1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2012

കേരളത്തെ വരുകാലങ്ങളില്‍ വന്‍ പ്രതിസന്ധികളിലേക്ക് കൊണ്ടെത്തിക്കുന്ന വിദ്യാഭ്യാസ വായ്പയുടെ ആദ്യ ‘രക്തസാക്ഷി’ വയനാട് ജില്ലയില്‍. കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ക്ക് തുടക്കമിട്ട വയനാട് ജില്ലയില്‍ തന്നെയാണ് വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ യുവതി തൂങ്ങിമരിച്ചത്.

കാര്‍ഷിക തകര്‍ച്ചയും അതേത്തുടര്‍ന്ന് കടക്കെണി മരണങ്ങളും സര്‍വസാധാരണമായ വയനാട്ടില്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ബാങ്കിന്റെ നടപടി ഭയന്ന് അമ്പലവയല്‍ ആനപ്പാറ അമ്പലമൂല വട്ടമറ്റത്തില്‍ നാരായണന്‍-അംബിക ദമ്പതികളുടെ മകള്‍ ധന്യ(23)ആണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.
വായ്പ കിട്ടാതെ മക്കളുടെ വിദ്യാഭ്യാസം മുടങ്ങിയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്ത സംഭവവും വിദ്യാഭ്യാസ വായ്പ ലഭിക്കാതെ പഠനം മുടങ്ങുമെന്ന ഭീതിയില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളും സംസ്ഥാനത്ത് അടുത്ത കാലത്തുണ്ടായിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ഒരാള്‍ ജീവനൊടുക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്.

സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ അമ്പലവയല്‍ ശാഖയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് ധന്യ ബിഎസ്‌സി നഴ്‌സിംഗ് പഠനം പൂര്‍ത്തീകരിച്ചത്. പഠനം കഴിഞ്ഞിട്ടും കാര്യമായ വരുമാനമുള്ള ജോലി കിട്ടിയില്ല. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ താല്‍ക്കാലികമായി ജോലി ലഭിച്ചെങ്കിലും വരുമാനം തുച്ഛമായിരുന്നു.
ജോലി ലഭിച്ചാല്‍ വായ്പയിലേക്ക് തിരിച്ചടവ് ആരംഭിക്കണം. എന്നാല്‍ ചെലവ് കഴിച്ച് കാര്യമായൊന്നും ബാക്കിയില്ലാത്തതിനാല്‍ അടവും നടന്നില്ല. ഇതിനിടെ വിവാഹാലോചന നടക്കുകയും ചെയ്തു. കാര്യമായ സാമ്പത്തിക സ്ഥിതിയില്ലാത്ത വീട്ടുകാര്‍ക്ക് ഭാരമാവുമെന്ന ചിന്തയാണ് ധന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

ധന്യയുടെ വിദ്യാഭ്യാസ വായ്പയ്ക്ക് പുറമെ നാരായണന്റെ പേരില്‍ കാര്‍ഷിക വായ്പയായി 80,000 രൂപ വേറെയും ഉണ്ട്. വായ്പകള്‍ക്ക് ജാമ്യക്കാരനായ ആളോട് കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്ന് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് യുവതിയെ കൂടുതല്‍ വേവലാതിപ്പെടുത്തി. സ്വന്തമായുള്ള ഒരേക്കര്‍ കൃഷിയിടത്തില്‍ പകുതി വിറ്റ് ബാങ്ക് വായ്പ അടക്കമുള്ള ബാധ്യതകള്‍ തീര്‍ക്കാന്‍ നാരായണന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സ്ഥലം വില്‍പന കൂടി മുടങ്ങിയപ്പോള്‍ പ്രതീക്ഷയാകെ നഷ്ടപ്പെട്ടാണ് ധന്യയുടെ മരണമെന്ന് നാട്ടുകാര്‍ പറയുന്നു.

വയനാട് ജില്ലയില്‍ ആകെ കുടിശികയുള്ള വിദ്യാഭ്യാസ വായ്പയില്‍ മുപ്പത് കോടിയില്‍പ്പരം രൂപ നഴ്‌സിംഗ് പഠനത്തിന്റെ പേരിലാണ്. ഈ വായ്പക്കാരില്‍ മഹാഭൂരിപക്ഷത്തിനും ജോലി ലഭിച്ചിട്ടില്ല. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാടിച്ചിറയിലുള്ള സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ നിന്ന് മാത്രം നഴ്‌സിംഗ് പഠനത്തിന് കൊടുത്തിട്ടുള്ള വിദ്യാഭ്യാസ വായ്പ അഞ്ച് കോടിയോളമാണ്. നഴ്‌സിംഗ് മേഖലയില്‍ തൊഴില്‍ അവസരം കുറഞ്ഞതോടെ ഇതിനുള്ള വിദ്യാഭ്യാസ വായ്പയില്‍ ബാങ്കുകള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാര്‍ഷികമേഖലയിലെ പ്രതിസന്ധി പോലെ തന്നെ രൂക്ഷമാണ് കേരളത്തിലെ വിദ്യാഭ്യാസ വായ്പയെടുത്ത ആളുകളുടെ സ്ഥിതിയും. വിദ്യാഭ്യാസ വായ്പയെടുത്ത് പെണ്‍കുട്ടികളെ പഠിപ്പിച്ച ശേഷം വിവാഹസമയത്ത് സ്ത്രീധനമടക്കം വന്‍തുക വേണ്ടിവരുന്നതും കേരളം നേരിടുന്ന പ്രതിസന്ധികളില്‍ പ്രധാനമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.