പിറവം ഇലക്ഷന്‍ കഴിഞ്ഞതോടെ പോലീസും സമരം ചെയ്ത നെഴ്സുമാര്‍ക്കെതിരെ മാനേജ്മേന്റിനോപ്പം ചേര്‍ന്ന് നടപടികള്‍ കൈക്കൊണ്ടാതോടെ നേഴ്സുമാര്‍ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നഴ്‌സുമാര്‍ ഇന്നലെ സംസ്‌ഥാന വ്യാപകമായി കരിദിനം ആചരിച്ചു. മരട് ലേക്‌ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്‌തുകൊണ്ടിരുന്ന നഴ്‌സുമാരെ ശനിയാഴ്‌ച വൈകിട്ട് പോലീസ് ലാത്തിച്ചാര്‍ജ് ചെയ്‌തതില്‍ പ്രതിഷേധിച്ചായിരുന്നു കരിദിനാചരണം.
നഴ്‌സുമാര്‍ കറുത്ത ബാഡ്‌ജ് ധരിച്ചാണ് ഇന്നലെ ജോലിക്ക് എത്തിയത്. ലേക്‌ഷോര്‍ ആശുപത്രിയില്‍ സമരം ഇന്നുമുതല്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ജനകീയ സമിതി രൂപീകരിച്ചു. രാഷ്‌ട്രീയ നേതാക്കള്‍, വനിതാസംഘടനകള്‍, ഓട്ടോ ടാക്‌സി ജീവനക്കാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് ജനകീയ സമിതി രൂപീകരിച്ചത്. ഇന്ന് വമ്പിച്ച ജനകീയ ധര്‍ണ ലേക്‌ഷോറിനുമുന്നില്‍ നടത്താനാണ് തീരുമാനം.
ഓരോ ജില്ലയില്‍നിന്നും 50 പ്രതിനിധികള്‍ വീതം ഉപവാസ ധര്‍ണയില്‍ പങ്കെടുക്കും. രാവിലെ ഉപവാസം ആരംഭിച്ചു. നാടുമുഴുവന്‍ മൈക്ക് പ്രചരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. നാളെ പൊതുജന റാലി നടത്തും. പ്രശ്‌നപരിഹാരമുണ്ടാകാത്ത പക്ഷം വ്യാഴാഴ്‌ച മുതല്‍ നിരാഹാര സമരം ശക്‌തമാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. മിനിമംവേജ് നല്‍കുമെന്ന മാനേജ്‌മെന്റ് തീരുമാനം നടപ്പായിട്ടില്ല. സമരം ചെയ്‌തതിന്റെ പേരില്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന ആവശ്യം മാനേജ്‌മെന്റ് നിരാകരിച്ചിരിക്കുകയാണ്.
സമരം ചെയ്‌ത നഴ്‌സുമാരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് നിഷ്‌കരുണം തല്ലിച്ചതയ്‌ക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് ആശുപത്രിയിലേക്കുവന്ന ഡോക്‌ടറെ തടഞ്ഞ സംഭവത്തിലും നഴ്‌സുമാരെ കുറ്റപ്പെടുത്തുന്ന നടപടിയാണുണ്ടായത്. ഡോക്‌ടര്‍മാര്‍ മദ്യപിച്ച് ആശുപത്രിയിലെത്തുന്ന പ്രവണതയ്‌ക്കെതിരേ നഴ്‌സുമാരുടെ സംഘടന സംസ്‌ഥാന വ്യാപകമായി ബോധവല്‍ക്കരണം നടത്തുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് ജാസ്‌മിന്‍ ഷാ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല