ഇന്റര്‍ നാഷണല്‍ നേഴ്സസ് ഡേ ദിനമായ മെയ് 12ന് ലിംകയുടെ നേഴ്സസ് ഡേ ആചരിച്ചു. നേഴ്സസ് ഡേയുടെ അന്തസ്സത്തയ്ക്ക് ചേര്‍ന്ന രീതിയില്‍ സംഘടിപ്പിക്കപ്പെട്ടിരുന്ന പരിപാടികള്‍ ആ ദിവസത്തെ കൂടുതല്‍ ശ്രദ്ധേയവും അര്‍ത്ഥപൂര്‍ണ്ണവുമാക്കി. കൈയില്‍ മെഴുകുതിരി കത്തിച്ച് പിടിച്ച് നേഴ്സസ് പ്ലെഡ്ജ് ഒരിയ്ക്കല്‍ക്കൂടി ആത്മാര്‍ത്ഥതയോടെ ഏറ്റു ചൊല്ലിയപ്പോള്‍ ചെയ്യുന്ന ജോലിയുടെ മഹത്വവും ഉത്തരവാദിത്വവും ബോധ്യപ്പെടുകയായിരുന്നു.
ലിംക വൈസ് ചെയര്‍പേഴ്സണ്‍ ലിന്‍സി സന്തോഷ് ആണ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്. ആന്‍ഡ്രി യൂണീവേഴ്സിറ്റി ഹോസ്പിറ്റലിലെ ഇക്വാലിറ്റി ആന്‍ഡ് ഡൈവേഴ്സിറ്റി വിഭാഗത്തിലെ തലവന്‍ ഷബിര്‍ അബ്ദുള്‍ ആയിരുന്നു വിശിഷ്ടാതിഥി. അദ്ദേഹം മുഖ്യപ്രഭാഷണത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ നടത്തുന്ന നിസ്തുല സേവനത്തെ പ്രകീര്‍ത്തിച്ചു. വളരെ ശാസ്ത്രീയമായി നടത്തിയ വിശകലനത്തില്‍ യു.കെയില്‍ എന്‍.എച്ച്.എസ്സിനു കീഴിലുള്ള ആശുപത്രികളില്‍ നേഴ്സുമാര്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമായതുകൊണ്ടല്ല, മറിച്ച് നിയമങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിയ്ക്കാന്‍ കഴിയാത്തതാണ് പ്രശ്നമെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. NHS IS HERE FOR EVERYONE എന്നതായിരുന്നു പ്രഭാഷണത്തിന്റെ വിഷയം. തുടര്‍ന്നു നടന്ന ഓപ്പണ്‍ ഫോറത്തില്‍ ചെയര്‍പേഴ്സണ്‍ തമ്പിജോസ് നേഴ്സുമാര്‍ നേരിടുന്ന ഡിസ്ക്രിമിനേഷന്‍ പ്രശ്നങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുകയുണ്ടായി. തങ്ങള്‍ ഒറ്റയ്ക്കാണെന്ന തോന്നല്‍ ഉപേക്ഷിക്കാനും തങ്ങളോടൊപ്പം ലിംക ഉണ്ടെന്നുമുള്ള തോന്നലിലേക്കുയരുവാന്‍ അദ്ദേഹം നേഴ്സുമാരെ ഉപദേശിച്ചു.
തുടര്‍ന്ന് നടന്ന ക്വിസ് പരിപാടിയില്‍ എല്‍സിരാജി, സ്വപ്ന സണ്ണി, പ്രിന്‍സി സന്തോഷ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. തുടര്‍ന്ന് കലാപരിപാടികളും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക്, സെക്രട്ടറി മനോജ് വര്‍ഗ്ഗീസ്, ട്രഷറര്‍ എബി മാത്യു, തോമസ് ജോണ്‍ ജേക്കബ്ബ് വി.കെ, ലിന്‍സ് അയ്യനാട്ട്, ജെയ്സന്‍ ജോസഫ്, ജോസ് കണ്ണങ്കര എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല