1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2018

സ്വന്തം ലേഖകന്‍: പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; ബുധനാഴ്ചയ്ക്ക് മുമ്പ് കേരളത്തിലെത്തും; ബിഷപ്പ് പദവിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് മുംബൈ അതിരൂപത. ചോദ്യം ചെയ്യലിനായി ബിഷപ്പ് ബുധനാഴ്ച ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

19ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചതായി ഐജി വിജയ് സാക്കറെയാണ് അറിയിച്ചത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക.

മൊഴികളില്‍ വ്യക്തത വന്നാല്‍ മാത്രമെ ശക്തമായ കുറ്റപത്രം നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന് വിജയ് സാക്കറെ പറഞ്ഞു. കന്യാസ്ത്രീയുടേയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുദ്ധ്യമാണ് അന്വേഷണം നീണ്ടുപോകാന്‍ കാരണമായത്. പരാതിക്കാരിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു.

തെളിവുകള്‍ എല്ലാം ശേഖരിച്ച ശേഷമെ കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്നും ഐജി പറഞ്ഞു. വൈരുദ്ധ്യമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരുന്നതേയുള്ളൂ. വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാതെ അറസ്റ്റിന് ശ്രമിച്ചാല്‍ അത് ബിഷപ്പിന് അനുകൂലമായി മാറും. അന്വേഷണം ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നത്. ഒരു തരത്തിലും വൈകിയിട്ടില്ല. ഒരുപാട് കാലങ്ങള്‍ക്ക് മുമ്പ് നടന്ന കേസായതിനാല്‍ തന്നെ തെളിവുകള്‍ കൃത്യമായി ശേഖരിക്കേണ്ടതുണ്ടെന്നും ഐ.ജി പറഞ്ഞു.

അതിനിടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും വിവാദം സഭയുടെ യശസിന് കളങ്കമുണ്ടാക്കിയെന്നും മുംബൈ അതിരൂപത വ്യക്തമാക്കി. പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിഷപ്പിനെ തള്ളി ലത്തീന്‍ സഭ രംഗത്ത് വന്നിരുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെതന്നെ രാജിവെക്കേണ്ടതായിരുന്നുവെന്ന് കേരള റീജിയണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ പറഞ്ഞു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.