സ്വന്തം ലേഖകന്‍: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ മറവില്‍ തട്ടിപ്പുകള്‍ വ്യാപകമായതോടെ വിദേശ രാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം നല്‍കിയുള്ള അറിയിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്നു നോര്‍ക്കയുടെ മുന്നറിയിപ്പ്. മേയ് ഒന്നു മുതല്‍ വിദേശ നഴ്‌സിങ് റിക്രൂട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമായിരിക്കെ, ചില സ്വകാര്യ ഏജന്‍സികള്‍ ഇപ്പോഴും റിക്രൂട്ടമെന്റ് നടപടികളുമായി മുന്നോട്ട് പോകുകയാണ്.
ഉദ്യോഗാര്‍ഥികളില്‍ നിന്നും 25 ലക്ഷം രൂപ വീതമാണ് ഏജന്‍സികള്‍ പ്രതിഫലം വാങ്ങുന്നതെന്നാണ് സൂചന. സ്വകാര്യ ഏജന്‍സികളുടെ കാലാവധി അവസാനിക്കുന്ന ഏപ്രില്‍ മുപ്പതിനകം തിരഞ്ഞെടുക്കപ്പെടുന്നവരെ അതാതു രാജ്യങ്ങളില്‍ എത്തിക്കാമെന്നാണ് വാഗ്ദാനം.
അതേസമയം, ഇതു പ്രായോഗിഗമല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. റിക്രൂട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കിയ ഉത്തരവ് ലഭിച്ചിട്ടില്ലെന്നു തെറ്റിദ്ധരിപ്പിച്ചും തട്ടിപ്പു നടക്കുന്നുണ്ട്.
ബങ്കളൂരു പോലുള്ള നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം ഏജന്‍സികളുടെ പ്രവര്‍ത്തനം വ്യാപകമെന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നു നോര്‍ക്ക ബങ്കളൂരു സ്‌പെഷല്‍ ഓഫിസര്‍ ട്രീസ തോമസ് പറഞ്ഞു. ഇന്നും ഇന്റര്‍വ്യു ഉള്ളതായി ചില ഏജന്‍സികള്‍ പരസ്യം ചെയ്ത സാഹചര്യത്തിലാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല