ഒട്ടേറെയാളുകള്‍ കടലില്‍ നീന്തിത്തുടിയ്ക്കുകയന്നതുതന്നെ ഒരു കാഴ്ചയാണ്, അപ്പോള്‍ അവരെല്ലാം നഗ്നരാണെങ്കിലോ? അത്തരമൊരു നീന്തലിനായിരുന്നു കഴിഞ്ഞ ദിവസം ചാവുകടല്‍ സാക്ഷ്യം വഹിച്ചത്.
ആണുങ്ങളും പെണ്ണുങ്ങളുമായി ആയിരം പേരാണ് ഇവിടെ നഗ്നരായി നീന്താനെത്തിയത്, അതും ഒരേസമയത്ത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ സ്‌പെന്‍ഷര്‍ ട്യൂണിക്കിന്റെ നഗ്നനീന്തല്‍ ഫോട്ടോഷൂട്ടിനാണ് ചാവുകടല്‍ വേദിയായത്. പതിനെട്ടുമുതല്‍ 77 വയസ്സുവരെ പ്രായമുള്ളവരുണ്ടായിരുന്നു നീന്തല്‍ സംഘത്തില്‍. ഈ വലിയ സംഘത്തെ സ്‌പെന്‍സര്‍ നേരിട്ടാണ് തിരഞ്ഞെടുത്തുത്. വലിയ സുരക്ഷാ സംവിധാനങ്ങളോടെയായിരുന്നു ഷൂട്ടിങ് നടന്നത്.
സംഗതി നഗ്നഫോട്ടോഷൂട്ട് ആയതിനാല്‍ മതത്തിന്റെയും വികാരം വ്രണപ്പെടുന്നതിന്റെയും കാര്യം പറഞ്ഞ് മതനേതാക്കളൊന്നും പരിപാടി അലങ്കോലപ്പെടുത്താതിരിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ ഒരു മണിമുതല്‍ അസ്തമയം വരേയ്ക്കും നീന്തല്‍ സംഘം കടല്‍ത്തീരത്തുണ്ടായിരുന്നു.
സൂര്യനുദിച്ചുയര്‍ന്നതുമുതല്‍ സ്‌പെന്‍സര്‍ പല ആങ്കിളുകളില്‍ ഫോട്ടോകള്‍ പകര്‍ത്തി. ചിലഫോട്ടോകള്‍ ആയിരം പേരും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് എടുത്തതെങ്കില്‍ ചിലത് തീരത്ത് നിരന്നുനില്‍ക്കുന്ന രീതിയിലായിരുന്നു. അങ്ങനെ ഒട്ടേറെ ഷോട്ടുകള്‍, വൈകുന്നേരത്തോടെയാണ് ഫോട്ടോ ഷൂട്ട് അവസാനിപ്പിച്ച് സ്‌പെന്‍സര്‍ പായ്ക്ക് അപ്പ് പറഞ്ഞത്.
പലതലത്തിലുള്ള ഭൂപ്രകൃതികളുടെ പശ്ചാത്തലത്തില്‍ മനുഷ്യന്റെ നഗ്നത വിഷയമാക്കി ഒട്ടേറെ ചിത്രങ്ങള്‍ സ്‌പെന്‍സര്‍ തയ്യാറാക്കിയിട്ടുണ്ട്. മിക്കതും പ്രശസ്തവുമാണ്. പലപ്പോഴും പലരാജ്യങ്ങളില്‍വച്ചാണ് ഇത്തരം ഷൂട്ടുകള്‍ നടത്തിയത്, ഒട്ടേറെ തവണ ഇത്തരം ഷൂട്ടുകള്‍ വിവദങ്ങളാവുകയും ചെയ്തിട്ടുണ്ട്. ചാവുകടലിലെ ഫോട്ടോഷൂട്ടിന് ലോകത്തിന്റെ പലഭാഗത്തുനിന്നായി ജേര്‍ണലിസ്റ്റുകളുമെത്തിയിരുന്നു, എല്ലാവരെയും സ്‌പെന്‍സര്‍ കൃത്യമായ ഒരു അകലത്തിലാണ് നിര്‍ത്തിയത്.
ഇസ്രയേലില്‍ ഇത്തരമൊരു ഫോട്ടോ ഷൂട്ട് നടത്തുന്നതില്‍ താന്‍ ഏറെ ഉത്കണ്ഠാകുലനായിരുന്നുവെന്നും മതനേതാക്കളെയായിരുന്നു ഭയമെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. ഇതിന് മുമ്പ് ആസ്‌ത്രേലിയ, ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍ തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ വച്ച് സ്‌പെന്‍സര്‍ ഇത്തരം ഷൂട്ടുകള്‍ നടത്തിയിട്ടുണ്ട്. 2007ല്‍ മെസ്‌കിക്കോ സിറ്റിയില്‍ 18,000 പേരെ അണിനിരത്തി നടത്തിയ നഗ്നഫോട്ടോ ഷൂട്ടാണ് ഇതില്‍ ഏറ്റവും വലിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല