സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വിദേശത്തേക്ക് ഇന്ത്യയില്‍നിന്നു നഴ്‌സുമാരെ തിരഞ്ഞെടുത്തയയ്ക്കുന്ന ചുമതല ഒഡെപെക്കിനെയും നോര്‍ക്കയെയും കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിച്ച സാഹചര്യത്തില്‍, രണ്ട് ഏജന്‍സികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം തീരുമാനിച്ചു. റിക്രൂട്ട്‌മെന്റ് സുതാര്യവും അഴിമതി രഹിതവുമാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഏപ്രില്‍ 30നു ശേഷം നോര്‍ക്ക, ഒഡെപെക് എന്നിവ വഴി പോകുന്ന ഇന്ത്യന്‍ നഴ്‌സുമാര്‍ക്കു മാത്രമേ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കൂ. ഈ സാഹചര്യത്തില്‍ കേരളത്തിനു പുറത്തുള്ള മെട്രോ നഗരങ്ങളില്‍ ഈ രണ്ട് ഏജന്‍സികളുടെയും സംവിധാനം ശക്തമാക്കുമെന്നും കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.
പ്രാരംഭ ചര്‍ച്ചകള്‍ക്കായി നോര്‍ക്ക റൂട്ട്‌സിന്റെയും ഒഡെപെക്കിന്റെയും സെക്രട്ടറിമാര്‍ അടങ്ങുന്ന സംഘം ഏപ്രില്‍ ആറിനുശേഷം കുവൈത്തില്‍ പോയി ഇന്ത്യന്‍ എംബസിയും കുവൈത്ത് അധികൃതരുമായും ചര്‍ച്ച നടത്തും. ആകെ റിക്രൂട്ട്‌മെന്റിന്റെ 15 മുതല്‍ 20 ശതമാനം വരെയാണ് ഇതുവരെ ഒഡെപെക് നടത്തിയിരുന്നതെങ്കില്‍ ഇനി സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി ഈ രണ്ടു സര്‍ക്കാര്‍ ഏജന്‍സികള്‍ ഈ ജോലി പൂര്‍ണമായും ഏറ്റെടുക്കുകയാണ്.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, മലേഷ്യ, ലിബിയ, ജോര്‍ദാന്‍, യമന്‍, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്‍ഡോനേഷ്യ, സിറിയ, ലബനോന്‍, തായ്‌ലന്‍ഡ്, ഇറാഖ് രാജ്യങ്ങളിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റാണു കേരള സര്‍ക്കാരിന്റെ ഏജന്‍സികളെ കേന്ദ്രം ഏല്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ലിബിയ, ഇറാഖ് എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അവിടേക്കു കേരളത്തില്‍നിന്ന് ആരെയും അയയ്ക്കരുതെന്നു വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് മുഖ്യമന്ത്രിക്കു കത്തയച്ചിട്ടുണ്ട്.
റിക്രൂട്ട്‌മെന്റ് അഴിമതി സംബന്ധിച്ച് ഒട്ടേറെ പരാതി ലഭിച്ച സാഹചര്യത്തിലാണു കേന്ദ്രസര്‍ക്കാര്‍ ചുമതല കേരള ഏജന്‍സികളെ ഏല്‍പ്പിച്ചത്. ഒഡെപെക് ഇപ്പോള്‍ ഫീസ് ഇനത്തിലും ക്ഷേമനിധിയിലേക്കുമായി വാങ്ങുന്ന 60,000 രൂപയേ തുടര്‍ന്നും ഈടാക്കുകയുള്ളൂ.
വിദേശ രാജ്യങ്ങളില്‍നിന്നു വരുന്നവരായിരിക്കും പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി നഴ്‌സുമാരെ തിരഞ്ഞെടുക്കുക. അവര്‍ക്ക് എല്ലാ സൗകര്യവും ഒഡെപെക്കും നോര്‍ക്കയും ചെയ്തുകൊടുക്കുമെന്നു കെ.സി. ജോസഫ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല