്ര രണ്ടാഴ്ച കഴിഞ്ഞിട്ടാകാമെന്നു തീരുമാനിക്കേണ്ടി വന്നവര്‍ ഏറെയാണ്.
ശരാശരി 600 ദിര്‍ഹം വരുന്ന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലേറെയാണ് ഉയര്‍ന്നത്. തിരുവോണപ്പിറ്റേന്ന് കൊച്ചിയില്‍നിന്നു ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റ് നിരക്ക് 2133 ദിര്‍ഹമാണ്; അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയര്‍വെയ്‌സില്‍ നിരക്ക് 2212 ദിര്‍ഹം, ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യയില്‍ 2498 ദിര്‍ഹം, ജെറ്റ് എയര്‍വെയ്‌സില്‍ 2418 ദിര്‍ഹം, ദുബായിലേക്കുള്ള ജെറ്റ് എയര്‍വെയ്‌സില്‍ 2382 ദിര്‍ഹം എന്നിങ്ങനെയും.
ഈ മാസം 31ന് രണ്ടായിരത്തില്‍ താഴെ ദിര്‍ഹത്തിന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഷാര്‍ജയിലേക്കും അബുദാബിയിലേക്കും സീറ്റ് ലഭ്യമാണെങ്കിലും ദുബായിലേക്കു രണ്ടായിരത്തിനു മുകളിലാണ്. മറ്റ് വിമാന സര്‍വീസുകളിലും ടിക്കറ്റ് നിരക്ക് രണ്ടായിരത്തിലേറെയാണ്.
സ്‌കൂള്‍ തുറന്നാല്‍ ടിക്കറ്റ് നിരക്ക് സാധാരണ താഴേക്കു പോകുമെങ്കിലും ഇത്തവണ സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലും ടിക്കറ്റ് നിരക്ക് ഉയര്‍ന്നുതന്നെയാണ്. കുടുംബവുമായി യാത്ര ചെയ്യുന്നവര്‍ക്ക് താങ്ങാനാവാത്ത നിരക്കാണിത്.
സെപ്റ്റംബര്‍ ഒന്നിനു ദുബായിലേക്കുള്ള ജെറ്റ് എയര്‍വെയ്‌സില്‍ 2283 ദിര്‍ഹം, സ്‌പൈസ് ജെറ്റില്‍ 2113 ദിര്‍ഹം, അബുദാബിയിലേക്കുള്ള ഇത്തിഹാദില്‍ 2322 ദിര്‍ഹം, ജെറ്റ് എയര്‍ വെയ്‌സില്‍ 2317 ദിര്‍ഹം, ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യയില്‍ 2277 ദിര്‍ഹം, എയര്‍ ഇന്ത്യയില്‍ 2110 ദിര്‍ഹം, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 1865 ദിര്‍ഹം എന്നിങ്ങനെയാണു നിരക്ക്.
സെപ്റ്റംബര്‍ രണ്ടിന് ടിക്കറ്റ് നിരക്ക് 1500 മുതലാണ്. നാലിന് എമിറേറ്റ്‌സില്‍ 1529 ദിര്‍ഹത്തിന് ടിക്കറ്റ് ലഭ്യമാണെങ്കിലും ചെലവുകുറഞ്ഞ വിമാന സര്‍വീസുകളിലെല്ലാം നിരക്ക് ഉയര്‍ന്ന നിലയിലാണ്. വിമാനക്കമ്പനികളുടെ ചൂഷണം ശക്തമായി തുടരുന്നതിനിടെ അധികൃതര്‍ മൗനം പാലിക്കുന്നത് പ്രവാസികളെ രോഷാകുലരാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല