കച്ചവട സാധ്യതകള്‍ തിരിച്ചറിഞ്ഞ് പരസ്പരം മത്സരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വെല്ലുന്ന മത്സരമാണ് ആരോഗ്യരംഗത്തെ നെടുംതൂണുകളായ ആശുപത്രികളില്‍ അരങ്ങേറുന്നത്. ലാഭക്കൊതിയോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ പക്ഷെ വളരെ ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതും ശാശ്വത പരിഹാരം കാണേണ്ടതുമായ വിഷയമാണ് നേഴ്സുമാര്‍ക്കെതിരെ ആശുപത്രി മാനേജ്മെന്‍റുകള്‍ കാണിക്കുന്ന ക്രൂരതകള്‍. എന്നാല്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ നേഴ്സുമാരുടെ ഈ സമരത്തെ കണ്ടില്ലെന്നു നടിക്കുകയാണ്.
ഇന്ത്യയിലെ മഹാനഗരങ്ങളായ ദില്ലി, മുംബൈ, കൊല്‍ക്കത്ത മുതലായവയിലാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ആദ്യം സമരം തുടങ്ങിയത്. ശമ്പളം തുച്ഛം, സേവന വ്യവസ്ഥകള്‍ അതിലും മോശം. ജോലി ഭാരമോ അതികഠിനം. പിരിഞ്ഞുപോകണമെങ്കില്‍ തുക അങ്ങോട്ടു കൊടുക്കണം. എങ്കില്‍ മാത്രമേ, സര്‍ട്ടിഫിക്കറ്റ് തിരിച്ചുകൊടുക്കൂ. സേവനപരിചയം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും കിട്ടുകയുള്ളൂ. മറ്റൊരു തൊഴില്‍മേഖലയിലും ഇല്ലാത്തതാണ് ഈ പ്രശ്നങ്ങള്‍ . കാരണം നഴ്സുമാരില്‍ മഹാഭൂരിപക്ഷം സ്ത്രീകളാണ്. മിക്കവരും അവിവാഹിതകളായ ചെറുപ്പക്കാരികള്‍ . ഏറ്റവും ക്രൂരവും നിന്ദ്യവുമായ രീതിയിലാണ് ഇവരുടെ സമരത്തെ ആശുപത്രി മുതലാളിമാര്‍ നേരിട്ടത്. ഭരണാധികാരികളും പോലീസും കോടതിയും ഇടപെട്ടപ്പോഴാണ് മുതലാളിമാര്‍ അല്‍പം അയഞ്ഞത്.
പിന്നീട് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോഴേക്ക് കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള സ്വകാര്യ ആശുപത്രികളിലും ഇത്തരം സമരം അരങ്ങേറി. സേവനമാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഉച്ചത്തില്‍ വിളംബരം ചെയ്യുന്ന ചില സ്ഥാപനങ്ങളില്‍ അവരുടെ നേരെ ബലപ്രയോഗം വരെ ഉണ്ടായി. രാഷ്ട്രീയ നേതാക്കളടക്കം നാനാസംഘടനാ നേതാക്കള്‍ ഇടപെട്ടതിെന്‍റ ഫലമായി ചിലയിടങ്ങളില്‍ തല്‍ക്കാലത്തേക്ക് സമരം ഒത്തുതീര്‍പ്പായി. എങ്കിലും ഏതു സമയത്തും പൊട്ടിയൊഴുകാവുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥിതിയിലാണ് മിക്ക സ്വകാര്യ ആശുപത്രികളിലെയും നഴ്സിങ് ജീവനക്കാരുടെ സ്ഥിതി.
വാസ്തവത്തില്‍ സ്വകാര്യ ആശുപത്രികളിലെ മാത്രം കാര്യമല്ല ഇത് മറിച്ച് സര്‍ക്കാര്‍ ആശുപത്രിയെന്നോ ജീവകാരുണ്യത്തിന്‍റെ പേരില്‍ നടത്തുന്ന ആശുപ്രതികളോ എന്നുവേണ്ട സകല ആശുപത്രികളിലും നേഴ്സുമാരുടെ സ്ഥിതി വിഭിന്നമല്ല. ഏതാനും ചില ആശുപത്രികള്‍ മാത്രമാണ് ഇതിനൊരപവാദം. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗവണ്‍മെന്‍റ് നേഴ്സസ് അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ ഉള്ളതിനാല്‍ അത്രയധികം പ്രശ്നങ്ങള്‍ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നില്ല. എന്നാല്‍ സ്വകാര്യ ആശുപത്രികളിലാകട്ടെ അടിസ്ഥാനമുള്ള ഒരു സംഘടന ഇല്ലെന്നു മാത്രമല്ല, സംഘടിക്കാനുള്ള സാഹചര്യങ്ങളും നീക്കങ്ങളും പലപ്പോഴും ഇല്ലാതാക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഇവിടങ്ങളില്‍ നേഴ്സുമാര്‍ അനുഭവിക്കുന്ന കഷ്ടപാടുകള്‍ ചെറിയൊരു പക്ഷത്തിന്‍റെ നിലവിളി മാത്രമായി ഒതുങ്ങിപ്പോകുന്ന കാഴ്ചയാണ് കാലങ്ങളായി നാം കണ്ടുവരുന്നത്.
തൃശൂരിലെ മദര്‍ ആശുപത്രിയും അമല ആശുപത്രിയും, കൊല്ലത്ത് ശങ്കേഴ്സ് ആശുപത്രി, എറണാകുളത്ത് അമൃത ആശുപത്രി, ചാത്തന്നൂര്‍ അസീസിയാ ആശുപത്രി തുടങ്ങിയ സ്വകാരാശ്യുപത്രികളിലെ സമരത്തിന്‍റെ ചുവടുപിടിച്ച് തൃശൂര്‍ കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന്‍ ആശുപത്രി, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളെജ് ആശുപത്രി തുടങ്ങി അനേകം സ്ഥാപനങ്ങളിലേക്കും സമരത്തീ പടര്‍ന്നിരിക്കയാണ്. കേരളത്തിലെ മറ്റ് സ്വകാര്യ ആശുപത്രികളിലും ഈ അസംത്പൃതി പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് സൂചന. ഇതിനിടയില്‍, അവകാശത്തിനായി മുറവിളി കൂട്ടിയവരും സമരങ്ങളുമായി രംഗത്തെത്തിയവരും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷാവസാനത്തില്‍ ഇന്‍ഡ്യന്‍ രജിസ്റ്റേഡ് നഴ്‍സസ് അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘടനക്ക് രൂപം കൊടുത്തു എന്നതുമാത്രമാണ് അല്‍പ്പമെങ്കിലും പ്രതീക്ഷ നല്‍കുന്ന കാര്യം.
നേഴ്സുമാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മഹത്തായ ജോലിയുടെ ഭാഗമാണെന്ന് കരുതാനാണ് കേരളത്തിലെപൊതുസമൂഹം എപ്പോഴും ഇഷ്ടപ്പെടുന്നത് എന്ന് തോന്നുന്നു. അതുകൊണ്ടാകണം സമൂഹ മനസാക്ഷിക്കു മുന്നിലേക്ക് ഇവരുടെ നീറുന്ന പ്രശ്നങ്ങള്‍ ഇനിയും കടന്നുചെല്ലാത്തത്. എന്തിനും ഏതിനും പ്രതികരിക്കുന്ന കേരളത്തിലെ പൊതുസമൂഹം ഇതിനെയും അത്ര കാര്യമായി എടുത്തില്ല. കേരളത്തിനു വെളിയില്‍ മലയാളി നേഴ്സ്മാര്‍ക്കെതിരെ നടന്ന അക്രമങ്ങളെയും അവര്‍ നടത്തിയ സമരത്തെയും വീറോടെ എഴുതിവെച്ച കേരളത്തിലെ സാമുഹ്യ പ്രതിബദ്ധതയുള്ള മുഖ്യധാരാ മാധ്യമങ്ങളില്‍ പലതും കണ്ണിനുമുന്നിലെ പ്രശ്നത്തെ നിസാരവല്‍ക്കരിച്ചതാണ് കാണാന്‍ കഴിയുന്നത്.
ആശുപത്രികളും ഉടമകളും അത്ര വലിയ പരസ്യങ്ങളുമായി മാധ്യമങ്ങളുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നവര്‍ അല്ലാതിരുന്നിട്ടും കേരളത്തിലെ ഭൂരിഭാഗം മാധ്യമങ്ങളും നേഴ്സുമാരുടെ അവകാശ സമരത്തെ കണ്ടില്ലെന്ന് നടിച്ചു. ഒരുപക്ഷെ സ്വകാര്യ ആശുപ്രതികളില്‍ പലതും സാമുദായിക സംഘടനകളുടെ കീഴില്‍ വരുന്നതുകൊണ്ടാകാം മാധ്യമങ്ങള്‍ കണ്ണടച്ചുകളഞ്ഞത്. അങ്ങിനെ ചിന്തിക്കുമ്പോള്‍ തന്നെയും ഇതിനെല്ലാം പിന്നില്‍ എന്തു യുക്തിയാണ് മറഞ്ഞുകിടക്കുന്നതെന്ന് ഇനിയും മനസിലാക്കാനാകാത്ത കാര്യമാണ്.
അപ്രകാരം മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ മറന്നുപോയ അവകാശ സമരത്തെ ഫേസ്ബുക്ക്, ട്വിറ്റെര്‍ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും ബ്ലോഗ് പോലുള്ള സമാന്തര മാധ്യമങ്ങളും ഏറ്റുപിടിച്ചത് ആശ്വാസം നല്‍കുന്നുണ്ട്. പൊതുസമുഹത്തിനു മുന്നിലേക്ക് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കഴിയുന്നുമുണ്ട് എന്നതാണു ശ്രദ്ധിക്കേണ്ട വസ്തുത. അതിനാല്‍ ഇത്തരത്തിലെ സാധ്യതകളെ ഉപയോഗിച്ചുകൊണ്ട് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ജനകീയ മുഖം നല്‍കാനുള്ള ശ്രമത്തിലാണ് നേഴ്സിംഗ് തൊഴിലാളികളും അവര്‍ രൂപംകൊടുത്ത പുതിയ സംഘടനകളും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല