കന്യാസ്ത്രീയെ മഠത്തിലെ ജലസംഭരണിയില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച പൂങ്കുളത്തെ ഹോളി സ്പിരിറ്റ് കോണ്‍വന്റിന്റെ വളപ്പിലെ ജലസംഭരണിയിലാണു സിസ്റ്റര്‍ മേരി ആന്‍സി (48)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംബന്ധിച്ചു ദുരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.
കോട്ടയം കല്ലറ മാന്‍വട്ടം പുലിപ്ര വീട്ടില്‍ പാപ്പച്ചന്‍ ത്രേസ്യാമ്മ ദമ്പതികളുടെ മൂത്തമകളായ മേരി ആന്‍സി 25 വര്‍ഷമായി ഇവിടെ സേവനമനുഷ്ഠിക്കുകയാണ്. ചൊവ്വാഴ്ച രാത്രി ആഹാരം കഴിച്ച് ഉറങ്ങാന്‍ പോയ ഇവരെ രാവിലെ കാണാതായതിനെത്തുടര്‍ന്നു മറ്റു കന്യാസ്ത്രീകള്‍ നടത്തിയ അന്വേഷണത്തിലാണു ജലസംഭരണിയില്‍ മൃതദേഹം കണ്ടതെന്നു പൊലീസ് പറഞ്ഞു.
സിസ്റ്റര്‍ മേരി ആന്‍സിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. സിസ്റ്ററുടെ മുഖത്തോ ശരീരത്തിലോ പരിക്കേറ്റ പാടുകളൊന്നും കണ്ടെത്തിയിട്ടില്ല.
അതേസമയം സിസ്റ്റര്‍ മേരി ആന്‍സി ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നല്ല ഭാരമുള്ള കോണ്‍ക്രീറ്റ് മേല്‍മൂടി ഒറ്റയ്ക്ക് ഇളക്കി മാറ്റാന്‍ കന്യാസ്ത്രീക്കു കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയ വ്യാസമുള്ള വിടവിലൂടെ ചാടാന്‍ ബുദ്ധിമുട്ടാണെന്നും പലരും വാദിയ്ക്കുന്നുണ്ട്. എന്നാല്‍. കോണ്‍ക്രീറ്റ് മൂടി നിരക്കി മാറ്റിയതാവാമെന്നാണ് പോലീസ് കരുതുന്നത്. എന്തായാലും വിവാദങ്ങളൊഴിവാക്കാന്‍ പഴുതുകളടച്ച അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനിച്ചിരിയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല