നൂറ്റിപതിമൂന്ന് ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്സുമാരുടെ ആത്മഹത്യാ ഭീഷണി. കോതമംഗലം മാര്‍ബസേലിയോസ് മെഡിക്കല്‍ മിഷന് ഹോസ്പിറ്റലിലെ മുന്ന് നഴ്സുമാരാണ് ആശുപത്രികെട്ടിടത്തിന്റെ ഏഴാം നിലയ്ക്ക് മുകളില്‍ കയറി ഭീഷണി മുഴക്കുന്നത്. ഇവര്‍ കയ്യില്‍ വിഷക്കുപ്പിയും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. വിഷം കഴിച്ച് താഴേക്ക് ചാടുമെന്നാണ് ഭീഷണി.
കവളങ്ങാട് സ്വദേശി പ്രിയ, കുറുപ്പംപടി സ്വദേശി വിദ്യ, ഉപ്പുകണ്ടം സ്വദേശി അനു എന്നിവരാണ് കെട്ടിടത്തിന് മുകളില്‍ കയറി നില്‍ക്കുന്നത്.
തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്ന് നഴ്സുമാര്‍ യൂണിഫോമില്‍ ബുധനാഴ്ച കാലത്ത് മുതല്‍ ആസ്പത്രിയുടെ പുതിയ കെട്ടിടത്തിന്റെ മുകളില്‍ ഭീഷണിയുമായി നിലയുറപ്പിച്ചത്. വിദ്യാഭ്യാസ വായ്പ എടുത്ത തുക തിരിച്ചടക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് അനുവിന്റെ വീട് ജപ്തി ചെയ്യാന്‍ കഴിഞ്ഞ ദിവസം നോട്ടീസായിരുന്നു. നിര്‍ധന കുടുംബാംഗമാണ് അനു.
പൊലീസെത്തി നഴ്സുമാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഉച്ചവരെ ഫലമുണ്ടായിട്ടില്ല. തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങളും രംഗത്തെത്തി. നഴ്സുമാരുടെ ആത്മഹത്യാശ്രമത്തെ കുറിച്ച് കേട്ടറിഞ്ഞ് വന്‍ ജനസഞ്ചയമാണ് ആസ്പത്രിപരിസരത്ത് തടിച്ചുകൂടിയത്. ഇവര്‍ ആസ്പത്രി മാനേജ്മെന്റിനും പോലീസിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി.
്. ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും ഇടപെടാത്ത മാനേജ്മെന്റ് നിലപാടില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കൊച്ചിധനുഷ് കോടി ദേശീയപാത ഉപരോധിച്ചു. ജനങ്ങളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. വേതനവര്‍ധനവ് ആവശ്യപ്പെട്ടാണ് ഇവിടെ നഴ്സുമാര്‍ സമരം ചെയ്യുന്നത്. മാനേജ് മെന്റിന്റെ പിടിവാശിമൂലം ചര്‍ച്ചകള്‍ വിജയിച്ചിരുന്നില്ല.
നഴ്സുമാരുടെ സമരം എത്രയും പെട്ട് ഒത്തുതീര്‍ക്കാന്‍ ഇടപെടണമെന്ന ്പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിനോട് ആവശ്യപ്പെട്ടു. മന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് വിഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ അനങ്ങാപ്പാറ നയമാണ് ഇത്തരമൊരു സമരരീതിയിലേക്ക് നഴ്സുമാരെ എത്തിച്ചത്. അവരുടെ ജീവിതം വച്ചു കളിയ്ക്കരുതെന്നും വിഎസ് ആവശ്യപ്പെട്ടു. ഇതിനിടെ സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബസേലിയസ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല