സ്വന്തം ലേഖകന്‍: യുകെ വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇടിവ്, കര്‍ശനമായ വിസാ നടപടിക്രമങ്ങള്‍ തിരിച്ചടിയാകുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള വിസാ അപേക്ഷകരുടെ എണ്ണത്തില്‍ നാലു ശതമാനം ഇടിവു സംഭവിച്ചതായി ബ്രിട്ടീഷ് ആഭ്യന്തര ഓഫിസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017 ജൂണ്‍ അവസാനത്തില്‍ 29,800 സ്‌പോണ്‍സേഡ് വിസ അപേക്ഷകള്‍ ആണ് ഇന്ത്യയില്‍നിന്ന് ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തിടെ ബ്രിട്ടന്‍ വിസാ നടപടിക്രമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് ഈ ഇടിവെന്നാണ് സൂചന. രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറച്ചുകൊണ്ടു വരുന്നത് ലക്ഷ്യമിട്ടാണ് ബ്രിട്ടന്‍ വിസാ നിയമങ്ങള്‍ കര്‍ശനമാക്കിയത്. 2016 ജൂണില്‍ നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനക്കുശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്.
ഈ വര്‍ഷം ബ്രിട്ടനിലെത്തിയ ഇ.യു പൗരന്മാരുടെ എണ്ണം 81000 ആയി കുറഞ്ഞതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കി. മൂന്നു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ബ്രിട്ടന്‍ വിടുന്ന ഇ.യു പൗരന്മാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മറ്റുരാജ്യങ്ങളില്‍നിന്ന് ബ്രിട്ടനില്‍ ഉന്നത പഠനത്തിനെത്തിയവരില്‍ 97 ശതമാനവും സ്വന്തം രാജ്യത്തേക്ക് മടങ്ങി.
ബ്രിട്ടനില്‍ ബിരുദം പൂര്‍ത്തിയാക്കിയ ബഹുഭൂരിപക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളും ഉപരി പഠനത്തിനു നില്‍ക്കാതെ രാജ്യം വിടുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. പഠനം പൂര്‍ത്തിയാക്കിയിട്ടും അനധികൃതമായി നിരവധി വിദ്യാര്‍ഥികള്‍ ബ്രിട്ടനില്‍തന്നെ തുടരുന്നതായുള്ള ആരോപണവും തെറ്റാണെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ, ബ്രെക്‌സിറ്റ് നടപ്പായാലും വര്‍ഷങ്ങളോളം ബ്രിട്ടന്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ അധികാരപരിധിയില്‍ തുടരുമെന്ന് വാദഗതികള്‍ പ്രധാനമന്ത്രി തെരേസ മേയ് തള്ളി.
2019 ഓടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ബ്രിട്ടന്‍ കോടതിയുടെ അധികാരപരിധിയില്‍നിന്ന് പുറത്തുവരുമെന്ന് അവര്‍ വ്യക്തമാക്കി. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസാണ് ഇയു അംഗരാജ്യങ്ങള്‍ നിയമങ്ങള്‍ അനുസരിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നത്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതും ഈ കോടതിയുടെ ചുമതലയാണ്. എന്നാല്‍, ബ്രെക്‌സിറ്റിനായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇത് അംഗീകരിക്കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല