സ്വന്തം ലേഖകന്‍: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിന് ഹൈകോടതി സ്റ്റേ. വിജ്ഞാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന നടപടികളെ ചോദ്യംചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, കണ്ണൂര്‍ ലൂര്‍ദ് ആശുപത്രി എം.ഡി ഡോ. ജോസഫ് ബെനെവന്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. മിനിമം വേതനം പുതുക്കി നിശ്ചയിക്കാനായി തയാറാക്കിയ കരട് രേഖയുടെ അടിസ്ഥാനത്തിലുള്ള ഹിയറിങ് ഉള്‍പ്പെടെ നടപടികള്‍ക്ക് തടസ്സമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.
നഴ്‌സുമാരുടെ വേതനത്തില്‍ 150 ശതമാനം വര്‍ധനയുണ്ടാവുന്ന തരത്തിലാണ് വിജ്ഞാപനം വരുന്നതെന്നും നാനൂറിലേറെ വരുന്ന സ്വകാര്യ ആശുപത്രി മാനേജ്മന്റെുകള്‍ സര്‍ക്കാറിനെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു. എതിര്‍പ്പ് കണക്കിലെടുക്കാതെ സര്‍ക്കാര്‍ തിരക്കിട്ട് മിനിമം വേതനം പുതുക്കാന്‍ ഒരുങ്ങുകയാണ്. രണ്ടുദിവസം മാത്രമെടുത്ത് ചടങ്ങെന്ന പോലെയാണ് സര്‍ക്കാര്‍ ബന്ധപ്പെട്ടവരുടെ എതിര്‍പ്പ് കേട്ടത്.
ബന്ധപ്പെട്ടവരെ പരിഗണിക്കാതെ വിജ്ഞാപനം ഇറക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. നഴ്‌സുമാര്‍ ഉള്‍പ്പെടെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഈ മാസം 31ന് അന്തിമ വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതിനിടെയാണ് സ്‌റ്റേ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല