ലോക ശക്തികളുമായി ഇറാന്‍ ഒപ്പിടാനിരിക്കുന്ന നൂക്ലിയര്‍ ഡീലിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ ടെഹ്‌റാനുമായുള്ള വ്യാപാര ബന്ധം മെല്ലെ കൊണ്ടു പോകണമെന്ന് യുഎസ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോടാണ് യുഎസ് അണ്ടര്‍ സെക്രട്ടറി വെന്‍ഡി ഷെര്‍മാന്റെ അപേക്ഷ.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇറാനുമായുള്ളത് എണ്ണ വ്യാപാരമാണ്. ഇതിന്റെ തോത്് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് ഈ രാജ്യങ്ങള്‍. ഈ സാഹചര്യത്തിലാണ് നൂക്ലിയര്‍ ഡീല്‍ ചര്‍ച്ചകള്‍ അന്തിമ തീരുമാനത്തിലെത്തുന്നതിന് മുന്‍പെ വ്യാപാര ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കരുതെന്ന് യുഎസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇറാന്റെ നൂക്ലിയര്‍ പ്രോഗ്രാം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. നൂക്ലിയര്‍ ശക്തിയായ ഇറാന്‍ ഇവ ഉപയോഗിച്ച് ആയുധങ്ങള്‍ നിര്‍മ്മിക്കുമെന്നും ഇത് ലോക സമാധാനത്തിന് ഭീഷണിയാണെന്നും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കരുതുന്നു. ഈ സാഹചര്യത്തിലാണ് ഇറാന്‍ നൂക്ലിയര്‍ പ്രോഗ്രാമുകള്‍ അവസാനിപ്പിക്കണമെന്ന് ലോക രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. പകരമായി ഇറാന്‍ ഇവര്‍ നല്‍കുന്ന ഓഫര്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുമെന്നാണ്.
ഇറാനും ലോകരാജ്യങ്ങളുമായി നിലനില്‍ക്കുന്ന നൂക്ലിയര്‍ തര്‍ക്കങ്ങള്‍ ജൂണ്‍ 30ന് മുന്‍പ് അവസാനിപ്പിക്കണമെന്നാണ് ധാരണ. എന്നാല്‍ മുന്‍പോട്ട് നടക്കാനുള്ളത് ഗൗരവതകരമായ വിഷയങ്ങളിലുള്ള ചര്‍ച്ചയാണെന്നും അതുകൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ ഇത് തീരണമെന്ന് നിര്‍ബന്ധമില്ലെന്നും അമേരരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ ഇടയ്ക്ക് ഇന്ത്യയില്‍നിന്നുള്ള ഒരു സംഘം ഇറാന്‍ സന്ദര്‍ശിക്കുകയും ഓയില്‍ സപ്ലൈസ് വര്‍ദ്ധിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഇറാന്‍ ഓയില്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ചൈന സന്ദര്‍ശിക്കുകയും ഓയില്‍, ഗ്യാസ് വ്യാപരം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
അതേസമയം ജൂണ്‍ 30ന് നൂക്ലിയര്‍ സംബന്ധിയായ കാര്യങ്ങളില്‍ ധാരണയിലെത്തിയാലും ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തീവ്രവാദ, മനുഷ്യാവകാശ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നാണ് അമേരിക്കന്‍ നിലപാട്. ഇറാഖ്, ലെബാനോന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളിലുള്ള ഇറാന്റെ സാന്നിദ്ധ്യത്തെ അമേരിക്ക ഭയക്കുന്നുണ്ട്. അതേസമയം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണത്തെ ഇറാന്‍ സര്‍ക്കാര്‍ നിഷേധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല