പ്രകാശത്തേക്കാള്‍ വേഗതയില്‍ ന്യൂട്രിനോ കണങ്ങള്‍ സഞ്ചരിക്കുന്നില്ലെന്നു യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ന്യൂക്ളിയര്‍ റിസര്‍ച്ച് ശാസ്ത്രജ്ഞര്‍. കഴിഞ്ഞവര്‍ഷം ഇവര്‍ നടത്തിയ പരീക്ഷണത്തിലാണു ന്യൂട്രിനോകള്‍ക്ക് പ്രകാശത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നു കണ്െടത്തിയതായി പറഞ്ഞിരുന്നത്. ആദ്യ പരീക്ഷണം സാങ്കേതിക പിഴവാകാനാണു സാധ്യതയെന്നും അന്തിമതീരുമാനം മേയില്‍ ഉണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.
സേണിലെ ഒപേര പദ്ധതിയിലെ ഗവേഷകര്‍ കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ന്യൂട്രിനോകളുടെ വേഗമളന്ന് ശാസ്ത്രലോകത്ത് കോളിളക്കം സൃഷ്ടിച്ചത്. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലുള്ള ‘സേണി’ല്‍ നിന്ന് ഇറ്റലിയില്‍ റോമിനടുത്തുള്ള ഗ്രാന്‍ സാസോ ഗവേഷണശാലയിലേക്ക് ന്യൂട്രിനോ തൊടുത്തുവിട്ട് നടത്തിയ പരീക്ഷണത്തില്‍ അവര്‍ കണ്ടെത്തിയത് പ്രകാശവേഗത്തേക്കാള്‍ 0.002 ശതമാനം അധികമാണ് ന്യൂട്രിനോയുടെ വേഗം എന്നായിരുന്നു.
പ്രകാശത്തേക്കാള്‍ വേഗത്തിലാണ് ന്യൂട്രിനോകള്‍ സഞ്ചരിക്കുന്നതെന്നുവന്നാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തവും അതിനെ പിന്തുടര്ന്നുവന്ന ആധുനിക ഭൗതിക ശാസ്ത്ര സിദ്ധാന്തങ്ങളും തിരുത്തേണ്ടി വരും. അതുകൊണ്ടുതന്നെ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുമതി ഇക്കാര്യം സ്ഥിരീകരിക്കുന്നതെന്ന് അവര്‍ തീരുമാനിച്ചു.
അതിന്റെ ഭാഗമായിരുന്നു സ്വതന്ത്രമായ മറ്റൊരു പരീക്ഷണം. പ്രകാശത്തിന്റെ അതേ വേഗത്തിലാണ് ന്യൂട്രിനോകള്‍ സഞ്ചരിക്കുന്നത് എന്നാണ് അവരുടെ കണക്കുകൂട്ടലില്‍ കണ്ടത്. ഒപേര സംഘത്തിന്റെ പരീക്ഷണത്തിനുപയോഗിച്ച ചില ഉപകരണങ്ങളില്‍ പാകപ്പിഴകളുണ്ടായിരുന്നെന്ന് കഴിഞ്ഞ മാസം സൂചന ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല