സ്വന്തം ലേഖകന്‍: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥ പരിശോധിക്കുന്നതിന് വിദഗ്ദ സമിതി വേണമെന്ന് സുപ്രീം കോടതി ഉത്തരവ്. നാലു മാസത്തിനകം വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സേവന വേതന വ്യവസഥ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആറു മാസത്തിനകം മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണം.
സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെച്ചും മറ്റും ആശുപത്രികളിലും നഴ്‌സിങ് ഹോമുകളിലും നഴ്‌സുമാരെ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. നാലാഴ്ചക്കകം വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലെയും സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്‌സുമാരുടെ അവസ്ഥ എങ്ങനെയാണെന്നു സമിതി പരിശോധിക്കണം.
വിദഗ്ധ സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തേണ്ടത്. ആറുമാസത്തിനുള്ളില്‍ വ്യവസ്ഥാപിതമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതിനു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും വേണം. സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്കുള്ള സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് വിശദ പഠനം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട കോടതി വളരെ കുറഞ്ഞ വേതനം പറ്റിയാണ് നഴ്‌സുമാരും ആശുപത്രി ജീവനക്കാരും ജോലി ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല