സ്വന്തം ലേഖകന്‍: ആണവ പരീക്ഷണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ല, യുഎസ് സെക്രട്ടറി ജോണ്‍ കെറിക്ക് പാകിസ്താന്റെ ചുട്ട മറുപടി. ആണവ പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കെറി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടതിനു മറുപടിയായി ഐക്യരാഷ്ട്രസഭയിലെ പാക്ക് പ്രതിനിധി മലീഹ ലോധിയാണ് ആണവ പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യമല്ലെന്ന് വ്യക്തമാക്കിയത്.
പാക്കിസ്താന്‍ എന്തു ചെയ്യണം എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അത് ഇന്ത്യയും നടപ്പില്‍ വരുത്തണം എന്നു നവാസ് ഷെരീഫ് ആവശ്യപ്പെട്ടതായും ലോധി പറഞ്ഞു. യുഎന്‍ പൊതുസഭാസമ്മേളനത്തിനിടയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു ലോധി നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ ആണവ പദ്ധതിയ്ക്കാണ് ആദ്യം അന്ത്യം കുറിക്കേണ്ടത് എന്നും ലോധി പറഞ്ഞു. ആണവവിതരണ കുട്ടയ്മയിലേയ്ക്കുള്ള പാക്ക് പ്രവേശനവും കെറിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ പാക്കിസ്താന്‍ ചര്‍ച്ച ചെയ്തു.
ചൊവ്വാഴ്ചയായിരുന്നു കാശ്മീര്‍ വിഷയത്തില്‍ ഇടപടണമെന്ന് ആവശ്യപ്പെട്ട് നവാസ് ഷെരീഫ് ജോണ്‍ കെറിയെ കണ്ടത്. എന്നാല്‍ ഷെരീഫിന്റെ സന്ദര്‍ശനത്തിനു പിന്നാലെ പാകിസ്താന് എതിരെയുള്ള നിലപാടും യുഎസ് കടുപ്പിച്ചു. ഭീകരര്‍ക്കു സുരക്ഷതാവളം ഒരുക്കുന്ന നടപടികളില്‍ നിന്നു പാക്കിസ്താന്‍ പിന്മാറണം എന്നും ഭീകര ക്യാമ്പുകള്‍ ഇല്ലായ്മ ചെയ്യണം എന്നും അമേരിക്ക പാകിസ്താനോട് ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു.
അതിനിടെ പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. ടെക്‌സസില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ടെഡ് പോവ്, കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡാണ റോഹ്രബാഷര്‍ എന്നിവരാണ് ബില്‍ കൊണ്ടുവന്നത്. പാകിസ്താന്‍ തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമാണെന്ന് ബില്ലില്‍ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല