സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയം, സമരം ശക്തമാക്കും. 20,000 രൂപ അടിസ്ഥാന ശമ്പളം വേണമെന്ന നിലപാട് ചര്‍ച്ചയില്‍ പങ്കെടുത്ത യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉന്നയിച്ചപ്പോള്‍ മാനേജ്‌മെന്റ് അതിന് വഴങ്ങിയില്ല. സര്‍ക്കാറാണ് അടിസ്ഥാന ശമ്പളം സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.
വ്യാഴാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് നഴ്‌സുമാരുടെ സംഘടന അറിയിച്ചു. മൂന്നിലൊന്ന് നഴ്‌സുമാര്‍ മാത്രമേ വ്യാഴാഴ്ച ഡ്യൂട്ടിക്ക് ഹാജരാകൂ. എന്നാല്‍ അത്യാഹിത വിഭാഗവും മറ്റ് അവശ്യസേവനങ്ങളും തടസപ്പെടുത്തില്ല. അതേസമയം, ലഭ്യമായ ജീവനക്കാരെവച്ച് ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് മാനേജമെന്റുകള്‍ അറിയിച്ചു. മിനിമം വേതനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും മാനേജ്‌മെന്റുകള്‍ പറഞ്ഞു. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ഒത്തുതീര്‍പ്പു ചര്‍ച്ച നടക്കുന്നുണ്ട്.
17,200 രൂപയാണ് നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച കുറഞ്ഞ ശമ്പളം. എന്നാല്‍ ഈ നിര്‍ദേശം സ്വീകാര്യമല്ലെന്നും സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്ത 20,000 രൂപ കുറഞ്ഞ ശമ്പളമായി ലഭിക്കണമെന്നുമാണ് നഴ്‌സുമാരുടെ നിലപാട്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും നഴ്‌സിങ് സംഘടനകളുടെ പ്രതിനിധികളുമായാണ് മീഡിയേഷന്‍ കമ്മിറ്റി ചര്‍ച്ച നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല