നൈജീരിയയുടെ വടക്കന്‍ പട്ടണമായ കാനുവിലെ ബയേറോ സര്‍വകലാശാലയില്‍ രണ്ടു ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കുനേരെ ഞായറാഴ്ച നടന്ന ആക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു. ഇതിനിടെ, കെനിയയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പതിനാറുപേര്ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
കാനുവിലുണ്ടായ വെടിവയ്പിലും സ്ഫോടനത്തിലും അനവധിപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. നൈജീരിയയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങളില്‍ ഒടുവിലത്തേതാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ആക്രമണത്തിനു പിന്നില്‍ ബൊക്കോ ഹറാം തീവ്രവാദികളാണെന്നു സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
സര്‍വകലാശാലാ വളപ്പില്‍ പ്രാര്‍ഥനാലയമായി ഉപയോഗിക്കുന്ന രണ്ടു ഹാളുകള്‍ക്കു നേരേ മോട്ടോര്‍സൈക്കിളുകളിലെത്തിയ അക്രമികള്‍ സ്ഫോടകവസ്തുക്കളെറിയുകയും വെടിവയ്ക്കുകയുമായിരുന്നു. പ്രാര്‍ഥനാ സമയത്തു നടന്ന ആക്രമണം അരമണിക്കൂറോളം നീണ്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചപ്പോള്‍ രക്ഷപ്പെട്ട തീവ്രവാദികള്‍ നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും വെടിവയ്പു നടത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ടുണ്ട്. കൃത്യമായ മരണസംഖ്യ ഇപ്പോള്‍ പറയാനാവില്ലെന്നു സൈനിക വക്താവ് പറഞ്ഞു.
വടക്കന്‍ നൈജീരിയയില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബൊക്കോ ഹറാം നടത്തിയ ആക്രമണങ്ങളില്‍ ഈ വര്‍ഷം ഇതുവരെ നൂറുകണക്കിനുപേരാണു കൊല്ലപ്പെട്ടത്. കെനിയയിലെ നയ്റോബിക്കു സമീപം എന്ഗാരയിലുള്ള ഗോഡ്സ് ഹൌസ് ഓഫ് മിറക്കിള്‍ പള്ളിയിലാണ് ആക്രമണമുണ്ടായത്.
ആരാധനാസമയത്ത് അക്രമി പള്ളിക്കുള്ളിലേക്കു ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. അല്‍ ഷബാബ് എന്ന തീവ്രവാദി സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. അല്‍ ഖായിദയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അല്‍ ഷബാബ്. സൊമാലിയന്‍ ഇസ്ലാമിക തീവ്രവാദികളെ അമര്‍ച്ചചെയ്യാന്‍ കെനിയ പട്ടാളത്തെ അയച്ചതിനുശേഷമാണ് കെനിയയില്‍ ആക്രമണപരമ്പര തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല