ലോകത്തിലെ ജനലക്ഷങ്ങള്‍ക്ക് സ്നേഹമന്ത്രം പകരുന്ന സുധാമണി എന്ന മാതാ അമൃതാനന്തമയി ആണോ അതോ പാലാക്കാരന്‍ മത്തായി ചേട്ടന്റെ രണ്ടാമത്തെ മകളും രണ്ടു കുട്ടികളുടെ മാതാവും അമൃത ഹോസ്പിറ്റലില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഹെഡ് നേഴ്സായി ജോലി നോക്കുന്ന വെറും സാധാ മാതാവായ മരിയ ആണോ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മുന്‍പില്‍ നീതികരിക്കപെട്ടവള്‍ എന്ന് ചോദിച്ചാല്‍ മാര്‍ക്ക് നൂറില്‍ നൂറും മരിയക്ക് പോകും.
കാരണം തനിക്ക് കിട്ടുന്ന തുച്ചമായ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടി മുട്ടിക്കുന്നതിനു പുറമേ പാവപെട്ട രോഗികള്‍ക്ക് തന്നാല്‍ കഴിയും വിധം ഭക്ഷണവും പഴയ വസ്ത്രങ്ങളും കൊണ്ട് വന്നു കൊടുക്കുന്ന മരിയ , സേവനത്തിന്‍റെ, അല്ല ദൈവത്തിന്റെ മാലാഖ ആണ് . അവര്‍ക്ക് പാവപെട്ട രോഗികളുടെ പ്രാര്‍ത്ഥന എപ്പോഴും കൂടെയുണ്ട് . അവര്‍ അമൃതാനന്തമയി പോലെ മണ്ണില്‍ ഇറങ്ങാത്ത മാതാവ് അല്ല . മണ്ണില്‍ പണിയെടുത്തു കഷ്ട്ടപെട്ടു കുടുംബം നോക്കി തന്റെ കഠിന അധ്വാനത്തിന്റെ ബാക്കി പത്രമായ ദാരിദ്രത്തിന്റെ കുറവില്‍ നിന്ന് പാവങ്ങളെ സഹായിക്കുന്നവള്‍ ആണ്. ഈ മാലാഖമാര്‍ക്ക് എന്തുകൊണ്ട് സമരത്തിന് ഇറങ്ങേണ്ടി വന്നു എന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?
ഒരാള്‍ക്ക് വഹിക്കാവുന്നതിന്റെ ഇരട്ടി ജോലിഭാരം നഴ്സുമാര്‍ക്ക് നല്‍കുക പതിവാണ്. ഇത്തരം അവഗണനയാണ് സമീപകാലത്ത് പല സംസ്ഥാനങ്ങളിലും സമരരംഗത്തിറങ്ങാന്‍ മലയാളി നഴ്‌സുമാരെ പ്രേരിപ്പിച്ചത്. വ്യക്തമായ തൊഴില്‍ നിയമം ഇല്ലാത്തതാണ് പല സംസ്ഥാനങ്ങളിലും പ്രശ്‌നം ഗുരുതരമാക്കുന്നതെങ്കില്‍ തൊഴില്‍ നിയമം പാലിക്കാത്തതാണ് ഡല്‍ഹി പോലുള്ള മഹാനഗരങ്ങളിലെ പ്രശ്‌നം.ഇന്ത്യയിലെ നാഴ്സുമാരില്‍ ഭൂരിപക്ഷവും മലയാളികള്‍ ആയതിനാല്‍ കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശനമായി ഇടപെടണം. പ്രശ്‌നം കേന്ദ്രത്തിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും അടിയന്തര ശ്രദ്ധയില്‍ കൊണ്ടുവരണം. മലയാളി നേഴ്സുമാരെയും നഴ്‌സിംഗ് വിദ്യാര്‍ഥികളെയും അപമാനിക്കാനും അവഗണിക്കാനും രാജ്യത്തെ ഒരു സ്ഥാപനവും തയാറാകാത്തവിധം വ്യക്തമായ വ്യവസ്ഥകള്‍ നിര്‍മിക്കാന്‍ കേരളം കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നതാണ് യാഥാര്‍ത്ഥ്യം
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ ആശുപത്രികളില്‍ വ്യാപകമായി പരിശോധന നടത്തുന്ന വാര്‍ത്തകള്‍ കേരളത്തിലുടനീളം കേള്‍ക്കുന്നു. വേതനം വളരെ കുറവാണ് എന്ന പേരില്‍ നിരവധി ആശുപത്രികളില്‍ സമരം നടക്കുന്നു. ഇത്തരുണത്തില്‍ ഈ പ്രശ്നത്തിന്റെ വിശദാംശങ്ങള്‍ എല്ലാവരും ചിന്തിക്കണം. പരിഹാരമാര്‍ഗങ്ങള്‍ ഉടന്‍ കണ്െടത്തി ഈ രംഗത്തു സന്തോഷത്തോടെ സേവനം ചെയ്യുന്നവരെ സമൂഹത്തിനു ലഭ്യമാക്കണം. ആതുരശുശ്രൂഷാരംഗത്തു ഭൂരിഭാഗം സേവനവും സ്വകാര്യമേഖല ചെയ്യുന്നതിനാല്‍ അവരെ അവഗണിക്കുന്നതും നഷ്ടത്തിലാക്കുന്നതും ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കുകയും ആരോഗ്യമേഖലയുടെ നടുവൊടിക്കുകയും ചെയ്യും.
സ്വകാര്യ ആശുപത്രിയില്‍ സേവനം ചെയ്യുന്ന നഴ്സുമാര്‍ക്കു വളരെ തുച്ഛമായ വേതനമാണു പല സ്ഥാപനങ്ങളും നല്കുന്നത്. നഴ്സുമാരുടെ സംഖ്യ വലുതായതിനാലാണ് അവര്‍ സംഘടിച്ചു രംഗത്തെത്തി എന്നതു സ്പഷ്ടം. എന്നാല്‍ എണ്ണത്തില്‍ കുറവായ മറ്റു ജീവനക്കാര്‍ക്കും വേതനം ഗണ്യമായ രീതിയില്‍ ലഭ്യമാകുന്നില്ല. ഡോക്ടര്‍, എന്‍ജിനിയര്‍ തുടങ്ങി, മറ്റു മേഖലകളില്‍ ജോലിചെയ്യുന്ന തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വരുമാനവുമായി തുലനംചെയ്യുമ്പോള്‍ ഇന്ത്യയില്‍ നഴ്സുമാര്‍ക്കു ലഭിക്കുന്ന വേതനം നന്നേ കുറവാണ്. രോഗികളുടെയിടയില്‍ രോഗാണുക്കള്‍ നിറഞ്ഞ ഗോപുരങ്ങളില്‍ (ആശുപത്രികള്‍) വേദനയും രക്തവുമെല്ലാം അനുദിന ജീവിതത്തിന്റെ ഭാഗമാക്കിയവര്‍ക്ക് എത്ര വലിയ ശമ്പളം നല്കിയാലും കൂടുതലാവില്ല. എന്നാല്‍ അതിന്റെ ഭാരം കൂടി രോഗികളുടെമേല്‍ ചുമത്തിയാല്‍ ആശുപത്രി ബില്‍ കാണുമ്പോള്‍ രോഗിക്കു ഹൃദയസ്തംഭനം ഉണ്ടായില്ലെങ്കില്‍ ഭാഗ്യം! അതിനാല്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആശുപത്രി നടത്തുന്നവര്‍ അംഗീകരിക്കില്ല.
മക്കള്‍ നഴ്സായാല്‍ വിദേശത്തുനിന്നു സ്വര്‍ണമുട്ടകള്‍ വാരിയെടുക്കാമെന്നു മോഹിച്ച രക്ഷാകര്‍ത്താക്കള്‍ നിരവധിയാണ്. അങ്ങനെ ധാരാളം മലയാളി പെണ്‍കുട്ടികള്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലാകമാനമുള്ള നഴ്സിംഗ് സ്ഥാപനങ്ങളില്‍ പരിശീലനം നേടി. പരിശീലനം നേടിയവര്‍ ധാരാളമുണ്ടായപ്പോള്‍ പൊന്നുവിളയുന്ന നാടുകളില്‍ തീക്കനല്‍ വീണുതുടങ്ങി. സാമ്പത്തികമാന്ദ്യവും അനന്തര സാഹചര്യങ്ങളും ഒരു ചുഴലിക്കാറ്റായി നഴ്സിംഗ് രംഗത്തും ആഞ്ഞടിച്ചു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ സാധ്യതകള്‍ കുറഞ്ഞു. ഗള്‍ഫുനാടുകളില്‍ തദ്ദേശീയരായ നഴ്സുമാര്‍ രംഗത്തുവന്നുതുടങ്ങിയതോടെ അവിടെയും സാധ്യതകള്‍ കുറഞ്ഞു. നിരവധി പേര്‍ വിദേശത്തുനിന്നു നാട്ടിലേക്കു മടങ്ങി. സൌദിയിലും മറ്റും വര്‍ഷങ്ങള്‍ ജോലിചെയ്തവര്‍ക്കും പെട്ടെന്നു തൊഴില്‍ നഷ്ടപ്പെട്ടു മടങ്ങേണ്ടിവന്നു. നാട്ടിലാകട്ടെ തൊഴില്‍ പരിശീലനം നേടിയവര്‍ ധാരാളമായി.
എങ്ങനെയെങ്കിലും രണ്ടോ മൂന്നോ വര്‍ഷത്തെ പ്രവൃത്തിപരിചയം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഏതു നിസാര വേതനത്തിനും ജോലി ചെയ്യാന്‍ നഴ്സുമാര്‍ തയാറായി. സ്വകാര്യമേഖല ഈ സാഹചര്യം നന്നായി ഉപയോഗിച്ചു. കേരളത്തില്‍ മാത്രം സര്‍വകലാശാലകള്‍ ഇന്റേണ്‍ഷിപ്പ് സമ്പ്രദായം നിര്‍ബന്ധമാക്കി. അതോടെ കേരളത്തില്‍ അഞ്ചരവര്‍ഷവും കേരളത്തിനു പുറത്തു നാലുവര്‍ഷവും എന്ന ഗതിയിലായ ബിഎസ്സി നഴ്സിംഗ് പഠിക്കാന്‍ സമര്‍ഥരായ കുട്ടികള്‍ കേരളത്തിനു പുറത്തേക്ക് ഒഴുകി. അവരും പഠനശേഷം പ്രവൃത്തിപരിചയം തേടി നാട്ടിലേക്കു മടങ്ങി. അങ്ങനെ സ്വകാര്യ ആശുപത്രികളില്‍ ഉദ്യോഗാര്‍ഥികളുടെ അപേക്ഷകള്‍ കൂമ്പാരമായി.
മക്കള്‍ നഴ്സായാല്‍ വിദേശത്തുനിന്നു സ്വര്‍ണമുട്ടകള്‍ വാരിയെടുക്കാമെന്നു മോഹിച്ച രക്ഷാകര്‍ത്താക്കള്‍ നിരവധിയാണ്. അങ്ങനെ ധാരാളം മലയാളി പെണ്‍കുട്ടികള്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലാകമാനമുള്ള നഴ്സിംഗ് സ്ഥാപനങ്ങളില്‍ പരിശീലനം നേടി. പരിശീലനം നേടിയവര്‍ ധാരാളമുണ്ടായപ്പോള്‍ പൊന്നുവിളയുന്ന നാടുകളില്‍ തീക്കനല്‍ വീണുതുടങ്ങി.
ഇതിനിടെ, അതിര്‍ത്തി ലംഘിച്ചു പുരുഷന്മാരും നഴ്സിംഗ് രംഗത്ത്േക്കു നുഴഞ്ഞു കയറി. പുരുഷന്മാരുടെ കടന്നുകയറ്റം നഴ്സിംഗ് രംഗത്തു പുതിയ പ്രവണതകള്‍ക്കു വഴിവച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി വിദേശത്തു കടക്കാന്‍ ശ്രമിച്ചവര്‍ ഇന്ത്യന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യതയ്ക്കു ഭീഷണിയായി. ബിരുദാനന്തര ബിരുദ നഴ്സിംഗ് പഠനത്തിനു കേരളത്തിനു പുറത്തേക്കു നിരവധിപേര്‍ പോയി. അവര്‍ മടങ്ങിയെത്തിയപ്പോള്‍ ഇവിടെ നഴ്സിംഗ് അധ്യാപകക്ഷാമം പാടേ തീര്‍ന്നു. വൈകി ബുദ്ധി ഉദിച്ച കേരളസര്‍ക്കാര്‍ എംഎസ്സി നഴ്സിംഗ് സീറ്റുകള്‍ സര്‍ക്കാര്‍ കോളജുകളില്‍ 20 എന്നത് 80 ആക്കി. നിലവാര പരിഗണനയില്ലാതെ നിരവധി സ്വകാര്യ കോളജുകളില്‍ എംഎസ്സി അനുവദിച്ച,് സര്‍ക്കാരിനു സീറ്റു നല്കാതിരുന്ന ക്രിസ്ത്യന്‍ മാനേജ്ുമെന്റിനോടു പകരംവീട്ടി. ബിരുദാനന്തര ബിരുദക്കാരുടെ ബാഹുല്യം ഇന്ന് അത്തരം സാധ്യതകളും വഴിമുട്ടിച്ചു.
പ്രവൃത്തിപരിചയം നേടാന്‍ നാട്ടിലെ ആശുപത്രികളില്‍ എത്തിയ നഴ്സുമാര്‍ ഞെട്ടലോടെ ആ യാഥാര്‍ഥ്യം അംഗീകരിച്ചു – വിദേശത്തു സാധ്യതകള്‍ അടയുകയാണ്. എന്നാല്‍ നാട്ടില്‍ പണിയെടുത്തു ജീവിക്കാമെന്നു വിചാരിച്ചാല്‍ അന്തസോടെ ജീവിക്കാന്‍ വരുമാനമില്ല. വായ്പയെടുത്തു പഠിച്ച പല ദരിദ്രവിദ്യാര്‍ഥികളും തകര്‍ന്ന സ്വപ്നങ്ങള്‍ക്കു മീതെ തൂങ്ങിനില്ക്കുന്ന ബാങ്കുകളുടെ വാള്‍ കണ്ടു ഭയന്നു. തിരിച്ചടവില്ലാത്ത വായ്പകള്‍ പെരുകിയതോടെ ബാങ്കുകാര്‍ക്കും ഈ രംഗത്തു താല്പര്യമില്ലതായി. നഴ്സിംഗ് പഠനത്തിനും അപേക്ഷകരുടെ എണ്ണം കുറഞ്ഞുതുടങ്ങി.
പണം മോഹിച്ച് എത്തിയവരും പഠിക്കാന്‍ കഴിവില്ലെങ്കിലും എങ്ങനെയെങ്കിലും സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയെടുത്തവരും നിറഞ്ഞതോടെ നഴ്സിംഗ് രംഗം വഷളായി. നഴ്സുമാരുടെ അശ്രദ്ധയും പരിചയക്കുറവും രോഗികള്‍ക്കു ദുരിതം വിതച്ചുതുടങ്ങി. ആശുപത്രികളുടെ ഗുണനിലവാരം കുറഞ്ഞു. രോഗികള്‍ നിസഹായരും നിരാശരുമായിത്തുടങ്ങി. അവരുടെ പരാതികള്‍ പെരുകി. ആശുപത്രി അധികൃതര്‍ക്ക് കര്‍ശന നിലപാടുകള്‍ സ്വീകരിക്കേണ്ടിവന്നു. ശിക്ഷകളും ശിക്ഷണവും തിരുത്തലുകളും ഏറിവന്നതോടെ അവയുടെ സദുദ്ദേശ്യം തന്നെ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. നഴ്സുമാര്‍ നിസാരമായ വേതനത്തില്‍ ജോലി ചെയ്തു തളര്‍ന്നു.
വിദേശത്തെ പണം മാത്രം സ്വപനം കണ്ട് ഈ രംഗത്തു നുഴഞ്ഞുകയറിയവരും അവരെ പ്രേരിപ്പിച്ച ബന്ധുജനങ്ങളും അടങ്ങുന്ന കേരളസമൂഹമാണ് ഇതിനുത്തരവാദികള്‍. തങ്ങളുടെ സ്വഭാവത്തിനിണങ്ങാത്ത രംഗത്തു കടന്നെത്തിയ പുരുഷന്മാരും നിലവാരം മറന്ന് ആര്‍ക്കും പ്രവേശനം നല്കിയും പരിശീലന കേന്ദ്രങ്ങള്‍ക്ക് മാനദണ്ഡമില്ലാതെ അനുമതി നല്കിയും ഈ രംഗത്തെ നശിപ്പിച്ച നഴ്സിംഗ് കൌണ്‍സിലുകളും (പ്രത്യേകിച്ച് കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് കൌണ്‍സിലുകള്‍) ഉത്തരവാദികള്‍ തന്നെ. സ്വകാര്യ നഴ്സിംഗ് സ്ഥാപനങ്ങളെ മുട്ടുകുത്തിക്കാനിറങ്ങിയ കേരള ഭരണകര്‍ത്താക്കള്‍ക്കും ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
പ്രതിവിധികള്‍
01. സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സിംഗ് വേക്കന്‍സികളില്‍ നിയമനം ഉടന്‍ നടത്തുക.
02. സ്വകാര്യ ആശുപത്രികളുടെ സാമ്പത്തികഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുക. കെട്ടിടനികുതി, വില്പന നികുതി, ഇറക്കുമതിച്ചുങ്കം, വൈദ്യുതി ചാര്‍ജ് തുടങ്ങിയവയില്‍ ആശുപത്രികള്‍ക്കു പരമാവധി ഇളവ് നല്കുക. ഒരു ജില്ലയില്‍ ഒന്നുവീതമെങ്കിലും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് ആശുപത്രികള്‍ സ്ഥാപിക്കുക.
03. മരുന്നുകള്‍, ജീവന്‍രക്ഷാ ഉപകരങ്ങള്‍ എന്നിവയുടെ വില്പന നികുതിയും ഇറക്കുമതി നികുതിയും ഗണ്യമായ രീതിയില്‍ കുറയ്ക്കുക.
04. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ വ്യാപകമാക്കുക. സാധ്യമെങ്കില്‍ നിര്‍ബന്ധമാക്കുക. അങ്ങനെ, വര്‍ധിച്ചു കൊണ്ടിരിക്കുന്ന ചികിത്സാഭാരം നേരിടാന്‍ രോഗികളെ തയാറാക്കുക.
05. ബിരുദാനന്തര ബിരുദ നഴ്സിംഗ് പഠനത്തിന് ക്ളിനിക്കല്‍ നഴ്സിംഗ് സ്പെഷലൈസേഷന്‍, എച്ച്ഐവി നഴ്സിംഗ് എന്നിവ ആരംഭിക്കുക. ഇതുവഴി വിദേശത്തും ഇന്ത്യയിലും നഴ്സുമാര്‍ക്ക് പുതിയ വാതായനങ്ങള്‍ തുറക്കുക. നഴ്സ് പ്രാക്ടീഷണര്‍മാരുണ്െടങ്കില്‍ ഗ്രാമീണ മേഖലയില്‍ ഡോക്ടര്‍മാരുടെ അഭാവവും പരിഹരിക്കാം.
06. ആതുരശുശ്രൂഷാ രംഗത്തു രാഷ്ട്രീയ താല്പര്യങ്ങള്‍ നോക്കാതെ പ്രശ്നപരിഹാരങ്ങള്‍ തേടുക. സമരവും ബഹിഷ്കരണവും മൂലം രോഗികള്‍ അവഗണിക്കപ്പെടാന്‍ അനുവദിക്കരുത്.
7. ഗ്രാമീണ മേഖലയിലെ ആശുപത്രികള്‍ക്ക് ഉദാരമായ സഹായവും സാമ്പത്തിക പിന്തുണയും നല്കുക.
8. വലിയ ആശുപത്രികളില്‍ (100 കിടക്കകളില്‍ കൂടുതലുള്ള) ആശുപത്രി മാനേജ്മെന്റില്‍ പരിശീലനം നേടിയവര്‍ ഭരണരംഗത്ത് ഉണ്ടാവണമെന്നു നിയമമാക്കുക. കെടുകാര്യസ്ഥതയും സാമ്പത്തിക പരാധീനതകളും നിയന്ത്രിക്കാന്‍ ഇതു സഹായകമാകും. ബിരുദം നേടിയ നഴ്സുമാര്‍ക്ക് ഈ രംഗത്ത് അവസരങ്ങളും ലഭ്യമാകും.
09. ആശുപത്രികളുടെ ഗുണനിലവാരം, ഭരണനിര്‍വഹണം, ജീവനക്കാരുടെ ക്ഷേമം എന്നിവ ഉറപ്പാക്കാന്‍ ഏകജാലക സംവിധാനവും സംസ്ഥാനതല ഗുണനിലവാരസമിതിയും സ്ഥാപിക്കുക.
10. നഴ്സിംഗ് രംഗത്ത് പ്രവേശന മാനദണ്ഡങ്ങള്‍, പരിശീലനം നടത്താനുള്ള യോഗ്യതകള്‍, പാഠ്യപദ്ധതി എന്നിവ സമ്പൂര്‍ണ പുനര്‍വിചിന്തനത്തിനു വിധേയമാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല