സ്വന്തം ലേഖകന്‍: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്ന് ആദായനികുതി വകുപ്പ് ഒന്നരക്കോടി രൂപ പിടിച്ചെടുത്തു. കുവൈത്തിലേക്ക് മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കരാറെടുത്തിരുന്ന ഏജന്‍സി ഓഫീസില്‍ നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്.
കൊച്ചി മരടിലുള്ള ഏജന്‍സി ഓഫീസില്‍ നിന്ന് പണം പുറത്തേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ് ആദായനികുതി വകുപ്പ് കൈയ്യോടെ പിടികൂടിയത്. പണം കൊണ്ടുപോകാനെത്തിയ കാറും ഡ്രൈവറും പിടിയിലായിട്ടുണ്ട്.
ഏജന്‍സിക്ക് ചങ്ങനാശേരിയിലും ബങ്കളുരുവിലും ഓഫീസുകളുണ്ട്. ഇവിടങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തുമെന്നാണ് സൂചന. ഈ മാസം 30 വരെ മാത്രമേ സ്വകാര്യ ഏജന്‍സികള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കഴിയൂ.
30 ശേഷം എല്ലാം റിക്രൂട്ട്‌മെന്റുകളും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാകുന്നതിനാല്‍ കാലാവധി തീരും മുമ്പ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് പരമാവധി പണം തട്ടിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണ്. ഇന്റര്‍വ്യൂ നടത്തി പണം നല്‍കിയാലും ഈ മാസം 30 മുമ്പ് ഇവരെ അതാത രാജ്യങ്ങളില്‍ എത്തിക്കാനാവില്ലെന്ന് ഉറപ്പാണ്.
എന്നിട്ടും അഞ്ചു മുതല്‍ എട്ടു ലക്ഷം വരെ നല്‍കാന്‍ തയ്യാറായി ഭാഗ്യ പരീക്ഷകര്‍ സ്വകാര്യ ഏജന്‍സികളെ തേടി എത്തുകയും വഞ്ചിതരാകുകയും ചെയ്യുന്നത് തുടരുന്നു. നേരത്തെ കുവൈത്തിലെ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിലെ സൂത്രധാരന്മാരായ അല്‍ ഷറഫ എന്ന ഏജന്‍സി ഇപ്പോള്‍ സിബിഐ അന്വേഷണം നേരിടുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല