സ്വന്തം ലേഖകന്‍: വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ചെലവുകള്‍ തൊഴിലുടമ വഹിക്കണമെന്നും അത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസായി ഈടാക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മൂന്നു ഏജന്‍സികള്‍ക്ക് മാത്രമായിരിക്കും റിക്രൂട്ട്‌മെന്റ് ചുമതല എന്നും കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി സ്ഥിരീകരിച്ചു.
കേരളത്തിലെ നോര്‍ക്ക, റൂട്ട്‌സ്, ഒഡെപെക്, തമിഴ്‌നാട് സര്‍ക്കാറിന്റെ കീഴിലുള്ള ഓവര്‍സീസ് മാന്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് നിയമന നടത്താനുല്‍അ അധികാരം. മറ്റു ഏജന്‍സികള്‍ വഴി ഇനി മുതല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് നിയമനം ഉണ്ടാകില്ലെന്നാണ് എംബസി വാര്‍ത്താ കുറിപ്പിലൂടെ സ്ഥിരീകരിച്ചത്.
റിക്രൂട്ട്‌മെന്റിനു മുമ്പോ ജോലിയില്‍ പ്രവേശിച്ച ശേഷമോ നിയമനത്തിന്റെ പേരില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് യാതൊരു ഫീസും ഈടാക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. നിയമനം സംബന്ധിച്ച ചെലവുകള്‍ അതതു രാജ്യങ്ങളിലെ തൊഴില്‍ ദാതാവോ ബന്ധപ്പെട്ട ഏജന്‍സികളോ വഹിക്കണം. .
കുവൈത്ത് അടക്കം എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമായ 18 രാജ്യങ്ങളിലേക്കുമുള്ള നഴ്‌സ് നിയമനത്തിനു കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമായിരിക്കും. കുവൈത്തിലേക്ക് ഇന്ത്യന്‍ നഴ്‌സുമാരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ എംബസ്സിയുടെ ഇ മൈഗ്രേറ്റ് സംവിധാനത്തിലൂടെ അപേക്ഷ നല്‍കണമെന്നും അല്ലാത്ത പക്ഷം എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കില്ലെന്നും കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ വ്യക്തമാക്കിയിരുന്നു.
അതെ സമയം കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിദേശ രാജ്യങ്ങള്‍ അംഗീകരിക്കുമോ എന്നാ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി സംഘം കഴിഞ്ഞ മാസം കുവൈത്ത് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇത് വരെ നയം വ്യക്തമാക്കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല