സ്വന്തം ലേഖകന്‍: പ്രവാസികള്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്ന് പുറത്ത്, പ്രവാസിയായാല്‍ എന്‍.എസ്.സി., പി.പി.എഫ്. അക്കൗണ്ടുകള്‍ പിന്‍വലിക്കണം. പോസ്റ്റ് ഓഫീസ് വഴിയുള്ള നിക്ഷേപ പദ്ധതികളായ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍.എസ്.സി.), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്.) എന്നിവയുടെ പോളിസി ഉടമകള്‍ പ്രവാസി ഇന്ത്യക്കാരായി മാറുകയാണെങ്കില്‍ ആ അക്കൗണ്ടുകള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം ഉത്തരവിട്ടു.
എന്‍.ആര്‍.ഐ. ആയി മാറുന്ന ദിവസം തന്നെ ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് പുതിയ നിയമ ഭേദഗതി. അക്കൗണ്ട് പിന്‍വലിക്കുന്ന ദിവസംവരെയുള്ള പലിശയാവും പോളിസി ഉടമകള്‍ക്ക് ലഭിക്കുക. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി എത്തുന്നതിനുമുമ്പ് പോളിസി ഉടമ എന്‍.ആര്‍.ഐ. ആയാല്‍ ആ ദിവസം കണക്കാക്കി പലിശസഹിതം പണം തിരികെ നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
പദ്ധതികളുടെ സേവനം ഉപയോഗിച്ചു വന്ന ഗള്‍ഫ് മേഖലയിലെ തുച്ഛ വരുമാനക്കാരായ ആയിരങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. നിയമപ്രകാരം പ്രവാസികള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പോസ്റ്റ് ഓഫീസ് സേവന ഭാഗമായ നിരവധി നിക്ഷേപ പദ്ധതികളില്‍ പ്രവാസികള്‍ അംഗങ്ങളാണ്. പബ്ലിക് പ്രോവിഡന്റ് ഫണ്ട്, മാസാന്ത നിക്ഷേപ പദ്ധതി, മറ്റു നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നും എന്‍.ആര്‍.ഐവിഭാഗം പുറത്താകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല