സ്വന്തം ലേഖകന്‍: വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് ഫേസ്ബുക്കിലൂടെ തട്ടിപ്പു നടത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി. നഴ്‌സിംഗ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്ന് കാണിച്ച് ഫേസ്ബുക്കില്‍ പരസ്യം നല്‍കി തട്ടിപ്പു നടത്തിയ കണ്ണൂര്‍ മൂന്നാംപീടിക സ്വദേശി പുന്നത്ത് മിഥുന്‍, കോട്ടയം മോനിപ്പള്ളി മേച്ചേരി വീട്ടില്‍ ജോസഫ് സേവ്യര്‍ എന്നിവരാണ് അറസ്റ്റിലായത്. ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം.
ബങ്കളുരുവിലെ ബണ്ണാര്‍ഘട്ടില്‍ വച്ചാണ് സംഘത്തെ പോലീസ് വലയിലാക്കിയത്. വ്യാജ പരസ്യം നല്‍കി 7,30,000 രൂപ തട്ടിയെടുത്തുന്ന കോട്ടയം സ്വദേശിനി ഷീജാറാണിയുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി ഉദ്യോഗാര്‍ഥികള്‍ ഇവരുടെ തട്ടിപ്പിന് ഇരയായതായാണ് സൂചന.
ജനറല്‍ നഴ്‌സിംഗ് ബിരുദധാരി കൂടിയായ ജോസഫ് സേവ്യറുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ബിഎസ്സി നഴ്‌സിംഗ് ഒദ്യോഗാര്‍ഥികളുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കി ജോലി വാഗ്ദാനം ചെയ്താണ് ഉദ്യോഗാര്‍ഥികളെ കെണിയിലാക്കിയിരുന്നത്. ക്വാളിറ്റി നഴ്‌സസ് എന്ന പേരില്‍ ഒരു വെബ് സൈറ്റും, നൈറ്റിംഗ്ഗേള്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ ഗ്രൂപ്പും ഉണ്ടാക്കിയായിരുന്നു പ്രവര്‍ത്തനം.
ഗ്രൂപ്പ് പേജില്‍ നഴ്‌സിംഗ് ബിരുദധാരികളെ ആവശ്യമുണ്ടെന്ന പരസ്യം വ്യാജ ഐഡി ഉപയോഗിച്ച് മിഥുന്റെ ഫോണ്‍ നമ്പര്‍ സഹിതം പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ഫോണ്‍ നമ്പറിലേക്ക് വിളിച്ച ഉദ്യോഗാര്‍ഥികളുമായി മിഥുന്‍ ഫോണിലൂടെ ഇന്റര്‍വ്യൂ നടത്തി ഉദ്യോഗാര്‍ഥികളോട് എറണാകുളം യൂണിയന്‍ ബേങ്കിലെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
പണം നല്‍കാന്‍ സംശയം പ്രകടിപ്പിക്കുന്ന ഉദ്യോഗാര്‍ഥികളോട് ബങ്കളുരുവിലെ ഏതെങ്കിലും വ്യാജ ഓഫീസ് അഡ്രസ് നല്‍കി അവിടെ നേരിട്ട് വന്ന് പണം അടച്ച് രസീത് വാങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് പതിനഞ്ച് ദിവസത്തിനു ശേഷം ഫോണ്‍ നമ്പര്‍ സ്വിച്ച് ഓഫ് ആക്കി മുങ്ങുകയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തന രീതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല