സേവന വേതന വ്യവസ്‌ഥകള്‍ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലേക്‌ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്‌തുവന്ന നഴ്‌സുമാരില്‍ സമരത്തിന് മുന്നിട്ടിറങ്ങിയവരെ മാനേജ്‌മെന്റ് പുറത്താക്കി. സമരം ചെയ്ത 50 ഓളം നഴ്സുമാരെയാണ് മാനേജ്‌മെന്റ് പിരിച്ചുവിട്ടത്. പ്രവര്‍ത്തി പരിചയമുള്ള 50 പുതിയ നഴ്സുമാരെ നിയമിച്ചതായി ആശുപത്രി എംഡി അറിയിച്ചു. ഇവര്‍ക്കെതിരെ കേസെടുക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ സമരം അനധികൃതമാണെന്ന് കാണിച്ച് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രൊബേഷന്‍പിരീഡിലുള്ള നഴ്‌സുമാര്‍ക്ക് സമരം ചെയ്യാനും സംഘടനാപ്രവര്‍ത്തനം നടത്താനും അനുവാദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റ് ഇവരെ പിരിച്ചുവിട്ടത്. പകരം കൊണ്ടുവന്ന നേഴ്സുമാരെ പോലീസ് സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇവര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ലേക് ഷോര്‍ ആശുപത്രിയിലെ നഴ്സുമാര്‍ രണ്ടു ദിവസമായി സമരം തുടരുകയാണ്. മാന്യമായ വേതനം നല്‍കുന്നതു വരെ സമരം തുടരുമെന്ന നിലപാടിലാണിവര്‍.
മിനിമം വേതനം നടപ്പിലാക്കുക, നഴ്‌സ് രോഗി അനുപാതം പുനക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. 15,000 രൂപയാക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. നിലവില്‍ ഇവിടെ 7,130 രൂപ മാത്രമാണ് നല്‍കുന്നതെന്ന് അസോസിയേഷന്‍ പ്രസിഡണ്ട് ജാസ്മിന്‍ ഷാ എന്‍ആര്‍ഐ മലയാളിയോട് പറഞ്ഞു. അതേസമയം നഴ്സുമാര്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെങ്കില്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 720 പേരെയും പിരിച്ചുവിടുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.
എന്നാല്‍ ന്യായമായ വേതനമാണ് തങ്ങള്‍ നല്‍കുന്നതെന്നും സമരത്തിന് പിന്നില്‍ ബാഹ്യശക്തികളാണെന്നും ഡോ. ഫിലിപ്പ് പറഞ്ഞു. സമരത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഗുരുതരമായ കേസുകളാണെങ്കില്‍ തങ്ങള്‍ സഹകരിക്കാമെന്ന് അറിയിച്ചിട്ടും രോഗികളുടെ സുരക്ഷ തന്നെ അപകടപ്പെടുത്തുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാണ് സര്‍ജറികള്‍ നടത്തിയതെന്ന് നഴ്‌സുമാര്‍ കുറ്റപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല