സ്വന്തം ലേഖകന്‍: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതി; ജലന്ധര്‍ ബിഷപ്പിനെ പഞ്ചാബ് പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പഞ്ചാബ് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും കസ്റ്റഡിയിലെടുക്കുന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.
ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴി ലഭിച്ചിരുന്നു. പ്രാര്‍ത്ഥനയുടെ പേരില്‍ കന്യാസ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീകള്‍ വ്യക്തമാക്കി. പ്രാര്‍ത്ഥനയുടെ പേരില്‍ രാത്രിയില്‍ പോലും കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും കന്യാസ്ത്രീകള്‍ മൊഴി നല്‍കി. ജലന്ധര്‍ രൂപതയില്‍ ഇടയനോടൊപ്പം ഒരു ദിവസം എന്ന പ്രാര്‍ത്ഥനയിലാണ് മോശം അനുഭവമുണ്ടായതെന്നും കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. കന്യാസ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് പിന്നീട് പ്രാര്‍ത്ഥന നിര്‍ത്തിവെക്കുകയായിരുന്നു.
ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിക്കുമായിരുന്ന കാര്യം മദര്‍ സുപ്പീരിയറും അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കന്യാസ്ത്രീകള്‍ക്ക് പുറമെ ഒരു വൈദികനും ബിഷപ്പിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ അമ്പത് ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കുന്നതിന് കേരള പൊലീസ് പഞ്ചാബ് പൊലീസിന്റെ സഹായം തേടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല