സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടപടികള്‍ താളം തെറ്റുന്നു. സ്വകാര്യ ഏജന്‍സികളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ചുമതല ഏറ്റെടുത്ത സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക, ഒഡേപെക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ സമയം വേണമെന്ന് നോര്‍ക്ക മന്ത്രി കെസി ജോസഫ് പറഞ്ഞു.
അതുവരെ നഴ്‌സുമാര്‍ക്ക് വിദേശത്തേക്ക് പോകാന്‍ ഉത്തരവില്‍ ഇളവ് വരുത്തണമെന്ന് കെസി ജോസഫ് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഏപ്രില്‍ മുപ്പതിന് ശേഷം പതിനെട്ട് ജിസിസി രാജ്യങ്ങളിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിമാത്രമേ പാടുള്ളൂവെന്നാണ് വിദേശകാര്യ മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
കേരളത്തിലെ നോര്‍ക്ക, ഒഡേപെക് എന്നിവയ്ക്കാണ് റിക്രൂട്ട്‌മെന്റ് ചുമതല ഏല്‍പിച്ചിരിക്കുന്നത്. എന്നാല്‍ മതിയായ സംവിധാനങ്ങള്‍ ഇതുവരെ ആയിട്ടില്ല. ഉത്തരവ് നിലവില്‍ വന്നതോടെ നഴ്‌സുമാര്‍ക്ക് വിദേശത്തേക്ക് കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വകാര്യ ഏജന്‍സികള്‍ വശി വിദേശത്തു പോകാനെത്തിയ നഴ്‌സുമാരെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വിവിധ വിമാനത്താവളങ്ങളില്‍ തടഞ്ഞിരുന്നു.
ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഉത്തരവില്‍ ഇളവ് വരുത്തണമെന്നാണ് നോര്‍ക്ക മന്ത്രി കെസി ജോസഫ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ പേരില്‍ സ്വകാര്യ ഏജന്‍സികളുടെ തട്ടിപ്പ് വ്യാപകമായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ റിക്രൂട്ട്‌മെന്റ് നടത്താവൂ എന്ന് ഉത്തരവിറക്കിയത്. കുവൈത്ത് മാത്രമാണ് ഇതുവരെ നഴ്‌സുമാരെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഏജന്‍സികളെ സമീപിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല