സ്വന്തം ലേഖകന്‍: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലും എയര്‍ ഇന്ത്യയുടെ മുതലെടുപ്പ്, ഈടാക്കുന്നത് കിലോക്ക് 18 ദിര്‍ഹം. വിദേശത്തുവച്ചു മരണം സംഭവിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ എയര്‍ ഇന്ത്യ ഈടാക്കുന്നത് കിലോയ്ക്ക് 18 ദിര്‍ഹം വരെയാണ്. മരണപ്പെട്ട ആളുടെ ഭാരം അനുസരിച്ച് ഓരോ കിലോയ്ക്കും 18 ദിര്‍ഹവും ഒപ്പം ശവപ്പെട്ടിയുടെ ഭാരത്തിനും അനുസരിച്ചുള്ള തുക ഈടാക്കിയാലേ എയര്‍ ഇന്ത്യയില്‍ മൃതദേഹം കയറ്റാന്‍ അധികൃതര്‍ അനുമതി നല്‍കൂ എന്നാണ് അവസ്ഥയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
മരണത്തിന്റെ ആഘാതത്തില്‍ പരേതന്റെ കുടുംബാംഗങ്ങള്‍ പലപ്പോഴും ഈ അനീതിക്കെതിരെ പ്രതികരിക്കാറില്ല എന്നതും എയര്‍ ഇന്ത്യയുടെ ഈ മുതലെടുപ്പിന് അനുകൂലമാകുന്നു. മിക്ക ഇന്ത്യന്‍ സ്വകാര്യ വിമാന കമ്പനികളും മൃതദേഹത്തിന് നിശ്ചിത നിരക്ക് ഈടാക്കുമ്പോഴാണ് എയര്‍ ഇന്ത്യയുടെ കണ്ണില്‍ചോരയില്ലാത്ത ഈ നടപടി.
നേരത്തെ ഈ വിഷയം സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ ഉന്നയിച്ചത് വാര്‍ത്തയായപ്പോള്‍ എയര്‍ ഇന്ത്യയാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏറ്റവും കുറവ് തുക ഈടാക്കുന്നത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം.
അതിനിടെ എയര്‍ ഇന്ത്യയുടെ ബാദ്ധ്യത 50,000 കോടിയായതിനെ തുടര്‍ന്ന് കമ്പനിയുടെ സാമ്പത്തിക പുനഃസംഘടനയുടെ ആദ്യ ഘട്ടമെന്ന നിലയ്ക്ക് ബാങ്കുകള്‍ നല്‍കിയ 28,000 കോടിയുടെ വായ്പ ഓഹരിയാക്കി മാറ്റാന്‍ ആലോചന തുടങ്ങി. എസ്ബിഐ യുടെ നേതൃത്വത്തില്‍ രൂപീകരിച്ച 19 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് എയര്‍ ഇന്ത്യക്ക് ഈ വായ്പ നല്‍കിയത്.
സാമ്പത്തിക പുനഃസംഘടന പൂര്‍ത്തിയാകുമ്പോള്‍ ഓഹരി വില്‍പനയും പരിഗണിക്കും. 140 വിമാനങ്ങള്‍ സ്വന്തമായുള്ള എയര്‍ ഇന്ത്യക്ക് ആഭ്യന്തര വിപണിയുടെ 15 ശതമാനം മാത്രമാണ് കൈകാര്യം ചെയ്യാനാകുന്നത്. ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രയുടെ 17 ശതമാനം എയര്‍ ഇന്ത്യയാണ് കൈകാര്യം ചെയ്യുന്നത്.
എയര്‍ ഇന്ത്യയെ കരകയറ്റാന്‍ 30,231 കോടിരൂപയുടെ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 23,993 കോടി രൂപയും കൈമാറിക്കഴിഞ്ഞു. എയര്‍ ഇന്ത്യയെ ഇപ്പോള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശ്യശിക്കുന്നില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല