തൊഴില്‍ മന്ത്രിയുടെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പ് കരാറിലെ വ്യവസ്ഥകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം ആരംഭിച്ച കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലെ മുന്നൂറോളം നഴ്സുമാര്‍ക്കെതിരേ പൊലീസ് കേസെടുത്തു. ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണു കേസ്.
പനങ്ങാട് പൊലീസാണു കേസെടുത്തത്. ആശുപത്രിയുടെ റിസപ്ക്ഷനിലാണു നഴ്സുമാര്‍ ഇപ്പോള്‍ സമരം നടത്തുന്നത്. ഇതു മൂലം ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണു പൊലീസ് കേസെടുത്തത്. കരാറിലെ വ്യവസ്ഥപ്രകാരം ആര്‍ക്കും ശമ്പളം നല്‍കുന്നില്ലെന്നും സമരത്തില്‍ പങ്കെടുത്ത നേഴ്സുമാരോട് പ്രതികാരമനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും ആരോപിച്ചാണ് നേഴ്സുമാര്‍ വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്.
ട്രെയ്നികളായ 18 നേഴ്സുമാരെ പിരിച്ചുവിടാനുള്ള നീക്കമാണ് അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞിരുന്നു. ഇവരെ പിരിച്ചുവിടാന്‍ അനുവദിച്ചാല്‍ മറ്റുള്ളവരുടെ ആനുകൂല്യങ്ങള്‍ അംഗീകരിക്കാമെന്ന മാനേജ്മെന്റ് നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയാണ് വീണ്ടും സമരത്തിന് ഇറങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല