കേരളത്തിലെ പ്രമുഖ മാനസിക രോഗാശുപത്രിയായ ഇടുക്കി ജില്ലയിലെ പൈങ്കുളം എസ് എച്ച് ആശുപത്രിയിലെ നേഴ്സുമാര്‍ നടത്തി വന്നിരുന്ന സമരം വിജയം കണ്ടു. വേതന വര്‍ധന ആവശ്യപ്പെട്ടായിരുന്നു നഴ്സുമാര്‍ ദിവസങ്ങളായി സമരം നടത്തിവന്നത്. നേരത്തെ പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ മാനേജ്മെന്റ് തയ്യാറാവുകയായിരുന്നു.
നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചും റിസ്ക് അലവന്‍സ് അനുവദിച്ചുമാണ് ഒത്തു തീര്‍പ്പായത്. ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണു തീരുമാനമായത്. ഒത്തുതീര്‍പ്പു വ്യവസ്ഥയനുസരിച്ചു സ്റ്റാഫ് നഴ്സുമാരുടെ മാസ ശമ്പളത്തില്‍ 2,250 രൂപയുടെ വര്‍ധനവു വരുത്താന്‍ മാനെജ്മെന്‍റ് സമ്മതിച്ചു. റിസ്ക് അലവന്‍സ് 800 രൂപ നല്‍കും. നഴ്സിങ് അസിസ്റ്റന്‍റുമാര്‍ക്ക് 1,750 രൂപയുടെ ശമ്പള വര്‍ധനവും 800 രൂപ റിസ്ക് അലവന്‍സും ലഭിക്കും.
ക്ലീനര്‍മാരുടെ ശമ്പളത്തില്‍ 1000 രൂപവര്‍ധിപ്പിക്കാനും ധാരണ. വൈകിട്ടു തുടങ്ങിയ ചര്‍ച്ച ആറുമണിക്കൂറോളം നീണ്ടു രാത്രി വൈകിയാണ് അവസാനിച്ചത്. സമരം ഒത്തു തീര്‍ന്നതില്‍ നഴ്സുമാരുടെ സംഘടന ഐആര്‍എന്‍എയും ആശുപത്രി അധികൃതരും അറിയിച്ചു. ആറു ദിവസങ്ങളായി നടക്കുന്ന സമരത്തിനാണ് ഒത്തു തീര്‍പ്പായത്. 14നാണു സമരം തുടങ്ങിയത്.
ഇന്ത്യയിലെ തന്നെ മുന്‍ നിരയിലുള്ള ഒരു മാനസിക രോഗാശുപത്രികളില്‍ ഒന്നാണ് പൈങ്കുളം എസ്എച്ച് ആശുപത്രി. ഇന്ത്യയില്‍ ഉടനീളം ഉള്ള നേഴ്സിംഗ് സ്കൂളുകള്‍ക്ക് മാനസിക രോഗ വിഭാഗത്തില്‍ പരിശീലനം നല്‍കപ്പെടുന്ന ഒരു സ്ഥലം കൂടിയായിട്ടും വെറും തുച്ചമായ അടിസ്ഥാന ശമ്പളം പറ്റിയാണ് ദൈവത്തിന്റെ ഭൂമിയിലെ മാലാഖമാര്‍ ഇവിടെ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്നത്. എന്നാല്‍ അടുത്തിടെ കേരളം മുഴുവനും വ്യാപിച്ച നേഴ്സുമാരുടെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം ഇവരെയും തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രേരിപിച്ചു. അങ്ങനെ ഇവിടെയും സമരം തുടങ്ങുകയായിരുന്നു.
പരിശീലനം ലഭിക്കാത്ത ആളുകള്‍ക്ക് ഒരിക്കലും കൃത്യമായി കൈകാര്യം ചെയ്യുവാന്‍ പറ്റാത്ത ആളുകളാണ് മാനസിക രോഗികള്‍ എന്നറിയാവുന്ന അധികാരികല്‍ ആദ്യം ഇതിന്റെ നേരെ കണ്ണടയ്ക്കുകയാണ്ഉണ്ടായത്. സമരത്തിലായിട്ടും എല്ലാ വാര്‍ഡിലും ഓരോരുത്തര്‍ വീതം ജോലി ചെയ്യാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഇവരെയും മുന്‍പ് അധികാരികള്‍ ആശുപത്രിയില്‍ നിന്നും ബലം പ്രയോഗിച്ചു ഇറക്കി വിട്ടിരുന്നു. അതിനുശേഷം പരിശീലനത്തിനായി വന്നിരിക്കുന്നവരാന് രോഗികളെ ശുശ്രൂഷിചിരുന്നത്.
അതേസമയം കേരളം കണ്ടതില്‍ വെച്ചേറ്റവും ശക്തമായ നേഴ്സുമാരുടെ സമരം നടന്ന കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ 23 ദിവസമായി നടന്നുവന്ന നഴ്‌സുമാരുടെ സമരം അവസാനിച്ചതുമൂലം ആശുപത്രി ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. കാഷ്വാലിറ്റി, ഒ.പി. വിഭാഗം, ഡയാലിസിസ് തുടങ്ങി എല്ലാ വിഭാഗങ്ങളും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്ന് ഹോസ്‌പിറ്റല്‍ അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല