സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ നിയമനം ഒഡെപെക്, നോര്‍ക്ക റൂട്ട്‌സ് എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ലോക രാജ്യങ്ങള്‍ അംഗീകരിക്കുമെന്നു പ്രതീക്ഷ. നിയമം പ്രാബല്യത്തില്‍ വരുന്ന ഏപ്രില്‍ 30 മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ റിക്രൂട്ട്‌മെന്റ് നടത്താന്‍ കഴിയൂ.
നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സംവിധാനം തീരുമാനിക്കാനുള്ള അധികാരം അതാതു രാജ്യത്തിനാണ്. ഫിലിപ്പീന്‍സില്‍ നിന്നുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് നടത്തുന്നത് വര്‍ഷങ്ങളായി അവിടത്തെ സര്‍ക്കാര്‍ സംവിധാനമായ ഫിലിപ്പീന്‍സ് ഓവര്‍സീസ് എംപ്ലോയ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (പിഒഇഎ) വഴിയാണ്.
അതേസമയം, ഇന്ത്യയുടെ പുതിയ തീരുമാനം കുവൈത്ത് ഏജന്‍സികള്‍ ഇന്ത്യന്‍ നഴ്‌സുമാരെ ഒഴിവാക്കാന്‍ കാരണമാകും എന്ന് സ്വകാര്യ ഏജന്‍സികള്‍ വ്യാജ പ്രചാരണം നടത്തുന്നുണ്ട്. എന്നാ ഏതു രാജ്യത്തുനിന്നുള്ള നഴ്‌സുമാരെയാണ് വേണ്ടതെന്നു തീരുമാനിക്കുന്നതു കുവൈത്ത് ആരോഗ്യമന്ത്രാലയമാണ്. ഇന്ത്യക്കാരെ വേണമെന്നു മന്ത്രാലയം ആവശ്യപ്പെട്ടാല്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് ഇന്ത്യന്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്‌തേ മതിയാകൂ.
അഴിമതി ആരോപണം ശക്തമായതിനെ തുടര്‍ന്ന് ഇടനിലക്കാരെ മുഴുവന്‍ തുടച്ചു നീക്കാനാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം. ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള രാജ്യമാണ് കുവൈത്ത്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ റിക്രൂട്ട്‌മെന്റ് രീതി വ്യത്യസ്തമാണ്. ഖത്തറിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പ്രധാനമായും മുംബൈ കേന്ദ്രമാക്കിയുള്ള രണ്ട് ഏജന്‍സികളാണു നടത്തുന്നത്. അടുത്തമാസം മുതല്‍ ഖത്തറിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ ചില മാറ്റങ്ങള്‍ വന്നേക്കുമെന്ന് സൂചനയുണ്ട്.
യുഎഇയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് അതാത് ആശുപത്രികള്‍ നേരിട്ടാണ്. ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നിയമനത്തിനും സര്‍ക്കാര്‍ വലിയ ആശുപത്രികളെ ആശ്രയിക്കുകയാണു ചെയ്യുന്നത്. നാട്ടിലെ ആദ്യ ഘട്ട ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ യുഎഇയിലെത്തി നിശ്ചിത പരീക്ഷ പാസാകണം. ചെലവുകള്‍ അതാതു സ്ഥാപനം വഹിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല