സമരം ചെയ്ത നഴ്സുമാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്സുമാരുമായി തൊഴില്‍ മന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് സമരം തുടരുമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തൊഴില്‍മന്ത്രി നഴ്സുമാരുമായി ഇന്നലെ ചര്‍ച്ച നടത്തിയത്. പ്രതികാര നടപടികളുടെ ഭാഗമായി പിരിച്ചുവിട്ട രണ്ടു നഴ്സുമാരെ തിരിച്ചെടുക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം.
എന്നാല്‍ മാനേജ്മെന്റ് വിട്ടുവീഴ്ചയ്ക്ക് തയാറാവാത്തതിനെത്തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിനു മുന്‍പില്‍ നഴ്സുമാര്‍ ഇന്നലെ ആരംഭിച്ച ഉപരോധ സമരം ഇന്നും തുടരുന്നു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ റോഡില്‍ പ്രകടനം നടത്തിയ നഴ്സുമാര്‍ വൈകിട്ടോടെയാണ് പ്രവേശനകവാടത്തില്‍ കുത്തിയിരുന്ന് ഉപരോധം തുടങ്ങിയത്.
സമരം ഇത്രയൊക്കെ ശക്തമായിട്ടും മാനേജ്മെന്റ് തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നത് രോഗികളെ ദുരിതത്തില്‍ ആക്കുന്നുണ്ട്. ഡോക്ടര്‍മാരേയും രോഗികളെയും മറ്റും ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കാതെയുള്ള സമരം ആശുപത്രിയെ തകര്‍ക്കാനുള്ളതാണെന്നാണ് മാനേജ്മെന്റ് ആരോപിക്കുന്നു. എന്നാല്‍ തങ്ങളുടെ മാന്യമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് നഴ്സുമാരുടെ സംഘടനയും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല