യു കെ യിലെ മലയാളികളായ ക്രിസ്ത്യാനികളുടെ ഇടയില്‍ നിലനില്ക്കുന്ന ഉയര്‍ന്ന ആത്മീയ ബോധവും മത രംഗത്ത് പ്രവര്‍ത്തിക്കുന്നവരോടുള്ള അതിരുകടന്ന ആദരവും മുതലാക്കി ചിലര്‍ തെറ്റിദ്ധാരണപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരക്കെ ആക്ഷേപം ഉയരുന്നു. ഡേറ്റിങ്ങും ചാറ്റിങ്ങും നിറുത്തി ബ്രിട്ടനിലെ സുന്ദരികളില്‍ ഒരു വിഭാഗം ഇപ്പോള്‍ ആല്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്പ്പര്യം പ്രകടിപ്പിക്കുന്നു എന്നും അതിന്റ്‌റെ ഫലമായി ഇവിടുത്തെ ക്രിസ്തീയ സന്യാസിനി ആശ്രമങ്ങളിലെ കന്യാസ്ത്രീകളുടെ എണ്ണ ത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടാവുന്നു എന്ന റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.വാരാന്ത്യങ്ങളില്‍ കൂട്ടുകാരുമൊത്ത് പബ്ബുകളിലേക്ക് ഓടുന്ന യുവതികളുടെ എണ്ണത്തില്‍ സാരമായ കുറവ് വന്നിട്ടുണ്ട് എന്നാണ് ഒരു പ്രമുഖ പത്രമായ ഡെയിലി എക്‌സ്പ്രസ്സ് തെളിവുകളോടെ ചൂണ്ടിക്കാട്ടുന്നത്.കോണ്‍വെന്റുകളില്‍ നാല് ശതമാനവും അപ്പൊസ്‌തോലിക് ഓര്‍ഡറുകളിലെ വനിതാ ആശ്രമങ്ങളില്‍ ഒന്‍പത് ശതമാനവും വര്‍ദ്ധനയാണ് ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ദൈവ വിളിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് പഠനങ്ങളെ ഉദ്ധരിച്ചു കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് . എളിമയുടെയും അനുസരണത്തിന്റ്‌റെയും ലാളിത്യത്തിന്റെയും പാതയില്‍ ദൈവവേലക്കായി ജീവിതം നയിക്കുവാന്‍ അഭ്യസ്ത വിദ്യരും ഉയര്‍ന്ന കുടുംബ പശ്ചാത്തലം ഉള്ളവരുമായ ധാരാളം യുവതികളാണ് മുന്നോട്ടു വരുന്നത് എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു .
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുടെ മറവില്‍ വസ്തുതകളെ വളച്ചൊടിച്ച് സ്വകാര്യ ലാഭം കൊയ്യാന്‍ ചില മലയാളികള്‍ രംഗത്തെത്തി യിരിക്കുന്നു എന്നത് ഏറെ ആശങ്കകള്‍ക്ക് ഇട നല്കുന്നു.ബ്രിട്ടനിലെ നല്ലൊരു വിഭാഗം മലയാളികള്‍ ആത്മീയ രംഗ ത്ത് അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തെ ചൂഷണം ചെയാനുള്ള ചിലരുടെ ശ്രമത്തിന്റ്‌റെ ഭാഗമായി മാത്രമേ ഇത്തരം നീക്കങ്ങളെ കാണാനാവൂ എന്നതാണ് സത്യം. നിരവധി പള്ളികള്‍ പൂട്ടപ്പെടുകയും അള്‍ത്താരകള്‍ പോലും ബാറുകളായി ഉപയോഗിക്കുന്ന രീതിയിലേക്ക് ബ്രിട്ടനിലെ മതരംഗം തകര്‍ന്ന ഒരവസ്ഥയില്‍ ഇവിടെ കുടിയേറിയ മലയാളികള്‍ കാട്ടിക്കൊടുത്ത ഭക്തിമാര്‍ഗ്ഗം കണ്ടു കൊണ്ടാണ് ഇവിടുത്തെ ആളുകളില്‍ ദൈവ വിളി ഉണ്ടായത് എന്നും അതിനാല്‍ തങ്ങളെ പോലുള്ളവര്‍ നീണ്ട കാലങ്ങളായി നടത്തിവരുന്ന പ്രാര്‍ഥനാ യോഗങ്ങളിലും കണ്‍വന്‍ഷനുകളിലും മുടങ്ങാതെ പങ്കെടുത്തു കൊണ്ട് കൂടുതല്‍ തീക്ഷണമായ മത ജീവിതം നയിക്കാനാണ് ഇത്തരക്കാരുടെ പുതിയ ആഹ്വാനം. ഏതൊരാള്‍ക്കും ആദ്യം ശരിയെന്നു തോന്നിപ്പിക്കവിധം ഉള്ള ഈ വാദത്തിനു പിന്നില്‍ തികച്ചും കച്ചവടമനസ്സോടെയുള്ള കുത്സിത തന്ത്രങ്ങള്‍ തന്നെ എന്ന് വ്യക്തം.സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും നിത്യേനെ, ആത്മീയതയുടെ പേരില്‍ നടത്തപ്പെടുന്ന പേക്കൂത്തുകളെയും തട്ടിപ്പുകളേയും പറ്റി കൂടുതല്‍ ബോധവരായ യു കെ യിലെ ജനങ്ങള്‍ ഇവിടെ നടന്നു പോരുന്ന പല തട്ടിപ്പ് പ്രാര്‍ത്ഥനക്കാരെയും അവരുടെ പ്രസ്ഥാനങ്ങളെയും ഉപേക്ഷിച്ചിരുന്നു.
ഒരു വശത്ത് ആഡംബര ബൈബിള്‍ കണ്‍ വന്‍ഷ നുകളും മറുവശത്ത് ഇത്തരം കുട്ടി പ്രവാചകന്മാരുടെ യോഗങ്ങളും മൂലം യു കെ യിലെ വിശ്വാസികളുടെ ജീവിതം പൊറുതി മുട്ടിയ നിലയിലേക്ക് വന്നു ചേര്‍ന്നിരിക്കുകയാണ്.പണ്ടെങ്ങോ ഉപബോധ മനസ്സില്‍ കയറിക്കൂടിയ ദൈവശാപം എന്ന പേടിസ്വപ്നം മൂലം പലരും ഇത്തരക്കാര്‍ക്കെതിരെ തുറന്നു പ്രതികരിക്കുന്നില്ല എന്നതാണ് സത്യം.പ്രതികരിക്കുന്നതിനു പകരം സ്വയം ഉള്‍വലിയുക എന്ന മാര്‍ഗ്ഗത്തിലേക്ക് വലിയൊരു വിഭാഗം വിശ്വാസികള്‍ തിരിഞ്ഞു.ഇതേതുടര്‍ന്ന് പൂട്ടലിന്റെ വക്കിലെത്തിയ ചില പ്രാര്ഥനാ യോഗങ്ങളുടെ നേതാക്കള്‍ ആണ് കന്യാസ്ത്രീകളുടെ ദൈവ വിളിയുടെ പിത്രുത്വം ഏറ്റെടുത്തു ഒരു തിരിച്ചു വരവിനു ശ്രമിക്കുന്നത്.ഈ നേതാക്കളില്‍ ചിലര്‍ക്ക് ഓണ്‍ലൈന്‍ കച്ചവടങ്ങള്‍ അടക്കം പല സംരംഭങ്ങളും ഉണ്ട്.ഭക്ത ജനങ്ങള്‍ കുറഞ്ഞത് വഴി ഇവയില്‍ പലതും പൂട്ടുകയും ചെയ്തു.കച്ചവട തന്ത്ര ത്തോടൊപ്പം സമൂഹത്തില്‍ ശക്തി പ്രകടിപ്പിക്കാനുള്ള ഒരു ഉപാധി എന്ന രീതിയിലും ചില നേതാക്കന്മാര്‍ പ്രാര്‍ത്ഥനയിലെ ആള്‍ക്കൂട്ടങ്ങളെ ഉപയോഗിക്കുകയും ചെയുന്നു എന്നതാണ് യാഥാര്‍ത്ഥ്യം .ലണ്ടന് സമീപം ഉള്ള ഒരു ഗ്രൂപ്പ് നേതാവ് തന്റെ ഫേസ് ബുക്കിലൂടെയാണ് ഈ പുതിയ കാന്‍വാസിങ്ങ് തന്ത്രം ആദ്യം പുറത്തെടുത്തതെന്നും അത് കണ്ട മറ്റു ചിലര്‍ അതേറ്റെടുക്കുകയും ആണ് ഉണ്ടായത് എന്നാണ് അറിയുന്നത്.
ഏതായാലും ദൈവ വിളിയുടെ പിന്നിലെ യഥാര്‍ത്ഥ സത്യം എന്തെന്ന് ഈ പത്രങ്ങള്‍ തന്നെ തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.പരമ്പരാഗതമായി കിട്ടിയ ദൈവ വിശ്വാസത്തെ മുറുകെ പ്പിടിക്കുകയും എല്ലാ ആഴ്ചകളിലും ഞായറാഴ്ച കുര്‍ബാന പോലെയുള്ള കാര്യങ്ങളില്‍ മുടങ്ങാതെ പങ്കെടുത്തു കുട്ടികള്‍ക്ക് നല്ല മാതൃക നല്‍കി വരുന്ന ഇംഗ്ലീഷ് കുടുംബങ്ങളിലെ കുട്ടികളാണ് വളര്‍ച്ചയുടെ പടവുകളില്‍ ദൈവവിളി സ്വീകരിക്കുന്നതെത്രേ.ഇത്തരക്കാരില്‍ ചെറുപ്പം മുതലേ മറ്റുള്ളവരോട് സഹാനൂഭൂതി ,ദാനധര്‍മ്മങ്ങളില്‍ ഉള്ള താല്പ്പര്യം എന്നിവയും കൂടുതലാണ്.ഇവരാണ് പിന്നീട് കന്യസ്ത്രീകളായി തങ്ങളുടെ ജീവിത വഴി തിരഞ്ഞെടുക്കുന്നത് എന്നും പഠനങ്ങളില്‍ പറയുന്നു.തങ്ങളുടെ കച്ചവടത്തിനും സ്വകാര്യ നേട്ടങ്ങള്‍ ക്കുമായി ആത്മീയതയെ വില്‍ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന അഭിനവ ജെറുസലേം ദേവാലയത്തിലെ ഇത്തരം മലയാളി കച്ചവടക്കാര്‍ ഈ സത്യം പക്ഷെ സൌകര്യപൂര്‍വ്വം തങ്ങളുടെ ഇരകളോട് പറയുന്നില്ല.പകരം അവരില്‍ മിഥ്യാ ബോധ്യങ്ങള്‍ ജനിപ്പിച്ച് തെറ്റായ ആത്മീയതയുടെ കെണിക്കൂട്ടില്‍ പെടുത്തുകയാണ് ചെയുന്നത്.ഇവര്‍ക്കെതിരെ ആദ്യം ആര് ചാട്ടവാറെടുക്കും എന്ന ചോദ്യം മാത്രം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല