സ്വന്തം ലേഖകൻ: മുന്‍ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കൊണ്ടുവന്ന കര്‍ശനമായ വീസ നിയമങ്ങള്‍ ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതായി സൂചനകള്‍ പുറത്തു വരുന്നു. വിദേശങ്ങളില്‍ നിന്നും പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനുമായി ബ്രിട്ടനിലെത്തുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞു വരുന്നതായാണ് സൂചനകള്‍. ഇക്കഴിഞ്ഞ നവംബറില്‍ 4,100 സ്‌കില്‍ഡ് വീസ അപേക്ഷകളാണ് ഹോം ഓഫീസിന് ലഭിച്ചത്. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറവ് സംഖ്യയാണിത്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം നവംബറില്‍ ലഭിച്ചതിനേക്കാള്‍ 2000 അപേക്ഷകള്‍ കുറവാണ് ഈ നവംബറില്‍ ലഭിച്ചത്.
ഏറ്റവുമധികം കുറവുണ്ടായത് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വീസയുടെ കാര്യത്തിലാണ്. 2023 നവംബറില്‍ 10,000 അപേക്ഷകളാന് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വീസയ്ക്കായി ലഭിച്ചതെങ്കില്‍ ഈ വര്‍ഷം നവംബറില്‍ ലഭിച്ചത് 1,900 അപേക്ഷകള്‍ മാത്രമാണ്. വിദേശ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഹെല്‍ത്ത് ആന്‍ഡ് അഡള്‍ട്ട് സോഷ്യല്‍ കെയര്‍ പ്രൊഫഷണലുകള്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ ഏറ്റവുമധികം ബ്രിട്ടനിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു. അന്ന് ഒരു മാസത്തില്‍ ഈ വിഭാഗത്തില്‍ പെടുന്നവരുടെ 18,300 വീസ അപേക്ഷകളായിരുന്നു ലഭിച്ചത്.
അതുപോലെ തന്നെയാണ് കെട്ടിട നിര്‍മ്മാണ മേഖലയിലെ കാര്യവും. ബ്രിട്ടനിലെ ഭവന ലഭ്യതാ പ്രതിസന്ധി പരിഹരിക്കുന്നതിന് വിദേശ തൊഴിലാളികളെ ആശ്രയിക്കേണ്ടതുണ്ടെന്ന് ഹൗസിംഗ് മിനിസ്റ്റര്‍ മാത്യു പെന്നികുക്ക് കഴിഞ്ഞ ദിവസം പ്രറഞ്ഞിരുന്നു. എന്നാല്‍, ലേബര്‍ സര്‍ക്കാരിന്റെ 15 ലക്ഷം വീടുകള്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ ഇവിടെ എത്തിക്കുന്നതിനായി നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനു പകരമായി തദ്ദേശീയരെ തന്നെ പരിശീലനം നല്‍കി കെട്ടിട നിര്‍മ്മാണ മേഖലയില്‍ വിന്യസിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യത്താകമാനം ഇതിനുള്ള പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അടുത്തിടെ 140 മില്യന്‍ പൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു പല നടപടികളും ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 2024 ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന, കഴിഞ്ഞ സര്‍ക്കാര്‍കൊണ്ടു വന്ന കുറ്റിയേറ്റ നിയന്ത്രണ നടപടികളാണ് ഇപ്പോള്‍ ബ്രിട്ടനിലെക്കുള്ള കുടിയേറ്റം കുറയാന്‍ കാരണമായത്.
വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടുവരാന്‍ അനുമതി നിഷേധിച്ചതിനോടൊപ്പം ബ്രിട്ടനില്‍ എത്തുന്ന സ്‌കില്‍ദ് വര്‍ക്കര്‍മാര്‍ക്ക് വീസയ്ക്കുള്ള അനുമതി ലഭിക്കുവാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ ശമ്പളം 26,200 പൗണ്ട് എന്നതില്‍ നിന്നും 38,700 പൗണ്ട് ആക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല