നഴ്‌സുമാരുടെ ശമ്പളം ഉയര്‍ത്തിക്കൊണ്ടുള്ള ബലരാമന്‍ കമ്മിറ്റിയുടെ ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംഘടന വ്യക്തമാക്കി. ശമ്പള വര്‍ധന ശുപാര്‍ശ ചെയ്യാന്‍ കമ്മിഷന് അധികാരമില്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ മാനേജ്‌മെന്റുകളുടെ വാദം കേട്ടില്ലെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.
റിപ്പോര്‍ട്ട് തികച്ചും ഏകപക്ഷീയമാണ്. സര്‍ക്കാര്‍ ആസ്പത്രികളില്‍ രണ്ട് ഷിഫ്റ്റുള്ളപ്പോള്‍ സ്വകാര്യ ആസ്പത്രികളില്‍ മൂന്ന് ഷിഫ്റ്റ് വേണമെന്ന് പറയുന്നത് വിരോധാഭാസമാണ്. പോലീസ് ആവശ്യപ്പെട്ടതുപ്രകാരമാണ് സിസി ടിവികള്‍ സ്ഥാപിച്ചതെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. റിപ്പോര്‍ട്ട് തള്ളി സ്വകാര്യ ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 12900 രൂപയാക്കണമെന്ന് ബലരാമന്‍ കമ്മിറ്റി
സ്വകാര്യ മേഖലയില്‍ സ്റ്റാഫ് നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 12,900 ആയി നിശ്ചയിക്കണമെന്ന് ഡോ. എസ്. ബലരാമന്‍ കമ്മിറ്റി നിര്‍ദേശിച്ചു. എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റ് സമ്പ്രദായം എല്ലാ ആസ്പത്രികളിലും നടപ്പാക്കണമെന്നും സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുന്‍ ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിന്റെ സാന്നിധ്യത്തില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന് കൈമാറി. റിപ്പോര്‍ട്ട് പഠിച്ച് സമയബന്ധിതമായി നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
സ്വകാര്യ ആസ്പത്രികളിലെ നഴ്സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജനവരിയിലാണ് മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എസ് ബലരാമന്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചത്. എല്ലാമാസവും അഞ്ചാം തീയതിക്കകം ബാങ്ക് വഴി ശമ്പളം നല്‍കണമെന്നാണ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. ബോണ്‍ഡ് സമ്പ്രദായം നിയമവിരുദ്ധമാണ്. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവയ്ക്കുന്നതും ഡിപ്പോസിറ്റ് വാങ്ങുന്നതും രജിസ്‌ട്രേഡ് നഴ്‌സുമാരെ ട്രെയിനികളായി നിയമിക്കുന്നതും നിയമ വിരുദ്ധമായതിനാല്‍ അടിയന്തരമായി നിര്‍ത്തണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
പുതുതായി നിയമിക്കുന്ന നഴ്‌സുമാര്‍ക്ക് നാല് മുതല്‍ ആറ് ആഴ്ച വരെ നീളുന്ന പരിശീലനം നല്‍കണം. ആസ്പത്രി സാഹചര്യങ്ങളുമായി പരിചയപ്പെടുന്നതിനാണിത്.
സര്‍ക്കാര്‍ മേഖലയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് ആയിരം രൂപ കുറച്ചാണ് സ്വകാര്യ മേഖലയിലെ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. 250 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റ് നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നുവര്‍ഷം പരിചയമുള്ള സീനിയര്‍ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് 13,650 രൂപയാണ് അടിസ്ഥാന ശമ്പളം. 300 രൂപ ഇന്‍ക്രിമെന്റും നിര്‍ദേശിച്ചു. ഹെഡ്‌നഴ്‌സുമാര്‍ക്ക് 15,150 രൂപയും 350 രൂപ ഇന്‍ക്രിമെന്റും. മറ്റ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം: ഡെപ്യൂട്ടി നഴസിങ് സൂപ്രണ്ട് – 17,740 (400) , നഴ്‌സിങ് സൂപ്രണ്ട് 19,740 (450) . നഴ്‌സിങ് ഓഫീസര്‍ – 21,360 (500).
സ്ഥലം, കിടക്കകളുടെ എണ്ണം, തരം തിരിവ് എന്നിവ നോക്കാതെയാണ് അടിസ്ഥാന ശമ്പളം നിശ്ചയിച്ചിട്ടുള്ളത്. ഉപഭോക്തൃ സൂചിക അനുസരിച്ച് ക്ഷാമ ബത്ത നിശ്ചയിക്കണം. വീട്ടുവാടക, സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് എന്നിവ ആസ്പത്രി നില്‍ക്കുന്ന സ്ഥലത്തിന് അനുസരിച്ച് സര്‍ക്കാര്‍ നിശ്ചയിക്കണം. വര്‍ഷം ആയിരം രൂപ യൂണിഫോം അലവന്‍സും 15,000 രൂപവരെ അടിസ്ഥാന ശമ്പളം വാങ്ങുന്നവര്‍ക്ക് ഒരുമാസ ശമ്പളം ബോണസും നല്‍കണം. 500 രൂപ സ്‌പെഷ്യല്‍/ റിസ്‌ക് അലവന്‍സ്, ദിവസം 50 രൂപ നൈറ്റ് അലവന്‍സ്, മണിക്കൂറിന് 150 രൂപ ഓവര്‍ടൈം അലവന്‍സ് എന്നിവയും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.
12 കാഷ്വല്‍ ലീവ്, 12 ആന്വല്‍ ലീവ്, 12 സിക്ക് ലീവ്, 13 പൊതു അവധി ദിവസങ്ങള്‍ എന്നിവയും ബാധകമാണ്. അധിക ജോലിക്ക് പകരം അവധിയോ മറ്റ് ആനുകൂല്യമോ നല്‍കണം. എട്ട് മണിക്കൂര്‍ ജോലി സമയം കര്‍ശനമാക്കുകയും ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലിയില്‍ കൂടാന്‍ പാടില്ല എന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കുകയും വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല