1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2012

സേവനത്തിന്റെ മാലാഖമാരാണ് നേഴ്സുമാര്‍, മറ്റുള്ളവരുടെ മുറിവുണക്കിയും കണ്ണീരോപ്പിയും അവര്‍ ലോകത്തിനു പ്രിയപ്പെട്ടവര്‍ ആകുന്നു, എന്നാല്‍ നെഴ്സുമാര്‍ക്കിടയിലും മനസ്സില്‍ ദുഷ്ടത കൊണ്ട് നടക്കുന്ന ചിലര്‍ ഉണ്ടാകാനുള്ള സാധ്യതയും നമുക്ക്‌ തള്ളിക്കളയാന്‍ ആകില്ല. അത്തരത്തില്‍ കിഡ്നി ഡയാലിസിസ് ട്യൂബുകളിലേക്ക് ബ്ലീച്ച് കടത്തിവിട്ടു അഞ്ചു രോഗികളെ കൊലപ്പെടുത്തി എന്ന് ആരോപണ വിധേയയായ നഴ്സ് കിംബര്‍ലി സെന്‍സ്‌ (38) കുറ്റക്കാരിയെന്ന് കോടതിയില്‍ തെളിഞ്ഞിരിക്കുന്നു. ഈ സംഭവത്തില്‍ അഞ്ചു പേര്‍ മരിക്കുകയും മറ്റു അഞ്ചു പേര്‍ ഗുരുതരാവസ്ഥയിലാകുകയും ചെയ്തിരുന്നു.

ടെക്സസിലെ ഡാവിറ്റ ഡയാലിസിസ് ക്ലിനിക്കില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാര്‍ച്ച് അഞ്ചിന് ആരംഭിച്ച വിചാരണയിലാണ് ഇവര്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. ഇവര്‍ക്ക് ജീവപര്യന്തമോ വധശിക്ഷയോ വരെ ലഭിക്കാമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. രോഗികള്‍ക്ക് നെഞ്ചു വേദന വരുന്ന സമയത്തും ഹൃദയസ്തംഭനം സംഭവിച്ച സമയങ്ങളിലും കിംബര്‍ലി ആയിരുന്നു ഡ്യൂട്ടിയില്‍ എന്നത് വളരെ പ്രധാനപെട്ട തെളിവുകളില്‍ ഒന്നായി. ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്മെന്റ്നു ലഭിച്ച ഒരു ഊമകത്താണ് സത്യങ്ങള്‍ പുറത്തു കൊണ്ട് വന്നത്. 2008 ഏപ്രിലില്‍ ആണ് കത്ത് ലഭിച്ചത് അതില്‍ രോഗികള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന ദയനീയാവസ്ഥ അന്വേഷിക്കുവനായി അപേക്ഷിച്ചിരുന്നു.

അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ അത്യാഹിത വിഭാഗത്തെ ഈ ക്ലിനിക്‌ ധാരാളം തവണ ബന്ധപ്പെട്ടു. എന്നാല്‍ അതിനു മുന്‍പുള്ള പതിനഞ്ചു മാസം വെറും രണ്ടു കോളുകള്‍ മാത്രമാണ് അത്യാഹിത വിഭാഗത്തിലേക്ക് പോയിരുന്നത്. ഈ തെളിവുകള്‍ വച്ച് അന്വേഷിച്ചപ്പോഴാണ് പല ഞെട്ടിക്കുന്ന സത്യങ്ങളും പുറത്തു വന്നത്. പ്രശ്നങ്ങള്‍ സംഭവിക്കുന്ന സമയത്തിന്റെ 84% നേരവും സെന്‍സ്‌ ആയിരുന്നു ഡ്യൂട്ടിയില്‍ എന്നത് തിരിച്ചറിഞ്ഞ ഇന്‍സ്പെക്ടര്‍ കേസിന് സുപ്രധാന വഴിത്തിരിവ് നല്‍കി. 2008 ഏപ്രില്‍ 28നു സെന്‍സ്‌ ഡയാലിസിസ് ട്യൂബുകളിലേക്ക് ബ്ലീച് കുത്തി വയ്ക്കുന്നത് തങ്ങള്‍ കണ്ടതായി രണ്ടു രോഗികള്‍ അധികൃതരെ അറിയിച്ചു.

അടുത്ത ദിവസം തന്നെ സെന്സിനു സസ്പെന്‍ഷന്‍ നല്‍കി. ഇതിനു ഒരു വര്‍ഷത്തിനു ശേഷമാണ് ബ്ലീച് എന്ന് അറിയപ്പെടുന്ന സോഡിയം ഹൈപോ ക്ലോറേറ്റ് ആണ് രോഗികളുടെ മരണത്തിന് കാരണമാക്കിയത് എന്ന് ആരോപണം ഉയര്‍ന്നത്. എന്നാല്‍ ഇത് സെന്‍സ്‌ നിഷേധിക്കുകയാണ് ഉണ്ടായത്. വളരെ ഉള്‍വലിഞ്ഞ പ്രകൃതമായിരുന്ന സെന്‍സ്‌ പിന്നീട് വിചാരണയിലാണ് പെട്ട് പോയത്. തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ മരുന്നുകളുടെയും മയക്കു മരുന്നിന്റെയും ഉപയോഗം കാരണം നാല് പ്രാവശ്യം എങ്കിലും ഇവരെ ജോലിയില്‍ നിന്നും പറഞ്ഞു വിട്ടിട്ടുണ്ട്.

അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ സെന്‍സ്‌ ബ്ലീചിനെ പറ്റി ഇന്റര്‍നെറ്റില്‍ പരതിയതായി കണ്ടെത്തുകയും ചെയ്തു. പക്ഷെ രോഗികളെ രക്ഷിക്കുന്നതിനാണ് താന്‍ വിവരങ്ങള്‍ പരതിയത് എന്ന് സെന്‍സ്‌ അറിയിച്ചു. കുറ്റം സമ്മതിക്കുന്ന പക്ഷം സെന്സിനെ വധശിക്ഷക്ക് വിധിക്കും എന്നാണു പല വൃത്തങ്ങളും സൂചിപ്പിച്ചത്. എന്തായാലും സേവനം പ്രധാന ലക്ഷ്യമാക്കി നേഴ്സായി ജീവിതം നയിക്കുന്ന നെഴ്സുമാര്‍ക്ക് മുഴുവന്‍ കളങ്കം ചാര്‍ത്തി കൊടുത്തിരിക്കുകയാണ് ഈ നേഴ്സ്. ഇവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കും എന്നാണു ഇവരുടെ ക്രൂരതയ്ക്ക് പാത്രമായ രോഗികളുടെ ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.