ഇംഗ്ലണ്ടിലെയും, വെയ്ല്സില്യും ചില പ്രദേശങ്ങളില്‍ റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. സൈന്യം ഉപേക്ഷിക്കുന്നതും, മറ്റ് ഫാക്ടറികളില്‍ നിന്നു കൊണ്ട് വന്നു നിക്ഷേപിക്കുന്നതുമായ റേഡിയോ ആക്ടീവ് മാലിന്യങ്ങളാണ് ഒഴിഞ്ഞ പ്രദേശങ്ങളെ മലിനമാക്കുന്നത്. റേഡിയോ വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ സംബന്ധിച്ച് ഗവണ്മെന്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
ഡിപ്പാര്‍ട്മെന്റ് ഓഫ് എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് (DECC)പുറത്തുവിട്ട കണക്ക് പ്രകാരം ആയിരത്തോളം പ്രദേശങ്ങള്‍ ഇത്തരത്തില്‍ മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ നിക്ഷേപിച്ചത് മൂലം പതിനഞ്ചോളം പ്രദേശങ്ങള്‍ മാത്രമേ മലിനപ്പെട്ടിട്ടുള്ളൂവെന്ന കണക്ക് നിരത്തി പ്രതിരോധ വകുപ്പ് കഴിഞ്ഞ ഡിസംബറില്‍ ഒരു റിപ്പോര്‍ട് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, പ്രതിരോധ വകുപ്പിന്റെ കണക്കുകള്‍ക്ക് കടകവിരുദ്ധമാണ് പുതിയ വെളിപ്പെടുത്തല്‍.
എന്നാല്‍ പ്രതിരോധമന്ത്രാലയം തന്നെ നിക്ഷേപിക്കുന്ന റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നു വകുപ്പ് ഒഴിഞ്ഞുമാറുകയാണെന്ന് മുന്‍പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൌണ്‍ കുറ്റപ്പെടുത്തി. തന്റെ മണ്ഡലം സ്ഥിതി ചെയ്യുന്ന നോര്‍ത്ത് എഡിന്‍ബറോ പ്രദേശം ഇത്തരം മാലിന്യങ്ങള്‍ നിറഞ്ഞു കൂമ്പാരമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സൈനിക വിമാനങ്ങളുടെ റേഡിയം പെയ്ന്റ് ചെയ്ത ഡയല് പൊതുസ്ഥലങ്ങളില്‍ തള്ളുന്നതിനെതിരെ ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
റേഡിയോ ആക്ടീവ് മാലിന്യത്തില്‍ നിന്നു പ്രവചിക്കാനാവാത്ത വിധം റേഡിയേഷന് ഉണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. ഇത്തരം മാലിന്യം നിക്ഷേപിക്കപ്പെട്ട സ്ഥലങ്ങളുടെ വിവരം അടങ്ങുന്ന ഡേറ്റാ തയ്യാറാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഈ വിവരങ്ങള്‍ അടങ്ങുന്ന ഡേറ്റാ ഭാവിയില്‍ ഈ സ്ഥലം സ്ഥലം കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്ക് കൈമാറണമെന്നും നിര്‍ദേശം ഉയര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല