ഏതൊരു ജോലിക്കും ആശയവിനിമയ ശേഷി പ്രധാനമാണ്, പ്രത്യേകിച്ച് നേഴ്സിംഗ് മേഖലയില്‍ രോഗികളെ എത്രത്തോളം ശുശ്രൂഷിക്കുന്നവര്‍ മനസിലാക്കുന്നുവോ അത്രത്തോളം രോഗത്തില്‍ നിന്നും മുക്തി നേടാന്‍ രോഗികളെ സഹായിക്കുകയും ചെയ്യും. എന്നാല്‍ രോഗികള്‍ പറയുന്നത് ചികിത്സിക്കുന്നവര്‍ക്ക് മനസിലാകുന്നില്ലെങ്കിലോ? പ്രശ്നം അതീവ ഗുരുതരം തന്നെയാകും എന്നതില്‍ സംശയമില്ലതന്നെ. ഇത്തരമൊരു ഗുരുതരാവസ്തയാണ് ബ്രിട്ടീഷ് ആരോഗ്യ മേഖല ഇപ്പോള്‍ അഭിമുഖീകരിക്കുന്നതാണ് പ്രമുഖ ഡോക്റ്റര്‍മാര്‍ പറയുന്നത്.
കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ മലയാളികളുടെ ഇംഗ്ലീഷ് നിലവാരത്തെ ഏറെ ചോദ്യം ചെയ്തവരാണ് ഈ നാട്ടുകാര്‍.നമ്മുടെ ഇംഗ്ലീഷ് പോരെന്ന് പറഞ്ഞ് NMC-ല്‍ രെജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ IELTS സ്കോര്‍ ഏഴുവരെ എത്തിച്ച ബ്രിട്ടന്‍ തങ്ങളുടെ തിണ്ണമിടുക്ക് പുറത്തെടുക്കാന്‍ കഴിയാതെ കുഴയുന്നു.കിഴക്കന്‍ യൂറോപ്പില്‍ നിന്നും വരുന്ന നേഴ്സുകള്‍ക്ക് നല്ല രീതിയില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ അറിയാത്തത് മൂലം രോഗികള്‍ അപകടത്തിലാകുന്നുണ്ടെന്നു ബ്രിട്ടനിലെ പ്രമുഖ ഡോക്റ്റര്‍മാര്‍ ആരോപിക്കുന്നു. റൊമാനിയ, ബള്‍ഗേറിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വരുന്ന എന്‍എച്എസ് ജീവനക്കാരാണ് പ്രധാനമായും ആരോപണം നേരിടുന്നത്. നിലവിലെ യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ അനുസരിച്ച് മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നും ബ്രിട്ടനില്‍ വന്നു തൊഴില്‍ ചെയ്യുന്ന നേഴ്സുമാരുടെ ആശയവിനിമയശേഷി പരിശോധിക്കാന്‍ നേഴ്സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൌണ്‍സിലിനു അധികാരം ഇല്ലയെന്നതാണ് ബ്രിട്ടന്റെ ആരോഗ്യമേഖലയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്, അതേസമയം ഇതേ നിയമം ഡോക്റ്റര്‍മാരുടെ കാര്യത്തിലും ബാധകമാണ്.
എന്നാല്‍ ചില രാജ്യങ്ങളില്‍, ഉദാഹരണമായി ഫ്രാന്‍സില്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന ആരോഗ്യ ജീവനക്കാരെ ലോക്കല്‍ ഹെല്‍ത്ത് ബോര്‍ഡുകള്‍ ടെസ്റ്റ് ചെയ്യാറുണ്ട്. ഈ ടെസ്റ്റുകള്‍ ദേശീയ തലത്തില്‍ അല്ലാത്തതിനാല്‍ യൂറോപ്യന്‍ നിയമങ്ങളുടെ നിരോധനമാകുന്നുമില്ല. ബ്രിട്ടനിലെ പ്രമുഖ ഡോക്റ്റര്‍മാരില്‍ ഒരാളായ ലോര്‍ഡ് വിന്‍സ്ടണ്‍ പറയുന്നത് നേഴ്സുമാര്‍ക്ക് അവരുടെ രോഗികളെ മനസിലാക്കാന്‍ കഴിയണമെന്നും അല്ലാത്ത പക്ഷം ആരോഗ്യ മേഖലയില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നുമാണ്.
അതേസമയം ബ്രിട്ടനില്‍ ജോലി ചെയ്യാനായി രെജിസ്റ്റര്‍ ചെയ്ത യൂറോപ്യന്‍ നേഴ്സുകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനവാണ് കഴിഞ്ഞ ഒക്റ്റോബറില്‍ യോഗ്യതാ പരിശോധനയില്‍ ഇളവു വരുത്തിയത് മൂലം ഉണ്ടായിട്ടുള്ളത്. ജനറല്‍ മെഡിക്കല്‍ കൌണ്‍സില്‍ പറയുന്നത് ഏതാണ്ട് 22060 അതായത് 10 ശതമാനത്തോളം ഡോക്റ്റര്‍മാര്‍ യൂറോപ്യന്‍ സാമ്പത്തിക മേഘലകളില്‍ നിന്ന് തന്നെയായി യുകെയില്‍ തൊഴില്‍ ചെയ്യാന്‍ യോഗ്യത നേടിയിട്ടുണ്ടെന്നാണ്, ഇതില്‍ തന്നെ 1862 പേര്‍ റൊമാനിയയില്‍ നിന്നും 722 പേര്‍ ബള്‍ഗേറിയയില്‍ നിന്നുള്ളവരുമാണ്. എന്തായാലും വൈകാതെ തന്നെ നേഴ്സുമാരുടെ ഇംഗ്ലീഷ് സാക്ഷരത പരിശോധിക്കാനുതകുന്ന നടപടികള്‍ ബ്രിട്ടന്‍ കൈക്കൊണ്ടേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല