1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2015

നഴ്‌സുമാരുടെ കുറവും മികച്ച ഉദ്യോഗാര്‍ഥികളുടെ അഭാവവും യുകെയിലെ നഴ്‌സിങ്ങ് മേഖലയെ വന്‍ പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് കെയര്‍ ഹോം ഉടമ. സേജ് കെയര്‍ ഹോം ഗ്രൂപ്പ് തലവന്‍ ഒമര്‍ അഹമ്മദാണ് നഴ്‌സിങ്ങിന്റെ അത്ര ശുഭകരമല്ലാത്ത ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നത്. കെന്റ്, ലങ്കാഷയര്‍, യോര്‍ക്ഷയര്‍ എന്നിവിടങ്ങളിലായി പത്തോളം കെയര്‍ ഹോമുകളാണ് സേജ് ഗ്രൂപ്പിനുള്ളത്.

നഴ്‌സിങ്ങ് മേഖലയെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടത് സര്‍ക്കാരിന്റെ ചുവപ്പു നാടയാണെന്ന് ഒമര്‍ കുറ്റപ്പെടുത്തുന്നു. പ്രായമായവര്‍ക്കു വേണ്ടി ചെലവഴിക്കുന്ന പണത്തിന്റെ അളവില്‍ വന്‍ ഇടിവാണ് ഉണ്ടായത്. ഒപ്പം ജീവനക്കാരുടെ കുറവും കൂടി ചേരുമ്പോള്‍ പ്രതിസന്ധി രൂക്ഷമാകുന്നു.

ഇംഗ്ലണ്ടിലെ ആരോഗ്യ സുരക്ഷാ സേവനങ്ങളുടേ മേല്‍നോട്ടക്കാരായ കെയര്‍ ക്വാളിറ്റി കമ്മീഷനേയും ഒമര്‍ വിമര്‍ശിച്ചു. കെയര്‍ ഹോമുകളിലെ സേവനങ്ങള്‍ ക്രമമായി മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു പകരം കമ്മീഷന്‍ ഓരോ തവണയും അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ചുരുക്കി വരികയാണ്.

തന്റെ കെയര്‍ ഹോമില്‍ 24 മണിക്കൂറും ഒരു നഴ്‌സിന്റെ സേവനം ആവശ്യമാണെന്ന് ഒമര്‍ പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രി നല്‍കുന്ന വേതനം നല്‍കാന്‍ തനിക്ക് കഴിയില്ല. സ്വാഭാവികമായും തനിക്ക് ബ്രിട്ടനു പുറത്തു നിന്നുള്ള നഴ്‌സുമാരെ ആശ്രയിക്കേണ്ടി വരുന്നു. എന്നാല്‍ വിദേശ നഴ്‌സുമാരില്‍ അഞ്ചില്‍ മൂന്നു പേരും വേണ്ട നിലവാരം ഇല്ലാത്തവരോ ഇംഗ്ലീഷ് ഭാഷാ പ്രശ്‌നങ്ങള്‍ ഉള്ളവരോ ആണ്.

റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങ് സീറ്റുകള്‍ വെട്ടിക്കുറച്ചതാണ് പ്രതിസന്ധിയുടെ തുടക്കം. തുടര്‍ന്ന് ബ്രിട്ടനിലെ ആശുപത്രികള്‍ വിദേശത്തു നിന്ന് നഴ്‌സുമാരെ നിയമിക്കാന്‍ ആരംഭിച്ചു. ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് വന്‍ തൊഴില്‍ അവസരമാണ് ഇത് തുറന്നു കൊടുത്തത്. 2014 ലെ കണക്കനുസരിച്ച് യുകെയി ജോലി ചെയ്യുന്ന അഞ്ചു നഴ്‌സുമാരില്‍ ഒരാള്‍ വിദേശിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.