1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2012


കേരളം ദൈവത്തിന്റെ സ്വന്തം നാട് ആണെന്നാണ് സങ്കല്പം . അങ്ങനെ ഉള്ള കേരളത്തില്‍ ദൈവത്തിന്റെ സ്വന്തം മാലാഖമാരായ നേഴ്സ് കുഞ്ഞുങ്ങള്‍ അര വയര്‍ നിറക്കുവാന്‍ ആയി നടത്തുന്ന അവകാശ സമരങ്ങള്‍ക്ക് നേരെ പ്രബുദ്ധ കേരളം മുഖം തിരിക്കുന്നത് എന്ത് കൊണ്ട് ?

കേരളത്തിന്റെ സാമ്പത്തിക നില ഇന്ന് കാണുന്ന തലത്തിലേക്ക് ഉയര്‍ത്തി എടുത്തതില്‍ നേഴ്സുമാരുടെ പങ്കു വളരെ വലുതാണ്. ഗള്‍ഫില്‍ നിന്നും യൂറോപ്പില്‍ നിന്നും നേഴ്സുമാര്‍ അയക്കുന്ന കാശ് കൊണ്ടാണ് കേരളം അന്യ സംസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ തിളക്കം കൈ വരിക്കുന്നത് . നേഴ്സിംഗ് രംഗത്തെ ഈ ഉയര്‍ച്ച കണ്ടു കൊണ്ട് അനേകം മലയാളീ യുവതീ യുവാക്കള്‍ കിടപ്പാടം പണയം വെച്ചും ഉള്ളതെല്ലാം വിറ്റു പെറുക്കിയും നല്ലൊരു നാളെ സ്വപ്നം കണ്ടു കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളില്‍ നേഴ്സിംഗ് പഠിക്കുവാന്‍ ചേര്‍ന്നു. നേഴ്സിംഗ് സ്ഥാപനങ്ങളില്‍ ഭൂരിഭാഗത്തിന്റെയും നടത്തിപ്പ് മത സ്ഥാപനങ്ങള്‍ക്ക് ആയതിനാല്‍ മാതാ പിതാക്കളുടെ വിശ്വാസത്തിനു കുറവൊന്നും വന്നില്ല. മക്കള്‍ പഠിച്ചിറങ്ങി കുടുംബത്തിനു തണലാകുന്നതു സ്വപ്നം കണ്ടതിനാല്‍ കിടപ്പാടവും കെട്ടു താലിയും ഒക്കെ പണയം വെക്കാന്‍ അപ്പനമ്മമാര്‍ക്ക് മടി ഉണ്ടായില്ല .

വിദ്യാലയങ്ങള്‍ കരുണ ചൊരിയുന്ന മത നേതാക്കളുടെ പേരില്‍ ആണെങ്കിലും കഴുത്തറപ്പന്‍ ഫീസ്‌ ചോദിക്കുന്നതില്‍ യാതൊരു കരുണയും ആരും കാണിച്ചില്ല.തൊട്ടതിനും പിടിച്ചതിനും എല്ലാം ഫൈനും നിസാര തെറ്റുകള്‍ക്ക് പോലും { അവ തെറ്റുകള്‍ ആണെന്ന് യാതൊരു ഉറപ്പും ഇല്ലെങ്കില്‍ കൂടിയും }ഏഴു തലമുറയ്ക്ക് മുമ്പുള്ള പിതാമഹന്മാരെ പോലും രണ്ടു ദിവസം തീവ്ര ജലദോഷം പിടിപ്പിക്കുന്ന തരത്തിലുള്ള കന്യസ്ത്രീമാരുടെയും സ്വാമിനിമാരുടെയും പുളിച്ച തെറിയും പിന്നെ പഠിച്ചാലും പഠിച്ചാലും തീരാത്ത വിഷയങ്ങളും എല്ലാം നേരിട്ടാണ് നേഴ്സ് നേഴ്സായി മാറുന്നത് . പഠിക്കുന്ന സമയത്ത് അച്ചടക്കം എന്ന പേരില്‍ ഇത്രയധികം മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടി വരുന്ന വേറൊരു വിഭാഗവും ഉപരിപഠന മേഖലയില്‍ ഇല്ല .ഇതെല്ലം സഹിച്ചു പഠിച്ചു ഇറങ്ങിയപ്പോള്‍ അര ദശകം മുന്‍പ് വരെ ഉണ്ടായിരുന്നതിന്റെ പകുതി ആയി വിദേശ തൊഴില്‍ അവസരങ്ങള്‍ ചുരുങ്ങി. സ്വാഭാവികമായും കുട്ടികള്‍ നാട്ടില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിധര്‍ ആയി. ഇതോടെ ആണ് നേഴ്സിംഗ് മേഖലകളിലെ ചൂഷണങ്ങള്‍ പുറം ലോകം അറിയുവാന്‍ തുടങ്ങിയത് .

ട്രെയിനീ എന്ന പേരില്‍ ജോലിക്ക് എടുക്കുന്ന നേഴ്സ് ഒരു മാസം പോലും ആകുന്നതിനു മുന്‍പ് തന്നെ സാധാരണ സ്റ്റാഫിന്റെ ജോലികള്‍ എല്ലാം ചെയ്യണം. ശമ്പളം ആണേല്‍ പകുതി കൊടുത്താല്‍ മതി. പകുതി എന്ന് പറയുമ്പോള്‍ ഒരു സ്ഥിരം സ്റ്റാഫിന് കിട്ടുന്നത് 3000 രൂപ ആണെന്ന് ഓര്‍ക്കണം .കൂടാതെ ട്രെയിനിംഗ് സമയത്ത് പിരിഞ്ഞു പോകേണ്ടി വന്നാല്‍ ആശുപത്രിക്ക് കൊടുക്കേണ്ട നഷ്ട പരിഹാരം 1 ലക്ഷം മുതല്‍ മുകളിലോട്ടു എത്ര വേണേലും ആകാം. ഈ സമ്പ്രദായം കോടതി നിരോധിച്ചതാണെങ്കിലും ട്രയിനീ സമ്പ്രദായം എല്ലാ ആശുപത്രികളിലും നില നിക്കുന്നു. ഒരു വര്ഷം മുതല്‍ 4 വര്ഷം വരെ ട്രെയിനി ആയി ജോലി ചെയ്യേണ്ട ഗതികേടില്‍ ആണ് പല നേഴ്സുമാരും .ഈ സമയം കൊണ്ട് പഠിക്കാനായി മേടിച്ച കടം എത്ര ഇരട്ടി ആകുമെന്ന് ഒന്ന് ചിന്തിച്ചു നോക്കൂ . അഞ്ചു മുതല്‍ പത്തു ലക്ഷം രൂപ വരെ മുടക്കി ആണ് നേഴ്സ് ആയി പഠിച്ചു ഇറങ്ങുന്നത് .ഇനി ട്രെയിനിംഗ് കഴിഞ്ഞു സ്റാഫ് ആയാലും കിട്ടുന്ന ശമ്പളത്തില്‍ കാര്യമായ വര്‍ധന ഒന്നുമില്ല .

ആയിരകണക്കിന് നേഴ്സുമാര്‍ ജോലി ചെയ്യുന്ന കോടി കണക്കിന് രൂപ വരുമാനമുള്ള അമൃത ഹോസ്പിറ്റലില്‍ പോലും നേഴ്സിനു ബോണസ്സോ മറ്റു കാര്യമായ ആനുകൂല്യങ്ങളോ ഇല്ല . 10 പേരില്‍ കൂടുതല്‍ ജോലിക്കാര്‍ ഉള്ളിടത്ത് വര്‍ഷത്തില്‍ ഒരു ബോണസ്സ് എന്ന നിയമം നിലവിലിരിക്കെ ആണ് ഈ തട്ടിപ്പ്. പകര്‍ച്ച വ്യാധികളും മാരക രോഗങ്ങളും ഉള്ള രോഗികളെ പരിചരിക്കാന്‍ പോലും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ നേഴ്സുമാര്‍ക്ക് മാത്രം പലപ്പോഴും ലഭിക്കാറില്ല . പന്നി പനി പടര്‍ന്നു പിടിച്ച സമയത്ത് ഗ്ളൌസോ മാസ്കോ പോലുമില്ലാതെ രോഗികളെ ശുശ്രൂഷിച്ച നേഴ്സുമാര്‍ ഉണ്ട്. മനുഷ്യത്വത്തിന്റെ പേരില്‍ മാത്രം ആണ് ആശുപത്രി അധികൃതര്‍ കാണിക്കുന്ന അവഗണന സഹിച്ചു രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കാന്‍ നേഴ്സുമാര്‍ നിര്‍ബന്ധിതര്‍ ആവുന്നത്.

എങ്കിലും സമൂഹമേ എത്ര നാള്‍ ഇതിങ്ങനെ തുടരും . സ്വന്തക്കാര്‍ പോലും തൊടാന്‍ അറക്കുന്ന നിങ്ങളില്‍ പലരെയും മുഖത്തെ പുഞ്ചിരി മായാതെ ശുശ്രൂഷിച്ചു ഭേദമാക്കുന്ന നെഴ്സിനുമില്ലേ ഒരു കുടുംബം , കുട്ടികള്‍ . മൂവായിരമോ അയ്യായിരമോ കൊണ്ട് പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലി ചെയ്യാന്‍ നിങ്ങള്‍ തയ്യാറാവുമോ? അതും ലക്ഷങ്ങള്‍ ഈ പറയുന്ന ആശുപത്രി മുതലാളിമാര്‍ക്ക് തന്നെ എണ്ണി കൊടുത്തു കഷ്ടപ്പെട്ട് പഠിച്ചിറങ്ങിയിട്ട്. വിമര്‍ശകരെ പറയൂ നിങ്ങള്‍ തയ്യാറാവുമോ .

അര്‍ഹത പെട്ട വേതനവും മറ്റു അവകാശങ്ങളും ആവശ്യപെട്ട അത്താഴ പട്ടിണി ക്കാരായ നെഴ്സുമാരോട് തടിമിടുക്കും പണ സ്വാധീനവും കൊണ്ട് എതിരിടാന്‍ ശ്രമിക്കുന്നത് കേരളത്തിന്റെ സാംസ്കാരിക തലത്തിലും സാമൂഹ്യ തലത്തിലും വ്യക്തമായ സ്ഥാനം ഉറപ്പിച്ചവര്‍ ആണെന്നുള്ളതാണ് ഇതിലെ തമാശ . വേലക്കാര്‍ക്ക് മതിയായ കൂലി കൊടുക്കേണം എന്ന് പഠിപ്പിച്ച യേശു ദേവന്റെ അടിയുറച്ച അനുയായികള്‍ നടത്തുന്ന ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ , പുഷ്പഗിരി , കോലഞ്ചേരി ഹോസ്പിറ്റല്‍ , കാരുണ്യത്തിന്റെ നിറകുടമെന്നോ അമൃത കുംഭമെന്നോ ഒക്കെ ഭക്തര്‍ വാഴ്ത്തി പാടുന്ന അമ്മ നേരിട്ട് നടത്തുന്ന അമൃത ഹോസ്പിടല്‍ , കേരളത്തിന്റെ അഭിമാനമായി ലോകത്തിനു മുന്‍പില്‍ മലയാളി അഹങ്കാരം കൊള്ളുന്ന നാട്ടികക്കാരന്‍ എം എ യൂസഫലി നടത്തുന്ന ലേക്ക് ഷോര്‍ ഹോസ്പിടല്‍ എന്നിവ അതില്‍ പ്രധാന പെട്ടവ ആണ്. ലുലു ഗ്രൂപിന്റെയും ലേക്ക് ഷോറിന്റെയും ഉടമ ആയ യൂസഫലിക്ക് രാജ്യം പദ്മ ശ്രീ നല്‍കി ആദരിച്ചത് നേഴ്സുമാരുടെ കഞ്ഞി കുടി മുട്ടിക്കുന്നതിനാണോ? സ്വന്തം ബിസിനെസ്സ് സാമ്രാജ്യം വിപുലപെടുത്തുക അല്ലാതെ പാവപെട്ട സ്വന്തം ജീവനക്കാരുടെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും മിനകെടാത്ത അങ്ങേക്ക് നല്‍കിയ പദ്മ ശ്രീ യെ ഓര്‍ത്തു രാജ്യം ലജ്ജിക്കും .

ലോകത്തിന്റെ മൊത്തം കണ്ണുനീര്‍ ഒപ്പാന്‍ ലോകമായ ലോകം മൊത്തം സഞ്ചരിക്കുന്ന അമ്മ എന്ത് കൊണ്ട് സ്വന്തം സ്ഥാപനത്തിലെ നീതി നിഷേധം കണ്ടില്ല എന്ന് നടിക്കുന്നു . അമൃതയിലെ പ്രശ്നങ്ങള്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അമൃതാനന്ദമയി ദേവിയുടെ കാതില്‍ മാത്രം അവിടുത്തെ പ്രശ്നങ്ങള്‍ എത്തുന്നില്ലെങ്കില്‍ അമ്മക്ക് എങ്ങനെ സായിപ്പന്മാരുടെയും അന്യ ഭാഷക്കരുടെയും സങ്കടങ്ങള്‍ മനസിലാവും . ഞായറാഴ്ച തോറും പരസ്പര സ്നേഹത്തെ കുറിച്ചും ദരിദ്രരെ സഹായിക്കുന്നതിലെ പുണ്യവും പ്രസംഗിച്ചു നേര്ച്ച പെട്ടി നിറക്കുന്ന അച്ചന്മാരും ഈ കച്ചവടത്തില്‍ പിന്നില്‍ അല്ല .നിങ്ങളുടെ പ്രാര്‍ത്ഥന ദൈവ സന്നിധിയിലെക്കോ അതോ ചെകുത്താന്‍ കോട്ടകളിലെക്കോ? വിശ്വാസികളെ നിങ്ങള്‍ ആണ് ഇതിനു ഉത്തരം നല്‍കേണ്ടത് .

നേഴ്സുമാര്‍ സമരം തുടങ്ങി ഇത്ര ദിവസം ആയിട്ടും പുച്ഛത്തോടെ കാണുന്ന മുഖ്യമന്ത്രിക്കും മറ്റു പാര്‍ട്ടിക്കാര്‍ക്കും സമാധാനം നഷ്ടപെടുന്ന അവസ്ഥ ഉണ്ടാകും . ഒരു കല്ല്‌ പോലും എറിയാതെ അങ്ങേയറ്റം സമാധാനപരമായി ഞങ്ങള്‍ നടത്തുന്ന ഈ സമരം നിയന്ത്രണം വിടുന്ന ഒരു അവസ്ഥയിലേക്ക് ആണ് എത്തുന്നത്‌ . ഇനിയും അവഗണന ആണ് ഭാവമെങ്കില്‍ പിറവം ഉപ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് പ്രതികരികേണ്ടി വരും,ഏതു ഈര്‍ക്കിലി പാര്‍ട്ടി വിചാരിച്ചാലും സ്തംഭിപ്പിക്കാവുന്ന കേരളത്തില്‍ ലക്ഷകണക്കിന് വരുന്ന നെഴ്സുമാരുടെയും അവരുടെ കുടുംബങ്ങളുടെയും ശക്തി പാര്‍ട്ടിക്കാര്‍ അറിയാന്‍ പോകുന്നതെ ഉള്ളൂ . ആത്മഹത്യയുടെ വക്കില്‍ നിന്നും ജീവിക്കാനായി നടത്തുന്ന അവസാന പോരാട്ടം ആണിത് . ഇത് തിരിച്ചറിയാന്‍ കഴിയുന്നില്ലേല്‍ ഇങ്ങനെ ഉള്ള നേതാക്കളെ ഞങ്ങള്‍ക്ക് ആവശ്യ മില്ല . ബീന ബേബിമാര്‍ ഇനിയും ഉണ്ടാകാതിരിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ് . ഞങ്ങള്‍ക്ക് ജീവിച്ചേ മതിയാകൂ . എന്തിനും ഹര്‍ത്താലും ബന്ദും നടത്താന്‍ രാഷ്ട്രീയക്കാര്‍ നല്‍കുന്ന ആഹ്വാനം ശിരസാ വഹിക്കുന്ന കേരള ജനതയുടെ മനസാക്ഷി ഒരല്പം എങ്കിലും ബാക്കിയുണ്ടെങ്കില്‍ മാലാഖ കുഞ്ഞുങ്ങളുടെ ഈ ധര്‍മ സമരം വിജയിപ്പിച്ചേ മതിയാവൂ .

എല്‍ദോ കുര്യന്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.