സ്വന്തം ലേഖകന്‍: ആണവ യുദ്ധം എതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് യുഎന്നിലെ ഉത്തര കൊറിയന്‍ ഡെപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റിയോങിന്റെ മുന്നറിയിപ്പ്. യു.എന്‍. ജനറല്‍ അസംബ്‌ളിയുടെ നിരായുധീകരണ കമ്മിറ്റിക്ക് മുന്‍പാകെയാണ് റിയോങ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉത്തര കൊറിയെപോലെ അമേരിക്കയില്‍ നിന്നും ആണവഭീഷണി നേരിടുന്ന മറ്റൊരു രാജ്യമില്ല.
1970 മുതല്‍ തന്നെ കൊറിയന്‍ മുനമ്പില്‍ ഈ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ആണവായുധം കൈയില്‍ വെക്കാന്‍ എല്ലാവിധ അവകാശവും ഉത്തര കൊറിയക്കുണ്ട്. ആണവ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് അമേരിക്ക എല്ലാവര്‍ഷവും സേനാഭ്യാസവും നടത്താറുണ്ട്. തങ്ങളുടെ നേതാവിനെ ഉന്മൂലനം ചെയ്യാനായി രഹസ്യമായി അമേരിക്ക പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്നും റിയോങ് ആരോപിച്ചു.
ആറ്റമിക് ബോംബ്, ഹൈഡ്രജന്‍ ബോംബ്, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് റോക്കറ്റുകള്‍ തുടങ്ങി വിവിധ തരത്തിലുള്ള ആയുധങ്ങള്‍ ഉത്തര കൊറിയ സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കയെന്ന ഭൂവിഭാഗം മുഴുവന്‍ തങ്ങളുടെ വിരല്‍ത്തുമ്പിലാണ്. ഞങ്ങളുടെ പരിപാവനമായ ദേശത്തിന്റെ ഒരു ഇഞ്ച് പോലും കടന്നാക്രമിക്കാന്‍ ശ്രമിച്ചാല്‍ ഈ ലോകത്തിന്റെ ഒരു കോണിലേക്കും രക്ഷപ്പെടാന്‍ കഴിയാത്ത വിധത്തില്‍ അവരെ നശിപ്പിക്കാന്‍ കഴിയുമെന്നും റിയോങ് ഭീഷണി മുഴക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല