കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള ആസ്പത്രികളില്‍ അവകാശങ്ങള്‍ക്കു വേണ്ടി നഴ്സുമാര്‍ സമരം ചെയ്ത പശ്ചാത്തലത്തില്‍ നേഴ്സുമാരെ നിയമിക്കുന്നതില്‍ മാനേജ്മെന്റുകള്‍ പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. ജോലി ഒഴികെ മറ്റൊന്നിലും ആസ്പത്രികളുമായി നേരിട്ട് ബന്ധമില്ലാത്ത രീതിയില്‍ നഴ്സുമാരെ റിക്രൂട്ടു ചെയ്യുന്ന രീതിയാണ് മുംബൈയില്‍ ആരംഭിച്ചിരിക്കുന്നത്. നഴ്സുമാരുടെ ശമ്പളം, അലവന്‍സ്, പ്രോവിഡന്റ്ഫണ്ട്, തുടങ്ങി ഒരു കാര്യത്തിലും ആസ്പത്രിക്ക് ഒരു ബാധ്യതയുമില്ലാത്ത രീതിയിലാണ് നഗരത്തിലെ പല ആസ്പത്രികളിലും നഴ്സിങ് റിക്രൂട്ട്മെന്റ്.
ഇവരുടെ ശമ്പളം കൊടുക്കുന്നത് റിക്രൂട്ട്മെന്റ് ഏജന്‍സിയായിരിക്കും.അടുത്തിടെ നേഴ്സുമാര്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നടത്തിയ സമരങ്ങള്‍ സമരം ആസ്പത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. നിരവധി പേര് ഒരുമിച്ച് രാജിവെച്ചതോടെ പല ആസ്പത്രികളും പ്രതിസന്ധിയിലായി. ഇതിനെ മറികടക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.
റിക്രൂട്ട്മെന്റ് നടത്തുന്ന ഏജന്‍സിക്കായിരിക്കും ഇതു പ്രകാരം നഴ്സുമാരുടെ എല്ലാ ബാധ്യതകളും. നഴ്സുമാരുടെ വേതനം മൊത്തമായി ആസ്പത്രി മാനേജ്മെന്റ് ഏജന്‍സിക്കു കൈമാറും. ഇവര്‍ ഇത് വിതരണം ചെയ്യും. പ്രൊവിഡന്റ്ഫണ്ട് പോലും ഏജന്‍സിയുടെ ജീവനക്കാരന് എന്ന പേരിലായിരിക്കും. നവി മുംബൈയിലെ ഒരു ഏജന്സിയാകട്ടെ സ്വന്തമായി നഴ്സിങ് ഹോസ്റ്റല്‍ പോലും തുടങ്ങിക്കഴിഞ്ഞു.
മുംബൈയിലെ പ്രമുഖ ഹോസ്പിറ്റലുകളില്‍ പലതും പുതുതായി നഴ്സുമാരെ എടുക്കുന്നത് ഈ രീതിയിലാണ്. മുമ്പ് നിലനിന്നിരുന്ന ബോണ്ട് സമ്പ്രദായവും മറ്റും പുതിയ സംവിധാത്തിലില്ല എന്നത് നഴ്സുമാര്‍ക്ക് ഗുണം ചെയ്യും. ആസ്പത്രിയുടെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന് പകരം ഏജന്‍സിയുടെ സര്‍ട്ടിഫിക്കറ്റായിരിക്കും ഇവര്‍ക്ക് ലഭിക്കുക. ജോലിയുമായി ബന്ധപ്പെട്ട് അവകാശങ്ങള്‍ ഉന്നയിക്കാനോ പ്രതിഷേധിക്കാനോ ഇതുമൂലം കഴിയാതെ വരും.
സ്ഥിരമായി ഒരാസ്പത്രിയില്‍ നിര്‍ത്താതെ ചെറിയ കാലയളവില്‍ പലയിടത്തായി നഴ്സുമാരെ അയയ്ക്കാനും ഏജന്‍സികള്‍ക്ക് കഴിയും. ജോലിയില്‍ കാര്യമായിശ്രദ്ധിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല നഴ്സിങ് മേഖല തന്നെ കരാര്‍ ജോലിയുടെ മോശമായ അവസ്ഥയിലേക്ക് തള്ളപ്പെടാനുള്ള സാധ്യതയുമാണ് ഇത് മൂലം സംഭവിക്കുക എന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈയിലെ നാല് ഏജന്‍സികള്‍ ഈ രീതിയില്‍ അഞ്ഞൂറിലധികം നഴ്സുമാരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല