സ്വന്തം ലേഖകന്‍: കേരളത്തിലെ നഴ്‌സുമാരുടെ സമരം, മുഖ്യമന്ത്രിയും ഹൈക്കോടതിയും ഇടപെടുന്നു, തിങ്കളാഴ്ചത്തെ പണിമുടക്ക് മാറ്റിവച്ചു, കണ്ണൂരും കാസര്‍ഗോഡും സമരം തുടരുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന നഴ്‌സുമാരുടെ സമരം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിവച്ചു. 19 നടക്കുന്ന ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം എടുത്തില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.
നിലവില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ 21 ന് നടത്താന്‍ തീരുമാനിച്ച സമരത്തില്‍ നിന്നു തല്‍ക്കാലം മാറ്റമില്ലെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. നാളെമുതല്‍ ആരംഭിക്കാനിരുന്ന സമരം യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ മാറ്റിവച്ചെങ്കിലും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സമരത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ സമരം തുടരുകയാണ്.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി ഇരുപത്തിയൊന്ന് സ്വകാര്യ ആശുപത്രികളിലാണ് സമരം നടക്കുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അടുത്ത ദിവസംമുതല്‍ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നാണ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ നല്‍കുന്ന സൂചന. സമരം സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായുള്ള നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്ന് ജില്ലയിലെ സ്വകാര്യ ആശുപ്ത്രികളില്‍ നിന്നും രോഗികളെ പറഞ്ഞുവിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഡെങ്കിപ്പനി രോഗബാധിതരും കുട്ടികളും ഉള്‍പ്പടെയുള്ള രോഗികളെയാണ് ആശുപത്രികള്‍ പറഞ്ഞുവിടുന്നത്. മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിക്കണമെന്നും ആശുപത്രി മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ ഡിഎംഒ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിസ്ഥാന ശമ്പളം 20,000 ആക്കണം എന്നാണ് നഴ്‌സുമാരുടെ ആവശ്യം. എന്നാല്‍ 17,000 രൂപ വരെ നല്‍കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.
അതിനിടെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥത ചര്‍ച്ചകള്‍ക്കായി ഹൈക്കോടതി നിയോഗിച്ച കമ്മിറ്റി ഈ മാസം 19ന് യോഗം ചേരും. ഐഎംഎയും മധ്യസ്ഥ ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. തങ്ങളുടെ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് നഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. സമരത്തിനെതിരേ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. സമരക്കാര്‍ മനുഷ്യ ജീവന് വില കല്‍പ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല